അച്ഛനേയും മകളേയും ആക്രമിച്ച ആനവണ്ടിക്കാരെ സംരക്ഷിച്ച് സർക്കാരും പോലീസും; രണ്ട് ദിവസമായിട്ടും അറസ്റ്റില്ല

തിരുവനന്തപുരം: കാട്ടാക്കടയിൽ അച്ഛനേയും മകളേയും ആക്രമിച്ചിട്ട് രണ്ട് ദിവസമായിട്ടും കെഎസ്ആർടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പോലീസ്.
പ്രതികൾ പോലീസിന്റെ മൂക്കിന് തുമ്പിൽ ഒളിച്ചിരുന്നിട്ടും ഇരുട്ടിൽ തപ്പുകയാണെന്നാണ് ആക്ഷേപം. സംഭവത്തിന്റെ ആദ്യഘട്ടം മുതൽ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്.

കെഎസ്ആർടിസി ബസ് ഡിപ്പോയിൽ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികൾക്കെതിരെ മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് ഗതാഗത മന്ത്രി പറഞ്ഞത്. എന്നാൽ സംഭവം നടന്ന് 48 മണിക്കൂർ കഴിഞ്ഞിട്ടും പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരും പോലീസും സ്വീകരിച്ചിരിക്കന്നത്. പ്രതികളെ കണ്ടെത്തുവാനോ, അറസ്റ്റ് ചെയ്യാനോ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
പെൺകുട്ടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം പ്രചരിച്ചിട്ടും എഫ്ഐആറിൽ കുട്ടിക്ക് മർദ്ദനമേറ്റവിവരം രേഖപ്പെടുത്താതിരുന്നത് കുറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയായാണെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ആദ്യം ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയ പോലീസ് വിവിധയിടങ്ങളിൽ നിന്നുണ്ടായ ശക്തമായ എതിപ്പിനെ തുടർന്ന് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. മർദ്ദനമേറ്റ കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.