നീലക്കുയിലിന് 68ാം പിറന്നാൾ

സതീഷ് കുമാർ വിശാഖപട്ടണം
കുയിലിനെ തേടി
‘നീല ‘ക്കുയിലിനെതേടി
കലാസ്‌നേഹികളും പുത്തൻ ആശയങ്ങളുമുള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ താവളമായിരുന്നു തൃശ്ശൂരിലെ ശോഭന സ്റ്റുഡിയോ.
ഇടക്കിടെ അവിടെ ഒത്തുകൂടിയിരുന്ന പി ഭാസ്‌കരൻ, രാമുകാര്യാട്ട്, കെ രാഘവൻ, ശോഭനാപരമേശ്വരൻനായർ, ഉറൂബ്, എ വിൻസെന്റ് തുടങ്ങിയ യുവാക്കളുടെ കൂട്ടായ പരിശ്രമഫലമായിട്ടായിരുന്നു 1954ൽ നീലക്കുയിൽ എന്ന ചലച്ചിത്രം പിറവിയെടുക്കുന്നത്.


മലയാളസിനിമയ്ക്ക് ആദ്യത്തെ ദേശീയ പുരസ്‌ക്കാരം നേടിത്തന്ന ഈ ചലച്ചിത്രം നിർമ്മിക്കുവാനായി മുന്നോട്ട് വന്നത് കൊച്ചിയിലെ ബിസിനസ്സുകാരനായിരുന്ന ടി കെ പരീക്കുട്ടി.
ചന്ദ്രതാരാ പ്രൊഡക്ഷനുവേണ്ടി അദ്ദേഹം നിർമ്മിച്ച ‘നീലക്കുയിൽ ‘മലയാള സിനിമയുടെ ചരിത്രം തന്നെ മാറ്റിയെഴുതി. ഒരു ഉയർന്ന ജാതിക്കാരനും ദളിത് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ വിപ്ലവാത്മകമായ കഥയെഴുതിയത് പ്രശസ്ത സാഹിത്യകാരൻ ഉറൂബ്. അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും രചിച്ചു.


പി ഭാസ്‌കരന്റെ ഗാനങ്ങൾക്ക് കെ രാഘവന്റെ ഗ്രാമീണ സൗരഭ്യം കലർന്ന സംഗീതം.

പി ഭാസ്‌കരനും രാമു കാര്യാട്ടും ചേർന്ന് ചിത്രം സംവിധാനം ചെയ്തപ്പോൾ മലയാളത്തിലെ ആദ്യത്തെ സംവിധായക ജോടിയായി അവർ.
പിന്നീട് ചലച്ചിത്ര സംവിധായകനായി വെന്നിക്കൊടി പാറിച്ച എ വിൻസെന്റായിരുന്നു നീലക്കുയിലിനു വേണ്ടി ക്യാമറ ചലിപ്പിച്ചത്.
മുറപ്പെണ്ണ്, കള്ളിച്ചെല്ലമ്മ, നഗരമേ നന്ദി, തുടങ്ങിയ നല്ല ചിത്രങ്ങൾ നിർമ്മിച്ച ശോഭന പരമേശ്വരൻ നായരുടെ റോൾ സ്റ്റിൽ ഫോട്ടോഗ്രാഫറുടേതായിരുന്നു.
സത്യൻ, മിസ് കുമാരി, പ്രേമ, പി ഭാസ്‌കരൻ, മാസ്റ്റർ വിപിൻ എന്നിവരെല്ലാവരും ചിത്രത്തിലെ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചു.
ഈ ചിത്രത്തിലെ മോഹൻ കുട്ടിയെ അവതരിപ്പിച്ച മാസ്റ്റർ വിപിൻ പിന്നീട് വിപിൻ മോഹൻ എന്ന പേരിൽ ക്യാമറാമാനായി മലയാളത്തിൽ നൂറോളം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഉറൂബിന്റെ ശക്തമായ കഥയും അതിമനോഹരമായ ഗാനങ്ങളുമായിരുന്നു നീലക്കുയിലിനെ വൻ വിജയത്തിലേക്ക് നയിച്ചത്. അതുവരെ ഹിന്ദി, തമിഴ് പാട്ടുകളുടെ ഈണങ്ങൾ കടം കൊണ്ടിരുന്ന മലയാളത്തിൽ
തനി ഗ്രാമീണ പദങ്ങൾകൊണ്ട് പി ഭാസ്‌കരൻ മാസ്റ്റർ തീർത്ത അതിസുന്ദരമായ വരികളും കെ. രാഘവൻ മാസ്റ്ററുടെ നാടോടിസംഗീതവും മലയാളക്കര ശരിക്കും ഏറ്റുപാടാൻ തുടങ്ങി.



‘ കുയിലിനെ തേടി
കുയിലിനെ തേടി
കുതിച്ചു പായും മാരാ ….’,
‘എല്ലാരും ചൊല്ലണ്
എല്ലാരും ചൊല്ലണ്
കല്ലാണ് നെഞ്ചിലെന്ന് ….’ (ജാനമ്മ ഡേവിഡ് )
‘മാനെന്നും വിളിക്കില്ല
മയിലെന്നും വിളിക്കില്ല ….
(മെഹബൂബ് )
ഒരൊറ്റ ഗാനം കൊണ്ട് കേരള സൈഗാൾ എന്ന പേരെടുത്ത കോഴിക്കോട് അബ്ദുൽ ഖാദർ പാടിയ
‘എങ്ങിനെ നീ മറക്കും കുയിലേ… ,
മലയാളത്തിലെ ആദ്യ വനിതാ സംഗീത സംവിധായികയും ഗായികയുമായ ശാന്താ പി.നായർ ശബ്ദം നൽകിയ
‘ഉണരുണരൂ ഉണ്ണിക്കണ്ണാ ….. , ചിത്രത്തിന്റെ സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്റർ പാടിയ
‘കായലരികത്ത്
വലയെറിഞ്ഞപ്പൊ
വള കിലുക്കിയ സുന്ദരി ……..’,
കോഴിക്കോട് പുഷ്പ പാടിയ ‘കടലാസുവഞ്ചിയേറി …….’,
എന്നിവയോടൊപ്പം ജിഞ്ചകം താരോ (കെ രാഘവൻ )
‘മിന്നും പൊന്നിൻ കിരീടം …… ( ശാന്ത പി നായർ ) എന്നിവയെല്ലാമായിരുന്നു


നീലക്കുയിലിലെ മനോഹര ഗാനങ്ങൾ. 1954 ഒക്ടോബർ 22 ന് വെള്ളിത്തിരയിലെത്തിയ നീലക്കുയിൽ നാളെ 68 വർഷങ്ങൾ പൂർത്തിയാക്കുകയാണ്.
മലയാളസിനിമയുടെ മഹത്തായ സുവർണ്ണകാലഘട്ടം നീലക്കുയിലിലൂടെ ആരംഭിക്കുന്നു.