കടുവയെ പിടിക്കാൻ വനപാലകരെത്തിയപ്പോൾ കടുവ മുങ്ങി

സുൽത്താൻ ബത്തേരി: ചീരാൽ പ്രദേശത്തെ ജനത്തെ മുൾമുനയിൽ നിറുത്തിയ കടുവയെ കണ്ടെത്താൻ ജില്ലയിലെ വനപാലക സംഘം ഒത്തൊരുമിച്ച് നടത്തിയ തിരച്ചിലും വിഫലമായി. രാവിലെ 8 മണിക്കെത്തിയവൻ വനപാലക സംഘം പത്ത് ഗ്രൂപ്പുകളായി തിരിഞ്ഞാണ് കാടും നാടും അടക്കി തിരച്ചിൽ തുടങ്ങിയത്. ചീരാൽ വില്ലേജിന്റെ മുക്കും മൂലയും അരിച്ച് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താൻ കഴിയാതെ വനപാലക സംഘം തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.


ജില്ലയിലെ സൗത്ത്, നോർത്ത് ഡി എഫ് ഒമാരുടേയും വൈൽഡ് ലൈഫിന്റെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു കടുവയെ കണ്ടെത്താനായി വനപാലക സംഘം തിരച്ചിലിനെത്തിയത്. പഴൂർ, ചീരാൽ, കുടുക്കി തുടങ്ങിയ ഗ്രാമങ്ങളിൽ തിരച്ചിൽ നടത്തുമ്പോൾ അഞ്ചോളം ഗ്രൂപ്പുകൾ കാടിളക്കി തിരച്ചിൽ നടത്തുകയായിരുന്നു.

ഏഴ് പശുക്കളെ കൊലപ്പെടുത്തുകയും രണ്ട് പശുക്കളെ കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കടുവയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് ജനങ്ങൾ വൻ സമരങ്ങളുമായി രംഗത്തിറങ്ങിയതിനെ തുടർന്നാണ് വനപാലകർ സ്ഥലത്ത് തിരച്ചിലിനിറങ്ങിയത്. ഇതോടെ കാണാമറയത്തേക്ക് മാറിയ കടുവയെകണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കടുവ ഉൾവനത്തിലേക്ക് കടന്നിട്ടുണ്ടാവുമെന്ന നിഗമനത്തിലാണ് ജില്ലാ വനപാലക സംഘം. കടുവക്കായുള്ള തിരച്ചിൽ താൽക്കാലികമായി നിറുത്തിയതായി മുഖ്യവനപാലകൻ പറഞ്ഞു.
