തെരുവുനായയെ നേരിടാൻ തോക്കെടുത്ത രക്ഷകർത്താവിനെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: മദ്രസയിൽ പോകുന്ന വിദ്യാർത്ഥികളുടെ സംരക്ഷണത്തിനായി എയർഗണുമായി പോയ രക്ഷകർത്താവിനെതിരെ കേസെടുത്ത് പൊലീസ്.
കാസർകോട് ബേക്കൽ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. ഐപിസി 153 അനുസരിച്ച് ലഹളയുണ്ടാക്കാൻ ഇടയാക്കുന്ന പ്രവർത്തി നടത്തി എന്ന പേരിലാണ് സമീറിനെതിരെ പൊലീസ് കേസ്സെടുത്തത്.
പൊലീസ് കേസെടുത്തതിൽ വിഷമമുണ്ടെന്ന് സമീർ പ്രതികരിച്ചു. ഷോക്കേസിലിരുന്ന 9000 രൂപ മാത്രം വിലയുളള എയർഗണാണ് എടുത്തതെന്നും ഉന്നം തെറ്റാതെ വെടിവയ്ക്കാൻ തനിക്കറിയില്ലെന്നും ഈ എയർഗൺ കൊണ്ട് വെടിവച്ചാൽ നായ ചാകില്ലെന്നും സമീർ പറഞ്ഞു.
പ്രദേശത്തുളള ആറ് വയസുകാരനെ തെരുവുനായ കടിച്ചതിനെ തുടർന്ന് മദ്രസയിൽ പോകാൻ മടിച്ചുനിന്ന കുട്ടികളെ കൊണ്ടുവിടാൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് സമീർ എയർഗണുമായി അകമ്പടി പോയത്. സമീറിന്റെ മൂന്ന് മക്കളടക്കം പത്ത് കുട്ടികളെ സഹായിക്കാനായിരുന്നു ഇത്.
ആറ് വയസുകാരനെ കടിച്ച നായയെ സിമന്റ് ലോഡിറക്കാൻ വന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് അടിച്ചോടിച്ചിരുന്നു. നായകടിക്കാൻ വന്നാൽ വെടിവയ്ക്കും. ധൈര്യമായി വന്നോളൂ.എന്ന് പറഞ്ഞ് സമീർ നടക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ സുഹൃത്തുക്കളാണ് പ്രചരിപ്പിച്ചത്. തുടർന്നാണ് ഇന്ന് കേസെടുത്തത്.