Main Banner SPECIAL STORY SUNDAY SPECIAL

ഗാന്ധിജി പുനർജനിച്ചെങ്കിൽ

എൻ. ബഷീർ മാസ്റ്റർ
വിദ്യാഭ്യാസ സാംസ്‌കാരിക പ്രവർത്തകൻ

നീണ്ട ഉറക്കത്തിൽ നിന്ന് ഗാന്ധിജി ഞെട്ടിയുണർന്നു. ഹേ… റാം… ഞാനെന്താണീ കാണുന്നത്.. തന്റെ സന്തത സഹചാരികളെവിടെ? സതീർത്ഥ്യന്മാരെവിടെ? സഹയാത്രികരെവിടെ? തന്നെ പ്രാർത്ഥനയോഗത്തിലേക്ക് കൊണ്ടുപോകാറുള്ള അനുചരന്മാരെവിടെ? താൻ വസിച്ചിരുന്ന സബർമതി ആശ്രമം പോലും കാണുന്നില്ലല്ലോ….ആകാംക്ഷയോടെ ഗാന്ധിജി അങ്ങോളമിങ്ങോളം കണ്ണോടിച്ചു.

ഇന്ത്യയുടെ ആത്മാവ് ജീവിക്കുന്നത് ഗ്രാമങ്ങളിലാണെന്നായിരുന്നല്ലോ താൻ പറഞ്ഞിരുന്നത്. എന്നാൽ ഗ്രാമങ്ങളെല്ലാം നഗരങ്ങളായ് മാറിയിരിക്കുന്നു. കാർഷിക രാജ്യമായിരുന്ന ഇന്ത്യ കർഷക സമരങ്ങൾക്ക് വേദിയായിരിക്കുന്നു. അടിസ്ഥാന വിദ്യാഭ്യസവും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും പാടേ മാറ്റിമറിച്ച് വിദ്യാഭ്യാസത്തിനായ് വിദേശ രാജ്യങ്ങളിലേക്ക് ചേക്കേറിയിരിക്കുന്നു. അതും നമ്മുടെ ചോരയും നീരും ഊറ്റിക്കുടിച്ച ബ്രിട്ടൺ പോലുള്ള രാജ്യങ്ങളിലേക്ക്. ഹേ… റാം…

താൻ ബലിഷ്ഠമായ കൈകളിലായിരുന്നല്ലോ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിരുന്നത്. പഞ്ചവത്സര പദ്ധതിയിലൂടെ മാതൃരാജ്യത്തെ വളക്കൂറുള്ള മണ്ണാക്കി മാറ്റിയ പണ്ഡിറ്റിന്റെ പിൻഗാമികൾക്കിതെന്തു പറ്റി.നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിച്ച സർദാറിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി പ്രാദേശികവാദം മുറുകയാണല്ലോ… ഇന്ത്യൻ ബഹുസ്വരതക്ക് വിള്ളൽ ഏൽക്കുകയാണല്ലോ… നാനാത്ഥത്തിൽ ഏകത്വം എന്ന മുദാവാക്യത്തിന്റെ പ്രസക്തി നഷ്ടപ്പെടുകയാണല്ലോ… കയ്യൊപ്പ് ചാർത്തിയ കൈകൾക്ക് എപ്പോഴൊക്കെ മൂല്യശോഷണം വന്നിരുന്നോ അപ്പോഴൊക്കെ മാതൃരാജ്യം പ്രയാസകരമായ ചുറ്റുപാടുകളിലേക്ക് പോയിരുന്നു. ഇനിയും ഒരു തിരിച്ചുവരവിനു ബാല്യമുണ്ട്. നഷ്ടപ്പെട്ട മൂല്യവും പ്രതാപവും തിരിച്ചു പിടിച്ചേ മതിയാവൂ.

മുപ്പതു വഷക്കാലത്തെ തന്റെയും കൂട്ടരുടെയും അധ്വാനം നിഷ്ഫലമായിപ്പോയോ?1917 ൽ ചമ്പാരൻ സത്യാഗ്രഹത്തിൽ തുടങ്ങി 1947 ൽ സ്വാതന്ത്ര്യലബ്ധി വരെ ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യം ആപ്തവാക്യമാക്കിയെടുത്ത് മുന്നോട്ട് പോയിരുന്നത് ഇതിനായിരുന്നോ? ഹേ… റാം… മിതവാദികളും തീവ്രവാദികളും തന്റെ വരവോടെ തന്നോടൊപ്പം ചേർന്നു നിന്ന് സത്യാഗ്രഹത്തിലൂടെയും അഹിംസയിലൂടെയും സ്വാതന്ത്ര്യ സമര മുന്നേറ്റം നടത്തിയത് പുതുതലമുറ പഠിച്ചിട്ടില്ലേ? എങ്ങിനെ പഠിക്കാൻ സാധിക്കും? ചരിത്രത്തെ തമസ്‌കരിക്കുന്ന പ്രവർത്തനങ്ങളാണല്ലോ നടന്നു വരുന്നത്.പുതിയ പുതിയ ചരിത്ര നായകൻമാരും സ്വാതന്ത്ര്യ സമര നേതാക്കന്മാരും ഉദയം ചെയ്തിരിക്കയല്ലേ!

ദേശീയ രാഷ്ട്രീയ പാർട്ടികളെ പിന്നിലാക്കി പ്രാദേശിക രാഷട്രീയ പാർട്ടികൾ നാട് ഭരിക്കും കാലം. കുതിരക്കച്ചവടത്തിനായ് സമ്പത്തിന്റെ ബഹുഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്ന കാഴ്ച. സ്വജനപക്ഷപാതവും അധികാര ഭ്രമവും കൊടികുത്തിവാഴുന്നു. ഒരു ഭാഗത്ത് ബഹുരാഷ്ട്ര കുത്തകകളുടെയും ഭരണകൂട സംവിധാനങ്ങളുടെയും പിൻബലത്തോടെ ഹിന്ദു രാഷ്ട്രമാക്കുവാൻ ശ്രമിക്കുന്ന ഹിന്ദുത്വ രാഷ്ട്രിയ ശക്തികൾ നടമാടുന്നു. മറുവശത്ത് ഭീരക പ്രവർത്തനത്തിലൂടെയും വർഗീയ സംഘാടനത്തിലൂടെയും ഇസ്ലാമിക രാഷ്ട്രമായി മാറ്റാൻ ശ്രമിക്കുന്ന ഇസ്ലാമിക രാഷ്ട്രീയ വാദികൾ. ഹേ… റാം… മുഹമ്മദലി ജിന്നക്കു മുന്നിൽ അടിയറവു പറഞ്ഞതും തന്റെ നവഖാലിയിലെ ദൗത്യവും ഒക്കെ ഇതിനായിരുന്നോ.കൊള്ളയും കൊലയും കൊള്ളിവെപ്പും വർഗീയതയും വിഘടനവാദവും വികസിത രാജ്യത്തെ പിന്നോക്കം കൊണ്ടു പോകുകയല്ലേ ചെയ്കയുള്ളു. തൊഴിലില്ലായ്മയിൽ വൻ വർദ്ധന ഉണ്ടായതായി കാണുന്നു. ധനികൻമാർ കൂടുതൽ ധനികൻമാരായി മാറാനും ദരിദ്ര നാരായണൻമാർ എന്നും ദാരിദ്രരായി തുടരാനും വഴി വെക്കുന്നല്ലോ. അതിവേഗം വളർന്നുകൊണ്ടിരുന്ന സമ്പത് വ്യവസ്ഥയിൽ നിന്നും ഇന്ത്യ ബഹുദൂരം പിന്നോട്ടു പോയിരിക്കുന്നു.നോട്ട് പിൻവലിക്കലും ക്യാഷ് ലെസ്സ് ഇക്കണോമിയും ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയെ തളർത്തിയതായി കാണുന്നു. ഡിജിറ്റൽ ഇന്ത്യകൊണ്ട് മാത്രം തൊണ്ണൂറു ശതമാനം ഇന്ത്യക്കാരനും നിത്യവൃത്തി സാധ്യമാകുകയില്ല. ഭക്ഷ്യ സുരക്ഷാ രംഗത്ത് മികച്ച പ്രവർത്തനങ്ങൾ നടക്കുന്നതായി കാണുന്നില്ല.ശാസ്ത്ര സാങ്കേതികരംഗവും ഇൻഫർമേഷൻ ടെക്‌നോളജി രംഗവും മെച്ചപ്പെട്ടതായി കാണുന്നു. ആവാസവ്യവസ്ഥയ്ക്കും പാരിസ്ഥിതിയിലും കോട്ടം തട്ടിയതായി കാണുന്നു. അനന്തരഫലം ഇന്ത്യൻ ജനത അനുഭവിച്ചുകൊണ്ടിരിക്കുന്നു.

മതനിരപേക്ഷ ജനാധിപത്യ സംസ്‌കാരത്തിന്റെ വക്താക്കൾ ക്ഷയിക്കപ്പെട്ടിരിക്കുന്നു.പുതു ഊർജ്ജം ലഭിക്കുന്നതിനായി ഓട്ടത്തിലാണ് അവർ. കേവലം കറൻസികളിലും സ്റ്റാമ്പുകളിലും സർക്കാർ ഓഫിസുകളുടെ ചുവരുകളിലും മാത്രമാണോ തനിക്ക് ഇടം നൽകിയിരിക്കുന്നത്.. ലോകരാജ്യങ്ങൾ പോലും തന്റെ ജന്മദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുമ്പോൾ ഗാന്ധിയൻ മൂല്യങ്ങൾക്ക് ഭാരത മണ്ണിൽ പ്രസക്തി കുറയുന്നോ? ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന് ഉദ്‌ഘോഷിച്ച ശ്രീനാരായണഗുരുവിനെ പോലും ഒരു പ്രത്യേക വിഭാഗത്തിന്റെ വക്താവാക്കി മാറ്റിയിരിക്കുന്നു. സ്വാമി വിവേകാനന്ദനും ഡോ.ബി ആർ അംബേദ്ക്കറും അയ്യങ്കാളിയും വക്കം അബ്ദുൽ ഖാദർ മൗലവിയും സർ സയ്യിദ് അഹമ്മദ് ഖാനും വിൽപ്പന ചരക്കുകളായി മാറിയിരിക്കുന്നു.സാമുദായിക പരിവേഷം ഉൾക്കൊണ്ടു കൊണ്ട് പുതിയ പുതിയ രാഷ്ട്രീയ പാർട്ടികൾ രംഗപ്രവേശം ചെയ്തിരിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും ആവിഷ്‌ക്കാര സ്വാതന്ത്രൃ ത്തിനും മാധ്യമ പ്രവർത്തനത്തിനും കൂച്ചുവിലങ്ങേർപ്പെടുത്തിയിരിക്കുന്നു. സ്ത്രീക്ക് ഏത് അർധരാത്രിയിലും വഴി നടക്കാൻ കഴിയുന്ന ഇന്ത്യയായിരുന്നില്ലേ തന്റെ സ്വപ്‌നം. സ്വപ്‌ന സാഫല്യം ഇല്ലെന്നു മാത്രമല്ല അത്യധികം നിരാശാജനകമായ റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.നീതി നിഷേധത്തിന് ജനങ്ങൾ നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുന്നത് കാണുമ്പോൾ സർക്കാർ ഓഫീസുകൾ നോക്കുകുത്തിയാണെന്ന് താൻ മനസ്സിലാക്കുന്നു.

തന്നെ വധിച്ച ഗോഡ്‌സേയുടെ കിങ്കരന്മാരല്ലേ കൊടി വെച്ച ആഡംബര കാറുകളിൽ കുതിച്ചു പായുന്നത്… ഹേ…റാം… മാതൃരാജ്യം ഫാസിസത്തിന്റെ നീരാളിപ്പിടുത്തത്തിൽ അകപ്പെട്ടുകൊണ്ടിരിക്കുകയാണോ എന്നൊരാശങ്കയും തനിക്കുണ്ട്.ഇവിടെ ജനാധിപത്യവും മതേതരത്വവും ബഹുസ്വരതയും മരിക്കപ്പെടുന്ന അവസ്ഥ നാം കാണുന്നു. പുരോഗമനകരമായ കാര്യങ്ങളോടുള്ള അസഹിഷ്ണുത ഫാസിസത്തിന്റെ പ്രത്യേക തയാണ്.അത് തന്റെ രാജ്യത്ത് നിഴലിച്ചു കാണുന്നതായി മനസ്സിലാക്കുന്നു. പൗരത്വ നിയമം പോലുള്ള കാര്യങ്ങൾ കേവലം ഉദാഹരണം മാത്രം.

സാമ്പത്തികമാന്ദ്യം എങ്ങും പ്രകടമാണ്. രണ്ട് വർഷക്കാലം കൊണ്ട് ഒരു പരിധി വരെ അതിജീവിച്ച കോവിഡ് 19 എന്ന മഹാമാരി സാധാരണക്കാരന്റെ ജീവിതത്തിൽ ഏറെ പതനങ്ങളാണ് സമ്മാനിച്ചത്.സമൂഹം പല തട്ടുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ചുരുക്കം ചിലരൊഴികെ സമൂഹമാകെ ദുരിതത്തിലാണ്. അടിസ്ഥാന ആവശ്യങ്ങൾ പോലും നിരസിക്കപ്പെടുന്ന കാഴ്ചയാണ് കാണുന്നത്.ഇന്ധവിലക്കൊപ്പം അവശ്യ സാധനങ്ങളുടെ വിലയും വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ബാങ്കുകൾ മുതലാളിത്തത്തിന്റെ അടിമകളായി മാറുന്നു. വ്യക്തിയുടെ സ്വകാരതയിലേക്കുള്ളു കടന്നുകയറ്റം അതിക്രമിച്ചിരിക്കുന്നു.

മാതൃരാജ്യത്തിന്റെ നിസ്സഹായ അവസ്ഥയിൽ മനം നൊന്ത ഗാന്ധി നേരത്തേ തന്നെ സർഗം പുൽകിയതിന് സ്രഷ്ടാവിന് നന്ദി പറയുന്നതാണ് നാം കാണുന്നത്. താൻ സ്പനം കണ്ട ഭാരതത്തിനായ് ഇനിയും കാത്തിക്കേണ്ടിയിരിക്കുന്നു എന്നും തന്റെ ഉറക്കം കെടുത്തുന്ന പ്രവർത്തനങ്ങൾ നാടുനീങ്ങുമെന്ന പ്രത്യാശയോടെ വീണ്ടും ഉറക്കത്തിലേക്ക് വഴുതി വീണു ഗാന്ധി.

അനുബന്ധം

ഭിന്ന, വിരുദ്ധ നിലപാടുകളിൽ മുഖാമുഖം നിൽക്കുന്നവരാണ് ഗാന്ധിയും ഗോഡ്‌സേയും. സത്യവും അഹിംസയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ആണിക്കല്ലായി പ്രതിഷ്ഠിക്കുകയായിരുന്നു ഗാന്ധി.കള്ളവും ഹിംസയുമായിരുന്നു ഗോഡ്‌സേയുടെ പ്രത്യയശാസ്ത്രവും പ്രയോഗവും. ബ്രിട്ടീഷ് ക്രൂരതകളെ, അഹിംസാ സമരത്തിലൂടെ ഗാന്ധിജിക്ക് മറികടക്കാനായത് സത്യത്തിന്റെ ഉൾക്കരുത്തു കൊണ്ടാണ്. എന്നാൽ അസത്യത്തിന്റെ പുകമറകളിലാണ് ഗോഡ്‌സേയുടെ ജാതി ഫാസിസ്റ്റ് ആധിപത്യമുറപ്പിക്കുന്നത്.

ഗാന്ധിസത്തിന് പ്രശ്‌നങ്ങളും പരിമിതികളും ഉണ്ടായിരിക്കത്തന്നെ, അത് ഗോഡ്‌സേയുടെ ഉറക്കം കെടുത്തിയ രാഷ്ട്രീയ നിലപാടുകളുടെ മേൽവിലാസമായിരുന്നു എന്നത് മറക്കാൻ പാടില്ല. ബ്രിട്ടീഷുകാർക്കെതിരെ നെഞ്ചുവിരിച്ചു നിന്ന കരുത്തനായ ഗാന്ധി…. ഹിംസയെക്കാൾ കരുത്തുള്ള അഹിംസയെ ആയുധമാക്കിയ ഗാന്ധി… വിഭജനാന്തരം പാക്കിസ്ഥാന്റെ അവകാശങ്ങൾ വക വച്ചു കൊടുക്കണമെന്ന് ധീരമായ നിലപാടെടുത്ത ഗാന്ധി….. ഈ ഗാന്ധിയൻ മൂല്യങ്ങളാണ് നാം തമസ്‌ക്കരിച്ചു കൊണ്ടിരിക്കുന്നത്.ഗാന്ധീ പരമ്പര്യം കൊണ്ടു നടക്കുന്ന കൂട്ടരുടെ രാഷ്ട്രീയ അപചയങ്ങളാണ് ഗാന്ധി വിരുദ്ധതക്ക് സ്വീകാര്യത വർദ്ധിപ്പിച്ചത് എന്നു കാണാം. ഇനിയും വൈകിയിട്ടില്ല…. ഗാന്ധിയൻ ആശയങ്ങൾ പ്രാവർത്തികമാക്കി ഗാന്ധിയൻ മൂല്യങ്ങൾ ഉൾക്കൊണ്ടു കൊണ്ട് നാം ഓരോ ഭാരതീയനും കൈകോർത്തു പിടിച്ചാൽ ഗാന്ധിയൻ സ്വപ്‌നങ്ങൾ പൂവണിയുക തന്നെ ചെയ്യും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *