കേഡർ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: വിസിമാരുടെ രാജിയുമായി ബന്ധപ്പെട്ട വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെയും ഗവർണറുടെ രൂക്ഷ വിമർശനം.വിസിമാർ രാജിവെക്കേണ്ടതില്ലെന്ന സർക്കാർ നിലപാടിനെക്കുറിച്ച് പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു ഗവർണറുടെ മറുപടി. നിങ്ങളിൽ ആരെങ്കിലും മാദ്ധ്യമങ്ങളുടെ കപടവേഷത്തിൽ വന്നവരുണ്ടോയെന്ന് അറിയില്ല. കേഡർ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കാൻ തനിക്ക് താൽപര്യമില്ല. ഗവർണർ പറഞ്ഞു.
പ്രതികരണം വേണ്ടവർക്ക് രാജ്ഭവനിലേക്ക് റിക്വസ്റ്റ് അയയ്ക്കാം. അപ്പോൾ പ്രതികരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിസി മാരുടെ രാജി വിഷയത്തിൽ അൽപം പോലും പിന്നോട്ടില്ലെന്നാണ് ഗവർണറുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നത്. ഉറച്ച മറുപടിയാണ് അദ്ദേഹം നൽകിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഗവർണർക്കെതിരെ വാർത്താസമ്മേളനങ്ങളുടെ പരമ്പര ആരംഭിച്ചതിന് പിന്നാലെയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണവും.
വിസിമാരോട് രാജി ആവശ്യപ്പെട്ട വിഷയത്തിലും മുൻപ് സർവ്വകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണറും സർക്കാരും തമ്മിൽ നടന്നുവന്ന തർക്കങ്ങളിലും ഒരു വിഭാഗം മാദ്ധ്യമങ്ങൾ സർക്കാർ അനുകൂല നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതായി ആക്ഷേപം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഗവർണറുടെ പ്രതികരണം.
