മിൽമ പുതിയ മൂല്യവർദ്ധിത ഉല്പന്നങ്ങൾ വിപിണിയിലിറക്കി

തിരുവനന്തപുരം: പാലിന്റെ ഉല്പാദനക്ഷമതയിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരകർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ പാലിനും വിപണ ഉറപ്പാക്കുന്നതിന്റേയും വിപണന ശൃംഖല വിപുലീകരിക്കുന്നതിന്റേയും ഭാഗമായി മിൽമ പുതിയ ഉല്പന്നങ്ങൾ വിപണിയിലിറക്കുന്നതിന്റെ മേഖലാ തല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. നിലവിൽ മിൽമ കേരളത്തിൽ മാത്രം നാല്പതോളം പാലുല്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. മിൽമയ്ക്ക ലഭിക്കുന്ന ലാഭത്തിന്റെ 80 ശതമാനവും ക്ഷീരകർഷകരുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു.
ഗതാഗതമന്ത്രി ആന്റണി രാജു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പാൽവില്പനയിൽ നിന്നുള്ള വരുമാനത്തിന് പുറമെ പാലുല്പന്നങ്ങളുടെ വിപണി കൂട്ടുന്നതിലൂടെ കൂടുതൽ ലാഭവും വരുമാനവും ക്ഷീരകർഷകർക്ക് ലഭ്യമാക്കാനാണ് മിൽമയുടെ തിരുവന്തപുരം മേഖലാ യൂണിയൻ ശ്രമിക്കുന്നതെന്ന് മിൽമ തിരുവനന്തപുരം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ എൻ. ഭാസുരാംഗൻ പറഞ്ഞു.
മിൽമ തിരുവനന്തപുരം യൂണിയൻ എംഡി ഡി.എസ്. കോണ്ട റിപ്പോർട്ട് അവതരിപ്പിച്ചു. ഉപഭോക്താവിന്റെ ആരോഗ്യസംരക്ഷണത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും പുതുതായി വിപണിയിലറക്കിയ മിൽമ ഉല്പന്നങ്ങൾ ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപരുരം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ വി.എസ്. പത്മകുമാർ, കെ.ആർ. മോഹനൻ പിള്ള, തിരുവനന്തപുരം ഡയറി മാനേജർ ജെസി ആർഎസ്. എന്നിവർ സംസാരിച്ചു.
മൂല്യവർദ്ധിത പാലുല്പന്നങ്ങളായ പ്രോ ബയോട്ടിക് ഗ്രീക്ക് യോഗർട്ട് ( രണ്ടണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യം), മിനി കോൺ മിൽക് സിപ്പ് അപ്പ്, ഫ്രൂട്ട് ഫൺഡേ എന്നിവയാണ് വിപണിയിലിറക്കിയത്.
ഫ്രൂട്ട് ഫൺഡേ (125 എംഎൽ)- 40 രൂപ, പ്രോ ബയോട്ടിക് ഗ്രീക്ക് യോഗർട്ട് ( 100 ഗ്രാം) – 50 രൂപ, മിനി കോൺ (60 എംഎൽ)- 20 രൂപ, നാല് ഫ്‌ളേവറുകളിലുള്ള മിൽക് സിപ് അപ്പ് ചോക്ലേറ്റ് – 25 രൂപ എന്നിങ്ങനേയാണ് പുതിയ ഉല്പന്നങ്ങളുടെ വില നിശ്ചയിച്ചിരിക്കുന്നത്.