INDIA Second Banner TOP NEWS

ലെഫ്. ജനറൽ അനിൽ ചൗഹാൻ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: രാജ്യത്തിന്റെ പുതിയ സംയുക്ത സൈനികമേധാവിയായി റിട്ട. ലെഫ്. ജനറൽ അനിൽ ചൗഹാനെ തീരുമാനിച്ചു. സംയുക്ത സൈനികമേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ മരണമടഞ്ഞ് ഒമ്പത് മാസം പിന്നിടുമ്പോഴാണ് പുതിയ നിയമനം.

സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് ചീഫായി 2021ലാണ് ലെഫ്. ജനറൽ അനിൽ ചൗഹാൻ വിരമിച്ചത്. ജമ്മു കശ്മീരിലെയും വടക്കുകിഴക്കൻ മേഖലകളിലെയും നുഴഞ്ഞുകയറ്റം തടയുന്ന പ്രവർത്തനങ്ങളിൽ വിപുലമായ അനുഭവസമ്പത്തുള്ളയാളാണ് അദ്ദേഹം. സൈന്യത്തിലെ സ്തുത്യർഹ സേവനത്തിന്, പരമ വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ സേവാ മെഡൽ, അതി വിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, സേവ മെഡൽ എന്നിവ നേടിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് തമിഴ്നാട്ടിൽ ഊട്ടിക്കടുത്തുള്ള കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ ഇന്ത്യയുടെ പ്രഥമ സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത്തും ഭാര്യയുമടക്കം 13 പേർ മരിച്ചത്.

സേനാവിഭാഗങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രതിരോധമന്ത്രിയുടെ മുഖ്യ സൈനിക ഉപദേഷ്ടാവായി പ്രവർത്തിക്കാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനാണ് സംയുക്ത സൈനിക മേധാവി. പ്രതിരോധ രംഗത്ത് കൃത്യമായ ഏകോപനം നിലനിർത്തുക എന്നതും സി.ഡി.എസിൻറെ ചുമതലയാണ്. മേക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിയുടെയും പ്രതിരോധ മേഖലയിലെ ആത്മനിർഭർ ഭാരത് പദ്ധതികളുടെയും ചുമതലയും സംയുക്ത സൈനിക മേധാവിക്കായിരിക്കും.

Related Posts

Leave a Reply

Your email address will not be published. Required fields are marked *