പോപ്പുലർ ഫ്രണ്ടുകാരുടെ അഴിഞ്ഞാട്ടം, ബസ്സുകളും വാഹനങ്ങളും കല്ലെറിഞ്ഞു തകർക്കുന്നു, പോലീസ് കാഴ്ചക്കാരായി മാറിനിൽക്കുന്നു,
കണ്ണൂരിൽ വാഹനത്തിനു നേരെ പെട്രോൾ ബോംബേറ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇതിനു മുമ്പുള്ള ഹർത്താലുകളിൽനിന്നൊക്കെ വിഭിന്നമായി പോപ്പുലർ ഫ്രണ്ടുകാർ പൊതുനിരത്തുകളിൽ ഭീകരത അഴിച്ചുവിടുകയാണ്. സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. കെ.എസ്.ആർ.ടി.സി. ബസ്സുകളും സ്വകാര്യവാഹനങ്ങളും എറിഞ്ഞു തകർത്തു. കണ്ണൂരിൽ പെട്രോൾ ബോംബെറിഞ്ഞു. ഉളിയിൽ നരയൻപാറയിലാണ് പുലർച്ചെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞത്. ബോംബെറിഞ്ഞവരെ കണ്ടെത്താനായില്ല. വളപട്ടണത്തും തളിപ്പറമ്പിലുമെല്ലാം അക്രമികൾ അഴിഞ്ഞാടുകയാണ്.
തിരുവനന്തപുരം, കോഴിക്കോട്, ആലപ്പുഴ, ആലുവ, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായത്. നിരവധി ബസുകളുടെ ചില്ലുകൾ തകർന്നു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ബസിന് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു.
കെ.എസ്.ആർ.ടി.സി സർവിസ് നടത്തുമെന്ന് ഇന്നലെ അറിയിച്ചിരുന്നു. അതനുസരിച്ചാണ് പല ഡിപ്പോകളിലും ബസ്സുകൾ സർവ്വീസ് ആരംഭിച്ചത്. വ്യാപക അക്രമങ്ങളുണ്ടായതോടെ വേണ്ടത്ര പോലീസ് സംരക്ഷണമില്ലാതെ സർവ്വീസ് നടത്തരുതെന്ന് കെ.എസ്.ആർ.ടി.സി യൂണിറ്റുകൾക്ക് മുകളിൽനിന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.
ഹർത്താലിനിടെ അക്രമമുണ്ടായാൽ ഉടനടി അറസ്റ്റുണ്ടാകുമെന്നൊക്കെ പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പോലീസ് കാഴ്ചക്കാരായി നിൽക്കുകയാണ്. ഇതിനിടെ കൊല്ലത്ത് പോലീസുകാരെ അക്രമികൾ ബൈക്കിടിച്ച് വീഴ്ത്തി.
്അമ്പലപ്പുഴയിൽ ലോറി ഡ്രൈവർക്കും കല്ലേറിൽ പരിക്കേറ്റു.