INDIA Main Banner TOP NEWS

മുലായം സിങ് യാദവ് അന്തരിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടിയുടെ സ്ഥാപക നേതാവുമായ മുലായംസിങ് യാദവ് അന്തരിച്ചു.
82 വയസ്സായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുറച്ചുദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിരുന്നു.

ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ ഗുസ്തിക്കാരന്റെ മെയ്‌വഴക്കത്തോടെയും സോഷ്യലിസ്റ്റ് ചിന്താഗതിയിലൂടെയും ദേശീയശ്രദ്ധ പിടിച്ചുപറ്റിയ നീക്കങ്ങൾ നടത്തിയ നേതാവാണ് മുലായം. മൂന്നുതവണ (1989-91, 1993-95, 2003-07) ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 1996ൽ ദേ?വേഗൗഡ, ഗുജ്‌റാൾ സർക്കാരുകളിൽ കേന്ദ്ര പ്രതിരോധമന്ത്രി ആയി. നിലവിൽ മെയിൻപുരി മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്.

ഉത്തർപ്രദേശിലെ ഇറ്റാവ ജില്ലയിലെ സയ്ഫായ് ഗ്രാമത്തിൽ സുഖാർ സിങിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22നാണ് ജനനം. ഒരു കർഷക കുടുംബത്തിൽ ജനിച്ച മുലായം മെയിൻപുരിയിലെ സ്‌കൂൾ പഠനകാലത്ത് തന്നെ ഗുസ്തിക്കാരൻ എന്ന നിലയിൽ പേരെടുത്തു. ഇറ്റാവയിലെ കെ.കെ കോളജ്, ഷിക്കോഹബാദിലെ എ.കെ. കോളജ്, ആഗ്ര സർവകലാശാല എന്നിവിടങ്ങളിൽ നിന്ന് രാഷ്ട്രതന്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. 15ാം വയസ്സിൽ തന്നെ രാഷ്ട്രീയത്തിൽ തൽപരനായ മുലായം കലാലയ പഠനകാലത്ത് രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ തൽപരനായാണ് സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമാകുന്നത്.

അധ്യാപകനാകണമെന്ന് ആഗ്രഹിച്ചിരുന്ന മുലായം പിന്നീട് രാഷ്ട്രീയ ഗോദയിൽ സജീവമായി. 1967ൽ 28ാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ജസ്‌വന്ത്‌നഗറിൽ നിന്ന് മത്സരിച്ച് ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. 1969ൽ തോറ്റെങ്കിലും ’74ൽ മണ്ഡലം തിരിച്ചുപിടിച്ചു. 1975ൽ ജയിച്ചെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. 1977ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ആദ്യ ജനതാ മന്ത്രിസഭയിൽ സഹകരണമന്ത്രിയായി. ഏഴ് തവണയാണ് അദ്ദേഹം ജസ്‌വന്ത്‌നഗറിനെ നിയമസഭയിൽ പ്രതിനിധീകരിച്ചത്.

ലോക്ദളിലെ കരുത്തനായ നേതാവായി മാറിയ അദ്ദേഹം പിന്നീട് ആശയഭിന്നതകളെ തുടർന്ന് ലോക്ദൾ-ബിക്ക് രൂപംകൊടുത്തു. 1980ൽ ലോക്ദൾ-ബി അടക്കമുള്ള പാർട്ടികൾ ചേർന്ന് ജനതാദൾ രൂപമെടുത്തു. 1982-85, 1985-87 കാലയളവിൽ പ്രതിപക്ഷ നേതാവായി. 1989ൽ ആദ്യമായി യു.പി മുഖ്യമന്ത്രിയായത് ബി.ജെ.പിയുടെ പുറമേ നിന്നുള്ള പിന്തുണയോടെയാണ്. ബാബരി മസ്ജിദ് വിഷയത്തിൽ സംഘപരിവാർ സംഘടനകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ബി.ജെ.പി പിന്തുണ പിൻവലിച്ചെങ്കിലും കോൺഗ്രസ് പിന്തുണയോടെ 1991 വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു.

അതിനിടെ വി.പി. സിങുമായി വഴിപിരിയുകയും കുറച്ചുകാലം ചന്ദ്രശേഖറിന്റെ സമാജ്‌വാദി ജനതാ പാർട്ടിയിൽ പ്രവർത്തിക്കുകയും ചെയ്തു. 1992 ഒക്ടോബറിലാണ് സമാജ്‌വാദി പാർട്ടിയുമായി രംഗത്തെത്തുന്നത്. പിന്നീട് ബദ്ധശത്രുവായി തീർന്ന മായാവതിയുടെ ബി.എസ്.പിയുമായി സഖ്യം ചേർന്നാണ് 1993ൽ മുഖ്യമന്ത്രിയായത്. 1995ൽ ബി.എസ്.പി പിന്തുണ പിൻവലിച്ച് ബി.?ജെ.പിയുമായി ചേർന്ന് ഭരണം പിടിച്ചു. 1996ൽ ലോക്‌സഭാംഗമായാണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധയൂന്നിയത്. 1998 വരെ ഐക്യ മുന്നണി സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്നു. 1998ലും 1999ലും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

ബി.എസ്.പി-ബി.ജെ.പി സഖ്യസർക്കാർ വീണതോടെ 2003ൽ മുലായം സിങ് വീണ്ടും മുഖ്യമന്ത്രിയായി. 2007ൽ ബി.എസ്.പി ശക്തമായി തിരികെ വന്നപ്പോൾ 2009 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2009 മുതൽ ലോക്‌സഭാംഗമാണ്. 2012ൽ സമാജ്‌വാദി പാർട്ടി ശക്തമായി തിരിച്ചെത്തിയപ്പോൾ മകൻ അഖിലേഷ് യാദവിനെയാണ് അദ്ദേഹം മുഖ്യമന്ത്രിയാക്കിയത്. പരേതരായ മാലതി ദേവി, സാധന ഗുപ്ത എന്നിവരാണ് മുലായമിന്റെ ഭാര്യമാർ. മൽതി ദേവി 2003ലും സാധന ഗുപ്ത ഈ വർഷം ജൂലൈയിലുമാണ് അന്തരിച്ചത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *