ബസ് നിറുത്തി ഭക്ഷണം കഴിച്ചു, വീട്ടുകാരുമായി സംസാരിച്ചു, പിന്നാലെ അപകടം

പാലക്കാട്: വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നുവെന്നും ഇടിയുടെ ആഘാതത്തിൽ നിന്നും കെഎസ്ആർടിസി ബസിനെ നിയന്ത്രണവിധേയമാക്കാൻ ഏറെ പണിപ്പെട്ടെന്നും കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ സുമേഷ്
പറഞ്ഞു. പെട്ടെന്ന് ബസിന് പിന്നിൽ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നു. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ഏറെ സമയമെടുത്തുവെന്നും സുമേഷ് പറഞ്ഞു.
കെഎസ്ആർടിസി ബസിന്റെ വലതുഭാഗത്തിരുന്നവർക്കാണ് ഗുരുതരമായ പരിക്കേറ്റത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ടൂറിസ്റ്റ് ബസ് ഇടിച്ചതെന്ന് യാത്രക്കാർപറഞ്ഞു. കെഎസ്ആർടിസിയുടെ പിന്നിലേക്ക് ഇടിച്ച് കയറിയതിന് പിന്നാലെ ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞതോടെ കുട്ടികൾ ബസിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. ക്രെയിൻ ഉപയോഗിച്ച് ടൂറിസ്റ്റ് ബസ് ഉയർത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. അതുവഴി വന്ന പിക്കപ്പ് വാനിലാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്കെത്തിച്ചത്.
രാത്രി ഒൻപതിനുശേഷം വിദ്യാർത്ഥികൾ ഉൾപ്പെട്ട വിനോദയാത്രാ സംഘം ബസ് നിർത്തി ഭക്ഷണം കഴിച്ചിരുന്നു. ഈ സമയത്ത് വിദ്യാർത്ഥികൾ പലരും വീട്ടിലേക്ക് ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു. മണിക്കൂറുകൾക്കകമാണ് ബസ് അപകടത്തിൽപ്പെട്ടതെന്ന വിവരം വീട്ടുകാർക്ക് ലഭിക്കുന്നത്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയ നാട്ടുകാരുടെ ഫോൺ വാങ്ങി വീട്ടിലേക്ക് വിളിച്ചാണ് കാര്യമായ പരിക്കേൽക്കാത്ത വിദ്യാർത്ഥികൾ അപകടവിവരം അറിയിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ഇതോടെ പരിഭ്രാന്തരായ രക്ഷിതാക്കൾ മിക്കവരും രാത്രിതന്നെ പാലക്കാടേക്ക് യാത്ര തിരിക്കുകയായിരുന്നു.