INDIA KERALA Second Banner TOP NEWS

രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ റെയ്ഡ്; നൂറിലേറെ പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കേരളത്തിൽ അടക്കം രാജ്യമെമ്പാടും പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ എൻഐഎയുടെ വ്യാപക റെയ്ഡ്.
കേരളത്തിനു പുറമേ തമിഴ്‌നാട്, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, ഡൽഹി തുടങ്ങി 13 സംസ്ഥാനങ്ങളിലായി നൂറിടങ്ങളിൽ ഇഡി സഹകരണത്തോടെയാണ് എൻഐഎ റെയ്ഡ് നടത്തിയത്. ദേശീയ, സംസ്ഥാന നേതാക്കൾ അടക്കം നൂറിലേറെ പേരെ കസ്റ്റഡിയിലെടുത്തതായാണ് സൂചന.
സംസ്ഥാനത്ത് പുലർച്ചെ 4.30 നാണ് പോപ്പുലർ ഫ്രണ്ട് ഓഫിസുകളിൽ ദേശീയ അന്വേഷണ ഏജൻസി , എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എന്നീ കേന്ദ്ര ഏജൻസികൾ റെയ്ഡ് ആരംഭിച്ചത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിലായി നടന്ന റെയ്ഡിൽ ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളടക്കം ഒൻപതു പേരെ എൻഐഎ കസ്റ്റഡിയിൽ എടുത്തു.
ഡൽഹിയിലും തിരുവനന്തപുരത്തും രജിസ്റ്റർ ചെയ്ത കേസുകളെ തുടർന്നാണ് പരിശോധന. പോപ്പുലർ ഫ്രണ്ട് ഓഫിസുകൾക്കൊപ്പം ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കളുടെ വീടുകളിലുമായി അൻപതിലധികം സ്ഥലങ്ങളിൽ റെയ്ഡ് തുടരുകയാണ്. കേന്ദ്ര സേനയുടെ സുരക്ഷയോടെയാണ് റെയ്ഡ്. നേതാക്കളുടെ വീട്ടിൽ നടന്ന റെയ്ഡിൽ മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും പിടിച്ചെടുത്തു.
തിരുവനന്തപുരത്ത് നാല് മൊബൈലുകളും ലഘുലേഖകളും പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിൽനിന്ന് പെൻഡ്രൈവ് പിടിച്ചെടുത്തു. പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളെ തൃശൂരിലെ വീട്ടിൽ നിന്ന് എൻഐഎ കസ്റ്റഡിയിൽ എടുത്തു.
കോട്ടയം ജില്ലയിൽ മുണ്ടക്കയത്തും പെരുവന്താനത്തും റെയ്ഡ് നടന്നു. പത്തനംതിട്ടയിൽ ജില്ലാ സെക്രട്ടറി മുണ്ടുകോട്ടക്കൽ സാദിഖിന്റെ വീട്ടിലും അടൂർ, പറക്കോട് മേഖല ഓഫിസിലുമാണ് റെയ്ഡ്. സാദിഖിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂർ താണെയിലുള്ള ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടന്നു.
റെയ്ഡിനെതിരെ പത്തനംതിട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡിനെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ പ്രവർത്തകർ പ്രതിഷേധിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *