പാട്ടോർമ്മകളുമായി സിനിമാത്തറവാട്ടിലേക്ക്

എ. ശിവദാസ്

ഏത് ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും…
സത്യൻ അന്തിക്കാടിന്റെ സിനിമകളെക്കുറിച്ചോർക്കുമ്പോഴൊക്കെ മനസ്സിൽ തെളിയാറുള്ളത് വെലോപ്പിള്ളിയുടെ ഈ വരികളാണ്. ഗ്രാമവിശുദ്ധിയുടേയും നന്മയുടേയും മമതയുടേയുമൊക്കെ കഥകൾ സിനിമയാക്കി മലയാളികളെ ഗൃഹാതുരത്വത്തിന്റെ നനുത്ത ഓർമ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോകാറുള്ള സംവിധായകൻ…
ട്രൂത്ത് ലൈവിന്റെ ലേഖകൻ എന്ന നിലയ്ക്കാണ് ഞാൻ സത്യൻ അന്തിക്കാടുമായി ആദ്യമായി പരിചയപ്പെടുന്നത്. ആ പരിചയത്തിന്റെ വെളിച്ചത്തിലാണ് സുഹൃത്ത് സതീഷ് കുമാർ വിശാഖപട്ടണത്തേയും കൂട്ടി പ്രിയസംവിധായകന്റെ വീട്ടിലേക്കുള്ള ഈ യാത്ര.
ട്രൂത്ത് ലൈവിന്റെ തുടക്കം മുതൽ അതിൽ തുടർച്ചയായി എഴുതിക്കൊണ്ടിരിക്കുന്ന ‘പാട്ടോർമ്മകൾ ‘ എന്ന പംക്തിയുടെ ലേഖകനാണ് സതീഷ്‌കുമാർ വിശാഖപട്ടണം. പതിനേഴാം വയസ്സിൽ ജീവിതമാർഗം തേടി വിശാഖപട്ടണത്തേക്ക് വണ്ടി കയറിയതാണ് സതീഷ് കുമാർ. ചെറുപ്പം മുതലേ വായന ശീലമാക്കിയ സതീഷ്‌കുമാർ തിരക്ക് പിടിച്ച ബിസിനസ് ജീവിതത്തിനിടയിലും എഴുത്തും വായനയും കൈവിട്ടിരുന്നില്ല. നാട്ടിൽ തിരിച്ചെത്തിയ സതീഷ്‌കുമാറിന്റെ പാട്ടോർമ്മകളെക്കുറിച്ചുള്ള ഫീച്ചർ ഒരിക്കൽ വായിക്കാനിടയായപ്പോഴാണ് ഇതുപോലെ എല്ലാ ദിവസവും ട്രൂത്ത് ലൈവിൽ എഴുതിക്കൂടേയെന്ന് ചോദിച്ചത്. അദ്ദേഹം സന്തോഷപൂർവ്വം സമ്മതിക്കുകയും ചെയ്തു.
തുടർച്ചയായി ട്രൂത്ത് ലൈവിൽ പ്രസിദ്ധീകരിച്ചുവരുന്ന പാട്ടോർമ്മകളുടെ ആദ്യഭാഗം കഴിഞ്ഞ ദിവസമാണ് പുസ്തകമായി പ്രസിദ്ധീകരിച്ചത്. കോഴിക്കോട് ലിപി പബ്ലിക്കേഷൻസാണ് പ്രസാധകർ. ഈ പുസ്തകത്തിന്റെ പ്രകാശനകർമ്മത്തിനുവേണ്ടിയായിരുന്നു ഞങ്ങളുടെ അന്തിക്കാട്ടേക്കുള്ള യാത്ര.
പോകുന്ന വഴി മലയാള സിനിമയെ അന്തർദേശീയ തലത്തിലെത്തിച്ച ചലച്ചിത്ര സംവിധായകൻ ജി. അരവിന്ദന്റെ വീട്ടിലും കയറി. അരവിന്ദന്റെ പത്‌നി കൗമുദി അരവിന്ദൻ ഞങ്ങളെ സ്‌നേഹപൂർവ്വം സ്വീകരിച്ചു. ഞങ്ങൾ ലീലേച്ചിയെന്ന് വിളിക്കുന്ന കൗമുദി അരവിന്ദനെക്കൊണ്ട് പാട്ടോർമ്മകളുടെ ആദ്യപ്രതി ഏറ്റുവാങ്ങിപ്പിക്കണമെന്നതായിരുന്നു ഞങ്ങളുടെ മനസ്സിലെ പ്ലാൻ. ലീലേച്ചി അതിന് സമ്മതിക്കുമോയെന്ന് സംശയമുണ്ടായിരുന്നു. ഒരു ഫോട്ടോക്ക് പോലും പോസ് ചെയ്യാൻ നിൽക്കാത്തയാളാണ് ലീലേച്ചി.
തൃശൂർ ജില്ലയിൽ ചെന്ത്രാപ്പിന്നിയിൽ ഒരു പുരാതന നായർ തറവാട്ടിലാണ് കൗമുദിയെന്ന ലീലേച്ചിയുടെ ജനനം. കോട്ടയത്ത് റബ്ബർ ബോർഡിൽ ക്ലറിക്കൽ സ്റ്റാഫ് ആയി ജോലി കിട്ടിയ ലീലേച്ചിയെ അന്ന് റബർ ബോർഡിലെ തന്നെ ഉദ്യോഗസ്ഥനായിരുന്ന അരവിന്ദൻ കണ്ട് ഇഷ്ടപ്പെടുകയും വിവാഹമാലോചിക്കുകയുമായിരുന്നു. ചെന്ത്രാപ്പിന്നിയിലെ വീട്ടിൽ വച്ചായിരുന്നു വിവാഹം.
അരവിന്ദൻ 1961-ൽ ആണ് കാർട്ടൂൺ വരച്ചു തുടങ്ങിയത്. ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പര ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയതായിരുന്നുവല്ലോ… 1973-ൽ കാർട്ടൂൺ വര നിർത്തി സിനിമയിലേക്ക് തിരിയുകയായിരുന്നു. 1974ലാണ് ആദ്യസിനിമയായ ‘ഉത്തരായണം’ സംവിധാനം ചെയ്യുന്നത്. ഇതിനു സംസ്ഥാനത്തെ മികച്ച ചിത്രത്തിനുള്ള സംവിധായകനുള്ള അവാർഡും മികച്ച തിരക്കഥയ്ക്കുള്ള അവാർഡും ലഭിച്ചിരുന്നു. പിന്നീട് തമ്പ്, എസ്തപ്പാൻ, കുമ്മാട്ടി, പോക്കുവെയിൽ, ചിദംബരം, ഒരിടത്ത്, വാസ്തുഹാര…മലയാളത്തെ ലോകസിനിമയുടെ നെറുകയിലെത്തിച്ച മനോഹരസിനിമകൾ… അരവിന്ദന്റേയും ലീലേച്ചിയുടേയും മകൻ രാമു അരവിന്ദൻ ടൈപ്പ് ഓഫ്ഗ്രഫി ഡിസൈനറായി ബാംഗ്ലൂരിൽ ജോലി ചെയ്യുകയാണ്. 1991ലാണ് അരവിന്ദൻ മരണമടയുന്നത്.



ചെന്ത്രാപ്പിന്നിക്കാരായ ഞങ്ങളുടെ സ്‌നേഹ ക്ഷണം കൊണ്ടാവണം ലീലേച്ചി സന്തോഷത്തോടെ പാട്ടോർമ്മകൾ ഏറ്റുവാങ്ങാനുള്ള ക്ഷണം സ്വീകരിച്ചു. അവിടെ ലീലേച്ചിയും അനുജത്തി അമ്മിണിയും മാത്രമാണുണ്ടായിരുന്നത്. ഹാളിൽ അരവിന്ദന് കിട്ടിയ അവാർഡുകളോ ശിലാ ഫലകങ്ങളോ ഒന്നും തന്നെ കണ്ടില്ല. അദ്ദേഹത്തിന് അതൊന്നും പ്രദർശിപ്പിക്കുന്നത് ഇഷ്ടമായിരുന്നില്ലത്രേ. അദ്ദേഹത്തിനിഷ്ടമല്ലാത്തതൊന്നും ഞാനും ഇഷ്ടപ്പെടുന്നില്ല… ലീലേച്ചി പറഞ്ഞു.
ലീലേച്ചിയേയും കൂട്ടി അന്തിക്കാട്ടേക്കുള്ള യാത്രയിൽ ഞങ്ങളോടൊപ്പം ബന്ധു കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നും ഡെപ്യൂട്ടി ജനറൽ മാനേജർ ആയി വിരമിച്ച പ്രസന്നരാജും കൂടി.




അന്തിക്കാട് ജംഗ്ഷനടുത്തു തന്നെയാണ് സത്യന്റെ വീട്. വിശാലമായ പച്ചപ്പ് നിറഞ്ഞുനിൽക്കുന്ന പറമ്പിലൂടെ കാറിൽ ഉള്ളിലേക്ക് ചെല്ലുമ്പോൾ നല്ല ഭംഗിയായി പണികഴിപ്പിച്ചിട്ടുള്ള ഒരു പഴയ തറവാടിന്റെ മുറ്റത്തെത്തിയ പോലെ തോന്നി.
ഞങ്ങളെ കാത്തിരുന്നപോലെ സത്യൻ അന്തിക്കാടും പത്‌നിയും പുറത്തുവന്ന് ഞങ്ങളെ എതിരേറ്റു. മലയാളത്തിലെ ഏറ്റവും പ്രശസ്തനായ സംവിധായകനാണ് ഒരു ജാടയുമില്ലാതെ തനി നാട്ടിൻപുറത്തുകാരനായി ഞങ്ങൾക്കൊപ്പമിരുന്ന് നാട്ടുവർത്തമാനങ്ങൾ പങ്കിടുന്നത്. വിശ്വസിക്കാൻ പ്രയാസം തോന്നി. സത്യൻ അന്തിക്കാടിന്റെ പത്‌നി നിർമ്മലചേച്ചിയും ഒപ്പം കൂടി. സിനിമാക്കഥകളും വീട്ടുവിശേഷങ്ങളും പൊട്ടിച്ചിരികളുമായി അങ്ങനെ നേരം പോയതറിഞ്ഞില്ല…
‘നാടോടിക്കാറ്റി’ന്റെ അഞ്ചാം ഭാഗത്തെപ്പറ്റി ചിന്തിക്കുന്നുണ്ടോ? ഇടയിൽ ഞാൻ ചോദിച്ചു… ‘നാടോടിക്കാറ്റിന് ഇനിയൊരു അഞ്ചാംഭാഗം വേണ്ട. ശ്രീനിവാസനും മോഹൻലാലിനും ആഗ്രഹമുണ്ടായിരുന്നു… പക്ഷേ, ഞാൻ പറഞ്ഞു വേണ്ടാന്ന്… അതങ്ങനെത്തന്നെയിരിക്കട്ടെ. അതാണ് അതിന്റെയൊരു സുഖം. സത്യൻ അന്തിക്കാട് പറഞ്ഞു.
പുതിയ സിനിമയെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ഒടുവിൽ ജയറാമും മീര ജാസ്മിനും നായികാ നായകന്മാരായി അഭിനയിച്ച ‘മകൾ ‘ക്ക് തിയേറ്ററിലും ഒടിടിയിലും നല്ല പ്രതികരണമായിരുന്നു.



അന്തിക്കാടിന്റെ മക്കളിൽ രണ്ടു പേർ സിനിമാ രംഗത്തുണ്ട്. അനൂപും അഖിലും.ട്വിൻസാണ് ഇവർ. മൂത്തയാൾ അരുൺ ബിസിനസ് രംഗത്താണ്. വർത്തമാനങ്ങൾക്കും ചായസൽക്കാരത്തിനുമിടയിൽ ‘പാട്ടോർമ്മ’കളുടെ പ്രകാശന കർമ്മം ലീലേച്ചിക്ക് കോപ്പി നൽകി അദ്ദേഹം നിർവഹിച്ചു…