FILM BIRIYANI Main Banner SPECIAL STORY

മധുരം നുള്ളിത്തന്ന മാനസമൈന

സതീഷ് കുമാർ വിശാഖപട്ടണം


ദക്ഷിണേന്ത്യയിൽ ആദ്യമായി സുവർണ്ണകമലം നേടിയ ‘ചെമ്മീനി ‘ ന്റെ പ്രാരംഭ ജോലികൾ നടക്കുന്ന സമയം. ഇന്ത്യൻ സിനിമയിൽ നക്ഷത്രത്തിളക്കമുള്ള ഋഷികേശ് മുഖർജി, മാർക്‌സ് ബർട്ട്‌ലി, ലതാ മങ്കേഷ്‌കർ, മന്നാ ദേ, സലീൽ ചൗധരി തുടങ്ങിയ മഹാപ്രതിഭകളെ അണിനിരത്തി മലയാളത്തിൽ ഒരു ക്ലാസിക് ചലച്ചിത്രം തയ്യാറാക്കുക എന്നതായിരുന്നു സംവിധായകനായ രാമു കാര്യാട്ടിന്റെ മനസ്സിലെ സ്വപ്‌നം…
ചെമ്മീനിലെ ഗാനങ്ങൾക്ക് സംഗീതം പകരാൻ സലീൽ ചൗധരിയേയും പാട്ടുകൾ പാടാൻ മന്നാ ദേയേയും ലതാ മങ്കേഷ്‌ക്കറേയുമാണ് രാമു കാര്യാട്ട് മനസ്സിൽ തീരുമാനിച്ചിരുന്നത്. ഇവരുടെ സൗകര്യാർത്ഥം ബോംബെയിലായിരുന്നു ഗാനങ്ങളുടെ റെക്കോർഡിങ്ങ്.
എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം വഴങ്ങാത്തതിനാൽ മന്നാ ദേയും ലതാജിയും മലയാളഗാനം പാടാനുള്ള ആഗ്രഹത്തിൽ നിന്നും പിൻമാറാൻ തീരുമാനിച്ചു. ചെമ്മീനിൽ ലതാമങ്കേഷ്‌ക്കർ പാടിയില്ല. എന്നാൽ പാട്ടു പാടുന്നതിൽ നിന്നും പിന്മാറാൻ തീരുമാനിച്ച മന്നാ ദേ അവസാനം
‘മാനസ മൈനേ വരൂ
മധുരം നുള്ളിത്തരൂ…..’
എന്ന എക്കാലത്തേയും മലയാളത്തിലെ മികച്ച വിരഹഗാനം പാടി വിജയിപ്പിച്ചുകൊണ്ട് കേരളീയരെയാകെ അമ്പരപ്പിച്ചു…

Chemmeen Movie Stills-Gallery-Photos-Madhu-Sathyan-Sheela-Onlookers Media


ഇതിന് കാരണഭൂതയായത് അദ്ദേഹത്തിന്റെ മലയാളിയായ ഭാര്യ കണ്ണൂർ സ്വദേശിനിയായ സുലോചനയായിരുന്നു.
‘കടലിലെ ഓളവും കരളിലെ മോഹവും അടങ്ങുകില്ലോമനേ…. അടങ്ങുകില്ലാ….’ എന്ന പാട്ടിലെ വരികളുടെ അർത്ഥം സഹധർമ്മിണിയിൽ നിന്നും ഗ്രഹിച്ചപ്പോൾ ഇന്ത്യ കണ്ട മഹാനായ ആ ഗായകന് ഈ ഗാനം എത്ര കഷ്ടപ്പെട്ടാലും പാടണമെന്ന ആത്മവിശ്വാസം കൈവന്നുവത്രെ! പശ്ചിമബംഗാളിലെ കൽക്കത്തയിൽ ജനിച്ച് സംഗീതജ്ഞനായ അമ്മാവന്റെ ശിക്ഷണത്തിൽ വളർന്ന് ആദ്യം ബംഗാളിയിലും പിന്നീട് ഹിന്ദി ചലച്ചിത്രമേഖലയിലും ആധിപത്യം പുലർത്തിയ മന്നാ ദേ ഏഴു പതിറ്റാണ്ടോളം സംഗീത രംഗത്ത് നിറഞ്ഞു നിന്നുകൊണ്ട് 3000ത്തിൽ പരം ഗാനങ്ങൾ ആലപിച്ച് ആസ്വാദക പ്രശംസ നേടിയെടുത്ത ഗായകനാണ്.
രണ്ടുതവണ ദേശീയപുരസ്‌ക്കാരവും ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനക്കുള്ള ‘ദാദാസാഹിബ് ഫാൽക്കേ ‘ പുരസ്‌ക്കാരവും നേടിയ ഇദ്ദേഹം മലയാളത്തിൽ രണ്ടേ രണ്ടു പാട്ടുകൾ മാത്രമാണ് പാടിയിട്ടുള്ളത്. (മറ്റൊരു ഗാനം നെല്ല് എന്ന ചിത്രത്തിലാണ് ) ചെമ്മീനിലെ ഒറ്റ ഗാനം കൊണ്ട് തന്നെ മലയാള ചലച്ചിത്ര സംഗീത രംഗത്ത് അനശ്വരനായി മാറിയ ഈ സംഗീത ചക്രവർത്തി 2013 ഒക്ടോബർ 24-നാണ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. ഇന്ന് അദ്ദേഹത്തിന്റെ ഓർമ്മദിനം. മലയാള ചലച്ചിത്ര സംഗീത വിഹായസ്സിൽ പറന്നുയർന്ന ഈ മാനസ മൈനയുടെ പവിത്രമായ ഓർമ്മകൾക്ക് പ്രണാമം…

Related Posts

Leave a Reply

Your email address will not be published. Required fields are marked *