CRIME STORY KERALA Main Banner TOP NEWS

ഷാരോണിനെ കൊന്നത് കൂട്ടുകാരി; കഷായത്തിൽ വിഷം കലർത്തിയെന്ന് സമ്മതിച്ച് പെൺകുട്ടി

തിരുവനന്തപുരം: പാറശാലയിൽ ഷാരോൺ രാജിന്റെ (23) മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകിയെന്ന് കൂട്ടുകാരിയായ ഗ്രീഷ്മ സമ്മതിച്ചു.
ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനെത്തുടർന്ന് ഷാരോണിനെ ഒഴിവാക്കാനാണ് കൊലപാതകം നടത്തിയതെന്ന് പെൺകുട്ടി പറഞ്ഞു.
അന്ധവിശ്വാസത്തിന്റെ പേരിലാണ് മകനെ ഒഴിവാക്കാൻ തീരുമാനിച്ചതെന്നാണ് ഷാരോണിന്റെ കുടുംബം ആരോപിച്ചു. ഒക്ടോബറിന് മുൻപ് വിവാഹം നടക്കണമെന്നും ആദ്യ ഭർത്താവ് മരിക്കുമെന്നും പെൺകുട്ടിയുടെ കുടുംബം വിശ്വസിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം സത്യമാണെന്ന് ഇപ്പോൾ തെളിഞ്ഞതായി ഷാരോണിന്റെ മാതാവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.


സെപ്തംബർ 14ന് റെക്കാഡ് ബുക്ക് തിരിച്ചുവാങ്ങാൻ തമിഴ്നാട്ടിൽ രാമവർമ്മൻ ചിറയിലുളള പെൺകുട്ടിയുടെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം പോയ ഷാരോൺ രാജ് ഛർദ്ദിലും ദേഹാസ്വാസ്ഥ്യവുമായാണ് തിരികെ വന്നത്. യുവതി നൽകിയ കഷായവും ജ്യൂസും കുടിച്ച ശേഷമാണ് അസ്വസ്ഥതകൾ ഉണ്ടായിത്തുടങ്ങിയത്. പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 25ന് മരണമടഞ്ഞു.


ആദ്യം വിവാഹം കഴിക്കുന്ന ഭർത്താവ് പെട്ടെന്ന് മരിക്കുമെന്ന അന്ധവിശ്വാസം ഗ്രീഷ്മയുടെ കുടുംബത്തിനുണ്ടായിരുന്നു എന്ന് വെളിവാക്കുന്ന വാട്സാപ്പ് ചാറ്റുകൾ മുൻപ് പുറത്തുവന്നിരുന്നു. എന്നാൽ ഇത് അന്ധവിശ്വാസമെന്ന് തെളിയിക്കാൻ ഷാരോൺ വെട്ടുകാട് പളളിയിൽ ഗ്രീഷ്മയെ കൂട്ടിക്കൊണ്ടുപോയി കുങ്കുമം ചാർത്തിയ ശേഷം വീട്ടിലെത്തി താലികെട്ടിയിരുന്നെന്ന് ഷാരോണിന്റെ വീട്ടുകാർ പറഞ്ഞു.
കൊലപാതകത്തിനായി ഗ്രീഷ്മ ഗൂഗിളിൽ പരതിയതിന്റെ തെളിവും പൊലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസമാണ് കേസിൽ പ്രത്യേക ക്രൈംബ്രാഞ്ച് സംഘം അന്വേഷണം തുടങ്ങിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *