KERALA Main Banner TOP NEWS

വിനയന്റെ വലിയ സംഭാവനയാണ് 19ാം നൂറ്റാണ്ട്: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം: പ്രശസ്ത ചലച്ചിത്രകാരൻ വിനയന്റെ ഏറ്റവും വലിയ സംഭാവനയാണ് 19ാം നൂറ്റാണ്ട് എന്ന സിനിമയെന്ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. വർക്കല ശിവഗിരിയിൽ വിനയനെയും നടൻ സിജു വിൽസണിനെയും ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഒരു സംവിധായകന്റെ കഴിവാണ് ഒരു കലാകൃഷ്ടി രൂപപ്പെടുത്തുക എന്നത്. പെരുന്തച്ചനിൽ തിലകൻ അഭിനയിച്ചു വന്നപ്പോൾ കണ്ടവരെല്ലാം ഒരുപോലെ പറഞ്ഞു, ദേശീയ അവാർഡ് കിട്ടുമെന്ന്. എല്ലാവരും അത് കാത്തിരുന്നു. എന്നാൽ കിട്ടിയില്ല. തിലകന് ശിവഗിരിയിൽ നൽകിയ സ്വീകരണച്ചടങ്ങിൽ അദ്ദേഹം ആ വിഷമം പറഞ്ഞിരുന്നു. അതുപോലെ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ കലാഭവൻ മണിയെ വച്ച് വിനയൻ എടുത്തു. അതിലെ അഭിനയത്തിന് മണിക്കുതന്നെ അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നപ്പോൾ അവാർഡ് മോഹൻലാൽ കൊണ്ടുപോയി. കലാഭവൻ മണി ബോധംകെട്ടു വീണു. അദ്ദേഹത്തിന് ഭരത് അവാർഡ് കിട്ടുമെന്നൊക്കെ ഞാൻ അന്ന് ആശ്വസിപ്പിച്ചിരുന്നു. പക്ഷേ മണിക്ക് ഭരത് മണിയാകാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ അഭിനയ ചാതുര്യം വച്ചു നോക്കിയാൽ എത്രയോ തവണ ദേശീയ അവാർഡ് നൽകേണ്ടതായിരുന്നു. അപ്പോൾ സിനിമാ മേഖലയിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ട്. അത് നമ്മുടെ തിലകൻ വ്യക്തമായി പറഞ്ഞിട്ടുമുണ്ട്.


ഗുരു നിത്യചൈതന്യ യതി ജാതി, മതം, ദേശം എന്നിവ ഉണ്ടായിരുന്ന ആളല്ല. അദ്ദേഹം ഒരു വിശ്വപൗരനായിരുന്നു. അദ്ദേഹം ഒരിക്കൽ പറഞ്ഞു, രാജ്യത്ത് നിലകൊള്ളുന്നത് തമ്പുരാൻ കോട്ടകളാണെന്ന്. ആ കോട്ടകളിൽ ഇന്നും വിള്ളൽ വീണിട്ടില്ലെന്ന് ഗുരു നിത്യചൈതന്യ യതി പറഞ്ഞിരുന്നു. അൽപ്പമൊക്കെ വിള്ളൽ വീഴ്ത്താൻ ഇന്നത്തെ പിണറായി സർക്കാരിനു സാധിച്ചിട്ടുണ്ട്. അതിന്റെ സന്തോഷവും ഞാൻ രേഖപ്പെടുത്താറുമുണ്ട്. ഈ വിള്ളൽ വീഴ്ത്തിക്കൊണ്ടു പോകാൻ സാധിച്ചില്ലെങ്കിൽ ഇനിയും പത്തൊമ്പതാം നൂറ്റാണ്ടുകൾ ആവർത്തിക്കും. ഈ ചരിത്ര സിനിമയെ ഗുരുവിന്റെ ആൾക്കാരിൽ പലരും കണ്ടിട്ടില്ല. കാണേണ്ടതിനെ കാണേണ്ടതുപോലെ കാണാനും അതനുസരിച്ചു പ്രതികരിക്കാനും പ്രവർത്തിക്കാനും സാധിക്കാതെ പോയ ജനതയാണത്. യുഗപുരുഷൻ എന്ന സിനിമയിൽ മമ്മൂട്ടി ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം സംവിധായകൻ സുകുമാരനോടു പറഞ്ഞു, നിങ്ങളുടെ ആളുകൾ മാത്രം പോയി കണ്ടാൽ മതി ഈ സിനിമ വിജയിക്കുമെന്ന്. പക്ഷേ നമ്മൾ ആ സിനിമയെ തോൽപ്പിച്ചു. ഗുരുദേവ ഭക്തർ പോലും ആ സിനിമ കണ്ടില്ല. മറിച്ച് മഗ്ദലന മറിയമോ, ഈശോ മിശിഖായോ, യോഹന്നാനോ വന്നുകഴിഞ്ഞാൽ നമ്മൾ കൂട്ടമായി ഇടിച്ചുകയറി ചെന്നു കാണും. ഈ ചിന്താഗതിക്കു മാറ്റമുണ്ടായില്ലെങ്കിൽ നിങ്ങൾക്കു വളർച്ചയുണ്ടാകില്ല, പുരോഗതി ഉണ്ടാകില്ല, അഭിവൃദ്ധിയുണ്ടാകില്ല…സ്വാമി സച്ചിദാനന്ദ പറഞ്ഞു.
കേരളത്തിലെ കീഴാള വർഗ്ഗം എങ്ങനെ വളർന്നുവന്നു, ആ കീഴാള വർഗത്തെ ഒരു വലിയ നവോത്ഥാന നായകനായ മഹാപുരുഷൻ എങ്ങനെ കൈപിടിച്ചുയർത്തി എന്നൊക്കെയാണ് 19ാം നൂറ്റാണ്ട് എന്ന സിനിമയിലൂടെ വിനയൻ അവതരിപ്പിക്കുന്നത്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന വലിയ മഹാൻ ഈ രാജ്യത്ത് ജീവിച്ചിരുന്നു. എന്നാൽ ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേരില്ല. സ്‌കൂൾ, കോളേജ് തലങ്ങളിലെ പാഠാവലിയിൽ ഒരു വരിപോലും ചേർത്തിട്ടില്ല. പക്ഷേ വേലുത്തമ്പി ദളവയെ കുറിച്ചും പഴശ്ശി രാജാവിനെ കുറിച്ചും കുഞ്ഞാലി മരയ്ക്കാറെ കുറിച്ചും കായംകുളം കൊച്ചുണ്ണിയെ കുറിച്ചും പഠിക്കാനുണ്ട്. വേലായുധപ്പണിക്കരെ ശത്രുക്കൾ വെട്ടി കൊല്ലുകയായിരുന്നു. അദ്ദേഹം മരിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന് 18 വയസാണ് പ്രായം. തിരുവിതാംകൂർ കൊട്ടാരത്തിൽ ധനമില്ലാതെ വരുമ്പോൾ അവിടുത്തേക്ക് സഹായം എത്തിച്ചിരുന്നത് ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ തറവാട്ടിൽ നിന്നായിരുന്നു. അക്കാലത്ത് താണജാതിയിൽപ്പെട്ട സ്ത്രീകൾക്ക് മാറുമറയ്ക്കാനും മൂക്കുത്തിയിടാനും സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. ഇതിനെതിരെ ശക്തമയി പടപൊരുതിയ ആളാണ് വേലായുധപ്പണിക്കർ. മുലക്കരം പിരിക്കാൻ വന്നവരുടെ മുന്നിൽ സ്വന്തം മുല മുറിച്ചു നൽകിയ പിടഞ്ഞുവീണ നങ്ങേലിയെയും വിനയൻ ഈ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. കേരളത്തിൽ ആദ്യമായി പണിമുടക്ക് നടത്തിയത് വേലായുധപ്പണിക്കരുടെ നേതൃത്വത്തിലായിരുന്നു. ജോലിക്കു കൂലിയില്ലാതിരുന്ന സമയത്ത് കർഷകരോട് ഇനി പണിക്ക് പോകേണ്ടെന്നും അവരുടെ കാര്യങ്ങൾ താൻ നോക്കിക്കൊള്ളാമെന്നും പണിക്കർ പറഞ്ഞു. ഇതോടെ നാട്ടിലെ ജൻമിമാരുടെ പാടങ്ങളെല്ലാം തരിശായി മാറി. ഇതേത്തുടർന്ന് പണിക്കരുമായി ജൻമിമാർ ചർച്ചയ്ക്കു തയാറാവുകയും ജോലിക്കു കൂലി സമ്പ്രദായം നടപ്പാക്കുകയുമായിരുന്നു. ഇതാണ് കേരളത്തിൽ അരങ്ങേറിയ ആദ്യ പണിമുടക്ക്. അങ്ങനെ ഒത്തിരി മഹാ സംഭവങ്ങൾ അദ്ദേഹത്തിന്റെ കാലത്തുണ്ടായിട്ടുണ്ട്.
നങ്ങേലി എന്ന സ്ത്രീ മുല മുറിച്ചു നൽകി രക്തം വാർന്ന് പിടഞ്ഞു മരിച്ചു. ഉടൻതന്നെ ജൻമിമാർ അവരെ സംസ്‌കരിക്കാൻ തയാറാകുന്നു. ആ ചിതയിൽ നങ്ങേലിയുടെ ഭർത്താവും ചാടി ആത്മഹത്യ ചെയ്തു. അദ്ദേഹമാണ് കേരളത്തിലെ ആദ്യ രക്തസാക്ഷി. ഇത് എത്രപേർക്കറിയാം. ഈ സംഭവങ്ങളൊക്കെ വിനയൻ ഈ സിനിമയിൽ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ നമ്മളിൽ പലരും ഈ സിനിമ കണ്ടിട്ടു കൂടിയില്ല. കുമാരനാശാന്റെ ഒരു കവിതയുണ്ട്, വണ്ടേ നീ തുലയുന്നു, വീണയീ വിളക്കും നീ കെടുത്തുന്നതേ… ഈ മനോഭാവം വച്ചു പുലർത്തിയാൽ നമ്മൾ ഒരിടത്തും ചെന്നെത്തുകയില്ല എന്ന് പറയേണ്ടി വരും. ഇങ്ങനെയൊരു സിനിമ ചെയ്ത് വിനയൻ കീഴാള വർഗത്തെ ഉയർത്തിക്കൊണ്ടു വരാൻ ചെയ്തു പോരുന്ന ശ്രമങ്ങളെ വളരെ ശ്രദ്ധയോടെ നോക്കിക്കാണുന്ന ആളാണ് ഞാൻ. വിനയൻ ചരിത്രത്തിന്റെ ഭാഗമാണ്. മറ്റു ചിരിത്രങ്ങളൊക്കെ മാഞ്ഞുപോയാലും നൂറു വർഷം കഴിഞ്ഞാലും വിനയന്റെ പേര് പത്തൊമ്പതാം നൂറ്റാണ്ടിന്റെ പേരിൽ നിലനിൽക്കും. ശ്രീനാരായ പ്രസ്ഥാനത്തിന്റെ പേരിൽ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ഇനിയും അദ്ദേഹത്തിന് മുന്നേറാൻ സാധിക്കട്ടെയെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *