FILM BIRIYANI KERALA Main Banner SPECIAL STORY

ആ വിമാനാപകടം നടന്നിട്ട് 46 വർഷം, നൊമ്പരമായി ഇന്നും റാണിചന്ദ്ര

സതീഷ് കുമാർ വിശാഖപട്ടണം

ആകാശത്തിൽ എരിഞ്ഞമർന്ന ചന്ദ്രകിരണം

1976 ഒക്ടോബർ 12… മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തദിനമായിരുന്നു അന്ന്… ബോംബെയിലെ സാന്താക്രൂസ് വിമാനത്താവളത്തിൽനിന്നും മദ്രാസ് നഗരത്തെ ലക്ഷ്യമാക്കി പറന്നുയർന്ന കാരവൻ വിമാനം ആകാശത്തിൽ വെച്ച് തീപിടിച്ച് തകർന്ന് വീണ് 86 യാത്രക്കാരും 9 വിമാനജോലിക്കാരുമടക്കം 95 മനുഷ്യർ വെന്തു മരിച്ച ഒരു കറുത്ത ദിനത്തിന്റെ നാൽപത്തിയാറാം വാർഷിക ദിനമാണിന്ന്.
രാജ്യത്തെ നടുക്കിയ ആ വിമാനാപകടം മലയാള ചലച്ചിത്രരംഗത്തും ഒരു വലിയ സ്‌ഫോടനം സൃഷ്ടിച്ചു. ചെറിയ ചെറിയ വേഷങ്ങളിലൂടെ കടന്ന് വന്ന് മലയാളത്തിലെ നായികാ പദവിയിലേക്ക് ഉയർന്നുകൊണ്ടിരുന്ന റാണിചന്ദ്ര എന്ന നടിയും കുടുംബവും ഈ വിമാനാപകടത്തിൽ മരിച്ചു എന്ന വാർത്ത അക്ഷരാർത്ഥത്തിൽ തന്നെ മലയാളസിനിമാവേദിയെ ഞെട്ടിച്ചുകളഞ്ഞു.
കൊച്ചിയിലെ ഒരു ബിസിനസ്സുകാരന്റെ മകളായി ജനിച്ച റാണിചന്ദ്ര സുന്ദരിയും തികഞ്ഞ കലാകാരിയുമായിരുന്നെന്നു മാത്രമല്ല, സെൻറ് തെരേസാസ് കോളേജിലെ പഠനകാലത്തേ നൃത്തം അഭ്യസിക്കുകയും പഠനം അവസാനിക്കുന്നതിനു മുമ്പ് തന്നെ ഒരു നൃത്തസംഘം രൂപീകരിച്ച് സ്റ്റേജ് പ്രോഗ്രാമുകൾ നടത്തുകയും ചെയ്തിരുന്നു.1972ൽ അന്ന് പാശ്ചാത്യരാജ്യങ്ങളിൽ മാത്രം നിലവിലുണ്ടായിരുന്ന സൗന്ദര്യറാണി മത്സരം കേരളത്തിൽ ആദ്യമായി അരങ്ങേറിയപ്പോൾ ആദ്യത്തെ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടത് റാണിചന്ദ്രയായിരുന്നു. സൗന്ദര്യറാണി പട്ടം നേടിയ റാണിചന്ദ്രയുടെ പേരും ഫോട്ടോയും കേരളത്തിലെ പത്രങ്ങളിലാകെ നിറഞ്ഞു നിൽക്കുകയും അത് അവർക്ക് ചലച്ചിത്രരംഗത്തേക്കുള്ള വഴി തുറക്കുകയും ചെയ്തു. അങ്ങനെയാണ് പി എ തോമസിന്റെ ‘പാവപ്പെട്ടവൾ ‘ എന്ന സിനിമയിലൂടെ റാണിചന്ദ്ര ഒരു നടിയായി രംഗത്തുവരുന്നത്.

എങ്കിലും എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത ‘അഞ്ചു സുന്ദരികളി ‘ ലെ ഒരു സുന്ദരിയായി ശോഭിച്ചതോടെ റാണിചന്ദ്ര മലയാള സിനിമയുടെ ഭാഗമായി തീർന്നു….
രാമു കാര്യാട്ടിന്റെ ‘നെല്ലി ‘ ൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച റാണിചന്ദ്രയെ അന്ന് സഹസംവിധായകനായിരുന്ന കെ ജി ജോർജ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.അദ്ദേഹത്തിന്റെ ആദ്യചിത്രമായ സ്വപ്‌നാടനത്തിലെ നായികയായി വിടർന്ന കണ്ണുകളുള്ള ഈ സുന്ദരി എത്തിയതോടെ മലയാള സിനിമയിൽ ഒരു പുതിയ അദ്ധ്യായം ആരംഭിക്കുകയായിരുന്നു. ആ വർഷത്തെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്‌ക്കാരം റാണിചന്ദ്രക്ക് ലഭിക്കുകയുമുണ്ടായി.
പിന്നീട് ചെമ്പരത്തി, നാത്തൂൻ, ക്രിമിനൽസ്, പൂന്തേനരുവി, ഉത്സവം, ഹലോ ഡാർലിംഗ് , അയോദ്ധ്യ തുടങ്ങി 60 – ഓളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളത്തിലെ മുൻനിര നായികാപദവിയിലേക്കുള്ള പ്രയാണത്തിനിടയിലാണ് ദുബായ് അടക്കമുള്ള അഞ്ചു രാജ്യങ്ങളിലെ നൃത്തപരിപാടിക്കായി അവർ ഗൾഫിലേക്ക് തിരിക്കുന്നത്.
ഗൾഫ് പര്യടനം കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് ബോംബെ വിമാനാപകടത്തിൽ റാണിചന്ദ്ര മരണമടയുന്നതും.
അപകടത്തിൽ റാണിചന്ദ്രയും അമ്മ കാന്തിമതിയും മൂന്നു സഹോദരിമാരുമടക്കം ആ കുടുംബത്തിലെ അഞ്ചുപേരാണ് കത്തിയെരിഞ്ഞത്.


റാണി ചന്ദ്രയുടെ ഗൾഫ് പരിപാടിക്ക് വേണ്ടിയുള്ള സഹായ സഹകരണങ്ങളെല്ലാം ചെയ്ത് കൊടുത്തത് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സജാദ് തങ്ങൾ എന്നൊരു വ്യക്തിയായിരുന്നു. മദ്രാസിലേക്ക് ഉള്ള യാത്രയിൽ റാണിചന്ദ്രയോടൊപ്പം സജാദ് തങ്ങളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
എന്നാൽ അവസാനനിമിഷത്തിൽ ചില തിരക്കുകൾ കാരണം സുഹൃത്തായ സുധാകരനെ ഏൽപ്പിച്ച് സജാദ് ആ യാത്ര ഒഴിവാക്കി.റാണിചന്ദ്രയുടെയും കുടുംബത്തിന്റേയും മരണവാർത്ത അറിഞ്ഞ് സജാദ് തങ്ങൾ ആകെ തകർന്നുപോയി. പിന്നെ അദ്ദേഹം നാട്ടിലേക്ക് തിരിച്ചുപോയില്ല. കുടുംബാംഗങ്ങളെല്ലാം സജാത് തങ്ങളും അപകടത്തിൽ മരിച്ചു എന്ന് തന്നെയാണ് വിശ്വസിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ വർഷം, കൃത്യമായി പറഞ്ഞാൽ 2021 ആഗസ്റ്റ് പത്താം തീയതി ചില മലയാള ദിനപത്രങ്ങളിൽ ഒരു വാർത്ത പ്രത്യക്ഷപ്പെടുന്നു. റാണിചന്ദ്ര യോടൊപ്പം വിമാനാപകടത്തിൽ മരിച്ചെന്ന് കരുതിയ സജാദ് തങ്ങൾ മരിച്ചിട്ടില്ല എന്നും ബോംബെയിലെ ഒരു ആശ്രമത്തിൽ ജീവിച്ചിരിപ്പുണ്ടെന്നുമായിരുന്നു ആ വാർത്തയുടെ ഉള്ളടക്കം.
അന്വേഷണത്തിൽ അത് ശരിയാണെന്ന് തെളിയുകയും സജാദ് തങ്ങൾ നാല് പതിറ്റാണ്ടിനുശേഷം തന്റെ കുടുംബാംഗങ്ങളുമായി കൂടിച്ചേരുകയുമുണ്ടായി.

സജാദ് തങ്ങൾ

ചെറിയ വേഷങ്ങളിൽ നിന്ന് നായികാ പദവിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കേയാണ് റാണിചന്ദ്രയുടെ അപ്രതീക്ഷിതമായ വിടവാങ്ങൽ. എങ്കിലും ഏതാനും ചില മലയാള ചിത്രങ്ങളിലെ പാട്ടു രംഗങ്ങളിൽ റാണിചന്ദ്ര പ്രത്യക്ഷപ്പെട്ടത് പഴയ തലമുറയില ചിലരെങ്കിലും ഓർക്കുന്നുണ്ടായിരിക്കും.
അത്തരം ചില ഗാനങ്ങൾ റാണിചന്ദ്രയുടെ ചരമദിനമായ ഇന്ന് ഇവിടെ ഓർമ്മപ്പെടുത്തട്ടെ.
‘നന്ത്യാർവട്ടപൂ ചിരിച്ചു
നാട്ടുമാവിന്റെ ചോട്ടിൽ ……
( പൂന്തേനരുവി )
‘നയന്റീ സെവന്റീ ഫൈവ് ഇപ്പോൾ നയന്റീ സെവന്റീ ഫൈവ് ……. (ഹല്ലോ ഡാർലിങ്ങ് )
‘കളഭത്തിൽ മുങ്ങിവരും വൈശാഖ രജനി……. (അയോദ്ധ്യ )
‘ചന്ദ്രകിരണം ചാലിച്ചെടുത്തൊരു ……. ( ദേവി )
‘തുഷാര ബിന്ദുക്കളെ …….( ആലിംഗനം )
‘ആരോടും മിണ്ടാത്ത ഭാവം ……
( പോലീസ് അറിയരുത് )
‘കരിമ്പു കൊണ്ടൊരു നൊയമ്പുമായെൻ കരളിൻ കായലിൽ വന്നവനെ ….. ( ഉത്സവം ) വണ്ടി വണ്ടി വണ്ടി കണ്ടാൽ കുണ്ടാമണ്ടി ….. (അയോദ്ധ്യ ) തുടങ്ങിയ ഗാനങ്ങളിലെല്ലാം ഈ നടിയുടെ കൈയൊപ്പു ചാർത്തപ്പെട്ടിരിക്കുന്നു ……
മലയാള സിനമയുടെ എക്കാലത്തേയും നൊമ്പരമായി മാറിയ റാണിചന്ദ്ര എന്ന നിഷ്‌ക്കളങ്കയായ കലാകാരിയുടെ ഓർമ്മകൾക്ക് അവരുടെ ഓർമ്മദിനത്തിൽ പ്രണാമമർപ്പിക്കട്ടെ …..

Related Posts

Leave a Reply

Your email address will not be published. Required fields are marked *