ഗവർണർക്ക് എതിരെ പറഞ്ഞത് പറയാൻ പാടില്ലാത്തത്; അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി: കെ സുരേന്ദ്രൻ

കോഴിക്കോട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമം നടപ്പിലാക്കാനാണ് ശ്രമിക്കുന്നത്. ചാൻസലറുടെ അധികാരത്തിൽ കടന്നുകയറുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കുറ്റപ്പെടുത്തി.
കെടിയു വിസി നിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ സർവകലാശാലകൾക്കും ബാധകമാണ്. അത് നടപ്പിലാക്കാനാണ് ഗവർണർ ചാൻസലർ സ്ഥാനത്ത് ഇരിക്കുന്നത്. മുഖ്യമന്ത്രിയുടേത് വസ്തുതാ വിരുദ്ധമായ വാദമാണ്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ ഗവർണർക്ക് എതിരെ പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറഞ്ഞു.
ജനങ്ങളെ അണിനിരത്തി നേരിടുമെന്നത് വെല്ലുവിളിയാണ്. പാർട്ടി സെക്രട്ടറിയെ പോലെയല്ല മുഖ്യമന്ത്രി സംസാരിക്കേണ്ടത്. ഇരിക്കുന്ന കസേരയുടെ പദവി അറിയാതെയാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. അധാർമ്മികമായ കാര്യങ്ങൾ നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. സ്വർണക്കള്ളക്കടത്തും അനധികൃത നിയമനങ്ങളും നടന്നു. ഉന്നത വിദ്യാഭ്യാസം തകർക്കുന്നത് പാർട്ടിയും സർക്കാരുമാണ്. മന്ത്രിമാർ ഭരണത്തലവനെ അവഹേളിക്കുകയാണ്. അതിലെന്ത് ധാർമ്മികതയാണ് ഉള്ളത്? ജനങ്ങളെ ഭിന്നിപ്പിക്കാൻ നോക്കുന്നുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
