മാനന്തവാടി ക്ഷീര സംഘത്തിന് ഡോ. വർഗീസ് കുര്യൻ അവാർഡ്; ഇന്ന് കൈീട്ട് മന്ത്രി ജിആർ അനിൽ അവാർഡ് സമ്മാനിക്കും

കോഴിക്കോട്: മലബാറിലെ മികച്ച പാലുൽപ്പാദക സഹകരണ സംഘത്തിനു കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ഏർപ്പെടുത്തിയ ഡോ. വർഗീസ് കുര്യൻ അവാർഡിനു മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം അർഹമായി. ഒരു ലക്ഷം രൂപയാണ് അവാർഡ്തുക. ഡോ. വർഗീസ് കുര്യന്റെ പത്താം ചരമവാർഷികത്തിന്റെ ഭാഗമായി സെപ്റ്റംബർ 19 തിങ്കളാഴ്ച വൈകിട്ട് നാലിനു ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അവാർഡ് സമ്മാനിക്കും. ബാങ്ക് ചെയർമാൻ ജി. നാരായണൻ കുട്ടി അധ്യക്ഷത വഹിക്കും. ബാങ്ക് ഡയരക്ടർ ടി.എം. വേലായുധൻ ബഹുമതിപത്രം സമർപ്പിക്കും.
കോർപ്പറേഷൻ കൗൺസിലർ പി. ഉഷാദേവി, സി.പി.ഐ. ദേശീയ നിർവാഹകസമിതിയംഗം ടി.വി. ബാലൻ, എം.വി.ആർ. കാൻസർ സെന്റർ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ, കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടർ സി.ഇ. ചാക്കുണ്ണി, ക്ഷീര വികസന വകുപ്പ് അസി. ഡയരക്ടർ ശ്രീകാന്തി എൻ, എന്നിവർ ആശംസ നേരും. മാനന്തവാടി ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡന്റ് പി.ടി. ബിജു മറുപടി പറയും. ചടങ്ങിൽ കാലിക്കറ്റ് സിറ്റി ബാങ്ക് ഡയരക്ടർ പി.എ. ജയപ്രകാശ് സ്വാഗതവും ജനറൽ മാനേജർ സാജു ജെയിംസ് നന്ദിയും പറയും