അപകടസമയത്ത് ടൂറിസ്റ്റ് ബസിന്റെ വേഗം 97.7 കിലോമീറ്റർ; ഡ്രൈവറെ കാണാനില്ല

പാലക്കാട്: വടക്കഞ്ചേരിയിലെ അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. സംഭവസ്ഥലം സന്ദർശിച്ച് അന്വേഷണ റിപ്പോർട്ട് നൽകാൻ മന്ത്രി ഗതാഗത കമ്മീഷണറോട് ആവശ്യപ്പെട്ടു. യാത്രയുടെ വിവരങ്ങൾ സ്‌കൂൾ അധികൃതർ ഗതാഗത വകുപ്പിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
അതിനിടെ അപകടത്തിന് ഇടയാക്കിയ ടൂറിസ്റ്റ് ബസിന്റെ ഡ്രൈവർ ജോമോനെ കാണാനില്ല. പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലെ ആശുപത്രികളിലൊന്നും ഇയാളില്ലെന്നും, ഇയാൾ എവിടെയാണെന്ന് അറിയില്ലെന്നും വടക്കഞ്ചേരി പൊലീസ് പറഞ്ഞു.

ജോജോ പത്രോസ് എന്നാണ് ഇയാൾ പേരു പറഞ്ഞതെന്നാണ് വടക്കഞ്ചേരിയിലെ ആശുപത്രി ജീവനക്കാർ സൂചിപ്പിക്കുന്നത്. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ബസിൽ ഉണ്ടായിരുന്നയാളാണ് എന്നാണ് ഇയാൾ ആശുപത്രിയിൽ പറഞ്ഞത്. ഇയാൾക്ക് കാര്യമായ പരിക്കുകളുണ്ടായിരുന്നില്ലെന്നും, നടുവേദനയുണ്ടെന്ന് പറഞ്ഞപ്പോൾ എക്സ്റേ എടുത്തു നോക്കിയെങ്കിലും കാര്യമായ പരിക്കുണ്ടായിരുന്നില്ലെന്ന് പ്രാഥമിക ചികിത്സ നൽകിയ ഡോക്ടർ പറഞ്ഞു.
അപകടസമയത്ത് ബസിന്റെ വേഗത മണിക്കൂറിൽ 97.72 കിലോമീറ്ററായിരുന്നുവെന്ന് വ്യക്തമായി. ബസിന്റെ ജിപിഎസ് വിവരങ്ങളിലാണ് ഇത് വ്യക്തമായിരിക്കുന്നത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞാണ് ബസ് ഊട്ടിയിലേക്ക് ടൂർ പോകാനായി എത്തിയതെന്ന് രക്ഷിതാക്കൾ പറഞ്ഞു. ബസ് അമിതവേഗതയിലായിരുന്നുവെന്ന് വിനോദയാത്രാ സംഘത്തിലുണ്ടായിരുന്ന കുട്ടികളും വ്യക്തമാക്കി.
ബസിൽ ജോമോനെക്കുടാതെ എൽദോ എന്ന റിസർവ് ഡ്രൈവറും ഉണ്ടായിരുന്നു. കാലിന് പരിക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. താൻ ഉറങ്ങുകയായിരുന്നുവെന്നും, ജോമോനാണ് ബസ് ഓടിച്ചതെന്നുമാണ് എൽദോ പറഞ്ഞത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്‌കൂളിൽ നിന്ന് ഈട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ സംഘമാണ് വടക്കഞ്ചേരിയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.