കൃപ ചാരിറ്റിയുടെ ലഹരി വിരുദ്ധ ബോധവത്ക്കരണം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു

ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ കഴിയുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു അഭിപ്രായപ്പെട്ടു. കൃപ ചാരിറ്റിയുടെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി ചാക്ക കെ. പി. ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ദിനംപ്രതി ലഹരി ഉപയോഗിക്കുന്നവരുടെ കണക്കെടുത്തപ്പോൾ 40 ശതമാനം പെൺകുട്ടികൾ ആണെന്ന കണ്ടെത്തൽ നമ്മെ അത്ഭുതപ്പെടുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ബോധവൽക്കരണത്തിന് സർക്കാരും സന്നദ്ധ സംഘടനകളും രംഗത്ത് വരണമെന്നും ആന്റണി രാജു വ്യക്തമാക്കി. ചടങ്ങിൽ യുഡിഎഫ് കൺവീനർ എം. എം. ഹസ്സൻ അധ്യക്ഷത വഹിച്ചു. കൃപ പ്രസിഡന്റ് ഹാജി എ. എം. ബദറുദ്ദീൻ മൗലവി പ്രതിജ്ഞ ചൊല്ലി കൊടുത്തു. പുനലാൽ ഡെയിൽവ്യു ഡീഅഡിക്ഷൻ സെന്റർ ഡയറക്ടർ ഡിപിൻ ദാസ് മന്ത്രിയിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി. കെഎംജെസി പ്രസിഡന്റ് കരമന ബയാർ, പീർ മുഹമ്മദ് ബീമാപള്ളി, ഡോ. വാഴമുട്ടം ചന്ദ്രബാബു, ആസിഫ് മുഹമ്മദ്, കലാപ്രേമി ബഷീർ ബാബു തുടങ്ങിയവർ പ്രസംഗിച്ചു. എം. മുഹമ്മദ് മാഹിൻ സ്വാഗതവും അഡ്വ. ശബ്ന റഹീം നന്ദിയും പറഞ്ഞു. ലഹരിക്കെതിരെ ബോധവൽക്കരണം നടത്തിയ പത്തോളം സന്നദ്ധ സംഘടന ഭാരവാഹികളെ ചടങ്ങിൽ വെച്ച് മന്ത്രി പൊന്നാട നൽകി ആദരിച്ചു.