സീരിയൽ കില്ലറുടെ കഥ പറയുന്ന ചുപ്പ്;
ദുൽഖറിന്റെ പുതിയ ഹിന്ദി സിനിമ 23 ന് റിലീസ് ചെയ്യും

സിനിമയുടെ ഉള്ളടക്കമാണ് വിജയത്തിനും പരാജയത്തിനും കാരണം…അല്ലാതെ അഭിനേതാക്കളല്ല
സനിമയിൽ ഒരു പതിറ്റാണ്ട് പൂർത്തിയാക്കിയ ദുൽഖർ സൽമാൻ വീണ്ടുമൊരു ഹിന്ദി ചിത്രത്തിൽ അഭിനയിക്കുന്നു. 2019ൽ പുറത്തിറങ്ങിയ ദി സോയ ഫാക്ടറിന് ശേഷം ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് ഡിക്യു ബോളിവുഡിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്. ഒരു സൈക്കോളജിക്കൽ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ആർ ബൽക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്.
സിനിമാ നിരൂപകരെ വേട്ടയാടുകയും റേറ്റിംഗ് ഉള്ള താരങ്ങളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്യുന്ന ഒരു സീരിയൽ കില്ലറുടെ കഥയാണ് ചിത്രം പറയുന്നത്.
സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി. പൂജ ഭട്ട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ. സെപ്റ്റംബർ 23നാണ് ചിത്രം റിലീസ് ചെയ്യുക. അമിത് ത്രിവേദി, സ്നേഹ ഖാൻവാൾക്കർ, എസ് ഡി ബർമൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
”സിനിമയിലേക്ക് കടന്നുവന്നപ്പോൾ ആരും തന്നെ കൂടുതൽ പ്രശംസിച്ചതായി ഓർക്കുന്നില്ല. എനിക്ക് ആത്മവിശ്വാസക്കുറവും നാണവും ഉണ്ടായിരുന്നു. അഭിനയം തുടങ്ങിയ സമയത്ത് ഞാൻ എപ്പോഴും പിന്തിരിഞ്ഞ് നിൽക്കുമായിരുന്നു. നിരൂപകർ എന്നെ വിമർശിക്കുന്നത് എന്തുകൊണ്ടാണെന്ന് ഞാൻ മനസ്സിലാകുകയും ചെയ്തു’ ദുൽഖർ ഒരു അഭിമുഖത്തിൽ മനസ്സ് തുറന്നു.

കാലക്രമേണ ഞാൻ എന്റെ ഭയത്തെ മറികടക്കാൻ തുടങ്ങി. ഇപ്പോൾ ഞാൻ എന്നോട് തന്നെ അൽപ്പം ദയ കാണിക്കാൻ പഠിച്ച് തുടങ്ങി. അടുത്ത കാലത്തായി എനിക്ക് ലഭിക്കുന്ന വിലയിരുത്തലുകളിൽ അത് പ്രതിഫലിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായെന്ന് ” ദുൽഖർ പറയുന്നു..
” ഒരു സിനിമയുടെ വിജയവും പരാജയവും എന്നെ ബാധിക്കാറില്ല, ഞാൻ തൊട്ടതെല്ലാം പൊന്നായി മാറുകയാണെങ്കിൽ, വിജയത്തിന്റെ സ്രഷ്ടാവായി എനിക്ക് തോന്നും. എന്നാൽ കാര്യങ്ങൾ അങ്ങനെയല്ല. സിനിമയാണ് അവിടെ പ്രവർത്തിക്കുന്നത് അതിലെ ഉള്ളടക്കമാണ് വിജയത്തിനും പരാജയത്തിനും കാരണം. ഞാനല്ല. പ്രേക്ഷകർ സിനിമയെ സ്നേഹിക്കുന്നതും സ്വീകരിക്കുന്നതും നിരസിക്കുന്നതിനും അതിന്റെ ഉള്ളടക്കം നോക്കിയാണ്. അത് എപ്പോഴും അങ്ങനെ തന്നെയാണ്, .

” ഒരു സിനിമയിലൂടെ എനിക്ക് മികച്ച കരിയർ ലഭിക്കുമ്പോൾ, ഉടൻ തന്നെ എനിക്ക് മറ്റൊരു പരാജയവും ഉണ്ടാകാറുണ്ട്. അതിനാൽ ഞാൻ ഒരിക്കലും വിജയത്തോടും പരാജയത്തോടും ചേർന്നു നിൽക്കുന്ന ഒരു ആളായിരുന്നില്ല. നിങ്ങൾ ഒരു സിനിമയ്ക്ക് വേണ്ടി വലിയ പരിശ്രമം നടത്തുകയും സിനിമ വിജയിക്കുകയും ചെയ്യുകയാണെങ്കിൽ, അത് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കും. എന്റെ പ്രക്ഷേകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം മനസ്സിന് സന്തോഷം നൽകുന്നതാണ്, ” ദുൽഖർ പറഞ്ഞു.
‘തീയേറ്ററിൽ വിജയിക്കാത്ത ചില സിനിമകൾ ചിലപ്പോൾ ഒടിടി പ്ലാറ്റ്ഫോമുകളിൽ വിജയിക്കാറുണ്ട്. ഹേയ് സിനാമികയുടെ കാര്യത്തിലും സമാനമായ ഒരു കാര്യം സംഭവിച്ചു. പ്ലാറ്റ്ഫോമിൽ സിനിമ കണ്ടതിന് ശേഷം ഒരു വിഭാഗം പ്രേക്ഷകർ സിനിമയിലെ എന്റെ കഥാപാത്രത്തെയും പ്രകടനത്തെയും ഇഷ്ടപ്പെട്ടുവെന്നും ദുൽഖർ പറഞ്ഞു. അതിഥി റാവു ഹൈദാരിയും കാജൽ അഗർവാളുമായിരുന്നു ഹേയ് സിനാമികയിലെ മറ്റ് അഭിനേതാക്കൾ.
തന്റെ ഒരു സിനിമ വലിയ ബ്ലോക്ക്ബസ്റ്റർ ആണെങ്കിൽ പോലും, ദൈവമേ ഞാനിത് ചെയ്തു, ഞാൻ ഇപ്പോൾ ഒരു സൂപ്പർ സ്റ്റാറാണ് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതിന്റെ അടിസ്ഥാനത്തിൽ എന്റെ അടുത്ത സിനിമകളുടെ ബജറ്റ് കൂട്ടുകയോ എന്റെ പ്രതിഫലം വർധിപ്പിക്കാനോ എനിക്ക് താൽപ്പര്യമില്ല. മാത്രമല്ല, വരാനിരിക്കുന്ന എന്റെ പ്രോജക്ടുകളുടെ ആമുഖ രംഗത്തിൽ ഒരു സൂപ്പർ ഹീറോ ടൈപ്പ് എൻട്രി നൽകാൻ എന്റെ സംവിധായകരോടോ നിർമ്മാതാക്കളോട് ആവശ്യപ്പെടില്ലെന്നും ഡിക്യു വ്യക്തമാക്കി.