EDUCATION KERALA Main Banner SPECIAL STORY

നുരഞ്ഞ് പൊങ്ങുന്ന കൗമാരം

എൻ.ബഷീർ മാസ്റ്റർ, വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ

സാംസ്‌കാരിക മൂല്യങ്ങൾക്ക് പേരുകേട്ട കേരളം,നൂറ് ശതമാനം സാക്ഷരത നേടിയ സംസ്ഥാനം, ദൈവത്തിന്റെ സ്വന്തം നാട്….. ഈ നാടിനിതെന്തു പറ്റി…. സാംസ്‌കാരികമായി ഉന്നതിയിലെത്തിയതോ, വിവേകവും വിദ്യാഭ്യാസവും കൂടിപ്പോയതോ….

വളരെ ഉത്സാഹത്തോടെ സ്‌കൂളിൽ പോകുകയും കൂട്ടുകാരും വീട്ടുകാരുമായി സന്തോഷത്തോടെ സമയം ചെലവിടുകയും ചെയ്ത അവൻ പെട്ടന്നാണ് ഒരു നാൾ മൂകനായി മാറിയത്.ഒന്നിലുമെരു താൽപര്യമില്ലായ്മ. നന്നായി പഠിച്ചിരുന്ന കുട്ടി പെട്ടന്ന് പഠനത്തിലും പിന്നോക്കമായി. അങ്ങനെയാണ് അവനെ വീട്ടുകാർ ഒരു ഡോക്ടറുടെ അടുത്ത് കൊണ്ടു പോകുന്നത്. വിശദ പരിശോധനയിൽ കുട്ടി മയക്കുമരുന്നിനും മദ്യത്തിനും അടിമയാണെന്ന് മനസ്സിലായി. കൂടുതൽ അപകടങ്ങളിലേക്ക് വഴുതി വീഴും മുമ്പ് കണ്ടെത്തിയതിനാൽ അവനെ പതിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാൻ സാധിച്ചു.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കൗമാരക്കാരായ കുട്ടികൾക്കിടയിൽ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിച്ചു വരികയാണ്. മദ്യം, മയക്കുമരുന്ന്, പുകയില, ലഹരി വസ്തുക്കൾ എന്നിവ കുട്ടികൾക്കിടയിൽ വ്യാപകമാകുന്നു. ഇത് കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. അതോടൊപ്പം ഗൗരവമായി കാണേണ്ട ഏറ്റവും പ്രധാന കാര്യമാണ് ലഹരി വസ്തുക്കളുടെ ഉപയോഗം അവരിൽ ഉണ്ടാക്കുന്ന വ്യക്തിത്വ വൈകല്യങ്ങൾ.

കേരളത്തിലെ സ്‌കൂൾ കുട്ടികളുൾ ഉൾപ്പെടെയുള്ള യുവ തലമുറയിൽ മയക്ക് മരുന്ന് ഉപയോഗം പെരുകി വരുന്നത് വാർത്താമാധ്യമങ്ങളിൽ നിന്നു പ്രദേശിക വർത്തമാനങ്ങളിൽ നിന്നും നാം അറിഞ്ഞു കഴിഞ്ഞതാണ്. ലഹരി വലയിൽ ആൺകുട്ടികൾ മാത്രമല്ല പെൺകുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് അടുത്തിടെ കാണാനിടയായ വീഡിയോ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. പൊടിമീശ മുളയ്ക്കുന്ന കാലത്ത് ബീഡി വലിച്ചിട്ടാണ് ആദ്യ ലഹരി നുകർന്നിരുതെങ്കിൽ ഇന്നത്തെ കുട്ടികൾ മാരകമായ പല വസ്തുക്കളും ഉപയോഗിക്കുന്നതായി കണ്ടു വരുന്നു.പ്രത്യേകിച്ച് ഗ്ലൂ, വൈറ്റ്‌നർ പോലുള്ളവയും ജീവൻ രക്ഷാ മരുന്നുകളുമാണെന്നത് ഞെട്ടിപ്പിക്കുന്ന സത്യങ്ങളാണ്.വളരെ ചെറുപ്പത്തിൽ തന്നെ ആദ്യലഹരിയിലലിയുന്നു. സൈക്കിൾ ടയർ ഒട്ടിക്കുന്ന പശ, ഫെവി ഗം പോലുള്ള സിന്തറ്റിക്ക് പശകൾ പെയിന്റ് ടിന്നർ, പെട്രോൾ ക്ലീനിങ്ങ് ഫ്‌ലൂയിഡ്. കറക്ഷൻ ഫ്‌ലൂയിഡ് നെയിൽ പോളിഷ് എന്നവയിൽ രസം കണ്ടെത്തുന്നത് എട്ടു വയസ്സിനും പതിനെട്ടു വയസ്സിനു ഇടയിലുള്ളവരാണ് എന്നറിയുമ്പോഴാണ് ഇതിന്റെ ഭീകരാവസ്ഥ നമുക്ക് മനസ്സിലാവുന്നത്.ഡീ അടിക്ഷൻ സെന്ററുകളിൽ എത്തുന്ന പത്തു കേസുകളിൽ 4 കേസുകളും പെൺകുട്ടികളായിരുന്നു എന്ന് ഒരു മീറ്റിങ്ങിനിടെ ശ്രീ ഋഷിരാജ് സിങ്ങ് സൂചിപ്പിച്ചത് ഓർമയിൽ വരുന്നു. മാത്രമല്ല ലഹരിക്ക് അടിമപ്പെടുന്നവരിൽ രണ്ടു ശതമാനം മാത്രമേ ചികിത്സക്കെത്തുന്നുള്ളു എന്നും അദ്ദേഹം പറഞ്ഞു.

ഒരു സ്‌കൂളിൽ നടന്ന സംഭവം ഇതാണ്. കുറെ ദിവസമായി ചില ആൺകുട്ടികൾ ക്ലാസിനിടയിൽ പോയി തലയിൽ വെള്ളമൊഴിച്ച്ട്ട് തിരികെ വന്നിരിക്കും. ഒന്നു രണ്ടു തവണ കണ്ടപ്പോൾ ടീച്ചർ കയ്യോടെ പിടികൂടി. എന്തിനാണ് ഈ തലകുളി എന്നു കണ്ണുരുട്ടിയപ്പോൾ കൂട്ടത്തിലൊരുത്തൻ സത്യം പറഞ്ഞു. അവർ ഈയിടെയായി ഒരു തരം പശ വലിക്കുന്നുണ്ട്. അതിന്റെ കെട്ടു വിടാനാണ് തലയിൽ വെള്ളം ഒഴിക്കുന്നതത്രേ. അവൻ പറയുകയാണ് ‘ടീച്ചറെ അതിത്തിരിവലിച്ചു കഴിയുമ്പോൾ ദേ.. എന്റെ തലയുടെ രണ്ടു വശത്തും ഒര് കിരി കിരി ചെല്ലുന്നത് പോലെയുണ്ടാവും’ പോലും. ക്ലാസിൽ ഇരിക്കുമ്പോൾ ഈ ഇരമ്പൽ കാരണം ക്ലാസ് ശ്രദ്ധിക്കാൻ സാധിക്കുന്നില്ല എന്നും അതും കൊണ്ടാണ് പൈപ്പിന്റെ അടുത്തേക്ക് ഓടുന്നത് എന്നും.കുട്ടികളിൽ കാണുന്ന ഇത്തരം അഡിക് ഷനെ കുറിച്ച് സംസാരിച്ച ഡോക്ടർമാരോട് അവർ പറഞ്ഞത് പശയല്ലേ കുഴപ്പമൊന്നുമില്ല എന്നു കരുതി തുടങ്ങിയതാണെന്നാണ്. പക്ഷേ കഞ്ചാവിനേക്കാളും മറ്റേതു ലഹരിയെക്കാളും മാരകമാണ് ഇത്തരം ഇൻഹേലന്റുകളെന്ന് അവർ അറിയുന്നില്ല. ശ്വാസകോശമുൾപ്പെടെയുള്ള ആന്തരാവയവങ്ങൾ പലതും ഇല്ലായ്മ ചെയ്യാൻ ഇത് മതിയാവും. തിരിച്ചറിവില്ലാത്ത പ്രായത്തിലെ പരീക്ഷണങ്ങൾക്ക് വർഷങ്ങളോളം വലിയ വില കൊടുക്കേണ്ടി വരും.

പെട്ടെന്നൊരു ദിവസം തുടങ്ങുന്നതല്ല ലഹരി വസ്തുക്കളുടെ ഉപയോഗം. വളരെ സാവധാനമാണ് കുട്ടികൾ പലപ്പോഴും ലഹരിക്ക് അടിമപ്പെടുന്നത്.പലപ്പോഴും മോശം കൂട്ടുകെട്ടുകൾ തന്നെയാണ് ഇത്തരം സാഹചര്യങ്ങളിൽ കൊണ്ടെത്തിക്കുന്നത്.വീട്ടിലെ പ്രശ്‌നങ്ങൾ, വിഷാദരോഗം, ടെൻഷൻ, പ്രണയനൈരാശ്യം, വാരിക്കോരി നൽകുന്ന പോക്കറ്റ് മണി, കൂട്ടുകാരിൽ നിന്നും കേൾക്കുന്ന സുഖലോലുപ കഥകൾ എന്നിവ കുട്ടികളെ ലഹരിയിലേക്ക് ആകർഷിക്കും. ആദ്യമാദ്യം വലയിൽ വീഴുന്നവർക്ക് സൗജന്യ നിരക്കിൽ മയക്കുമരുന്ന് ലഭ്യമാകുകയും അവർ പിന്നീട് മയക്കുമരുന്നുകളുടെ സന്ദേശവാഹകരായി മാറുകയും ചെയ്യും. ഇവരെ വലവീശി പിടിക്കാനായി സ്‌കൂളുകളും കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നിന്റെ റാക്കറ്റുകൾ തന്നെ പ്രവർത്തിക്കുന്നുണ്ട്. ആദ്യമൊക്കെ ഒരു രസത്തിനായി തുടങ്ങുന്ന ഈ ലഹരി ഉപയോഗം ക്രമേണ ഒരു ശീലമാകുകയും അത് പിന്നീട് ആസക്തിയിലേക്കും അടിമത്തത്തിലേക്കും നീങ്ങുന്നു.

അവരെ സംബന്ധിച്ചിടത്തോളം പ്രായം കൂടുംതോടും മരുന്നുകളും ക്വാൺ ണ്ടിറ്റിയും ക്വാളിറ്റിയും കൂട്ടേണ്ടിയിരിക്കുന്നു. അപ്പോഴാണ് അവർക്കിടയിലേക്ക് കഞ്ചാവും മരിജുവാനയും എൽ എസ് ഡി യും മാജിക്ക് മഷ്‌റൂം, എം ഡി എം എ യും (എക്സ്റ്റസി എന്നും പറയപ്പെടുന്നു)ഒക്കെ പരിചയപ്പെടുത്തുന്നത്.പിന്നീടങ്ങോട്ട് ഇവയിൽ മുങ്ങിക്കുളിക്കുന്നു. ലഹരി വിൽപ്പനക്കാർ പുതിയ രൂപത്തിലും ഭാവത്തിലും നിറത്തിലും ഇവരെ ആകൃഷ്ടരാക്കുന്നു. ലഹരി വസ്തുക്കൾ മറ്റുള്ളവരിൽ നിന്നും മറച്ചുവെക്കാൻ ഫ്രഫഷണലുകളെ വെല്ലുന്ന നൂതന മാർഗങ്ങൾ കുട്ടികൾ സ്വയം കണ്ടെത്തുകയും ചെയ്യുന്നു.സ്റ്റിക്കർ രൂപത്തിലുള്ള ലഹരി ഉൽപന്നങ്ങളാണ് വിദേശ രാജ്യങ്ങളി നിന്നും വൻതോതിൽ നമ്മുടെ നാട്ടിലേക്ക് പ്രവഹിക്കുന്നത്.എൽ എസ് ഡി സ്റ്റാമ്പ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് തപാൽ മാർഗം എത്തിക്കുന്നതെന്നാണ് വിവരം.ലഭിക്കുന്ന മയക്കുമരുന്നിന്റെ നാലിലൊരു ഭാഗം നാവിന്നടിയിൽ വച്ചാൽ പതിനെട്ടു മണിക്കൂറോളം ലഹരിയിലാകും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇത് സ്ഥിരമായി ഉപയോഗിച്ചാൽ നാഡീവ്യൂഹത്തെ സാരമായി ബാധിക്കുകയും ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ താളം തെറ്റുകയും ചെയ്യും. അസ്വസ്ഥത, അമിതമായി വിയർക്കുക, ശരീരത്തിന് തളർച്ച അനുഭവപ്പെടുക, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും അമിതമായി വർദ്ധിക്കുക. ശരീര ഊഷമാവ് വർദ്ധിക്കുക, ശരീരം കോച്ചിപ്പിടിക്കുക തുടങ്ങിയ അവസ്ഥയിലേക്കെത്തും.തുടർന്ന് മരണത്തിലേക്കും. ഇവിടെ നടക്കുന്ന മരണം കൂടുതലും ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതുമൂലമാണ്. ഇനി അഥവാ മരണത്തിൽ നിന്ന് രക്ഷപ്പെട്ടാൽ തലച്ചോറിൽ രക്തസ്രാവം വന്ന് പക്ഷാഘാതം, ഓർമക്കുറവ് എന്നിവ സംഭവിക്കുന്നു.

കേരളത്തിനു പുറത്ത് പ്രഫഷണൽ കോഴ്‌സുകൾക്ക് പഠിക്കാൻ പോകുന്ന കുട്ടികളിൽ പലരും ലഹരിക്ക് അടിമയായി എത്താറുണ്ട് എന്നുള്ളത് ദൃഷ്ടാന്തങ്ങളാണ്.മതാപിതാക്കളുടെ കണ്ണെത്താ ദൂരത്തായതു കൊണ്ട് തുടക്കത്തിലൊന്നും കാര്യങ്ങൾ അറിയാതെ പോവുക പതിവാണ്.കുട്ടികളെ ലഹരിക്കടിമകളാക്കുന്നതിനു പിന്നിൽ ലൈംഗിക ചൂഷണംപോലുള്ള താൽപര്യങ്ങളും ഉണ്ടെന്ന് കാണാൻ കഴിയും. ശീതളപാനീയങ്ങളും പഴച്ചാറുകളും വരെ വിശ്വസിച്ച് കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. സ്വാദ് വർദ്ധിപ്പിക്കാൻ ഐസ് ക്രീമുകളിലും മയക്കുമരുന്ന് ഉപയോഗിച്ചെന്നു വരാം.

എനിക്കറിയാവുന്ന എന്നെയറിയാവുന്ന ഒരു യുവാവ്, മികച്ച കമ്പനിയി ജോലിയിരിക്കെ ലഹരിക്കടിമയായി. വൈവാഹിക ബന്ധം പിരിയുകയും കൂടുതൽ സങ്കീർണമായ അവസ്ഥയിലേക്ക് മാറുകയും ചെയ്തത് വേദനിപ്പിക്കുന്ന കാഴ്ചയാണ്.പല രീതിയിലും അവനെ പല തവണ കൗൺസിൽ ചെയ്യുകയും ചെയ്തിട്ടും ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മോചിതനായിട്ടില്ല. ഇന്നും കുടുംബത്തിന് ബാധ്യതയായി അവൻ നിലകൊള്ളുന്നു. ഒരു തവണ അകപ്പെട്ടാൽ എട്ടുകാലി കെട്ടിയ വലയിൽ അകപ്പെട്ട അവസ്ഥയായിരിക്കും ഫലം. ലഹരി കഴിക്കുന്നവരിൽ ശാരീരികമായും മാനസികമായും അടിമത്തം സൃഷ്ടിക്കും.പതിവായി ലഹരി ഉപയോഗം തലച്ചോറിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും ചെയ്യും. മരുന്നടി നീളുന്തോറും കൂടുതൽ മുന്തിയ ലഹരിക്കായുള്ള ഓട്ടപ്പാച്ചിൽ തുടങ്ങും. ചിലർ സ്വന്തം ശരീരത്തെ പീഠിപ്പിച്ച് രസിക്കും.മറ്റു ചിലർ അമ്മ പെങ്ങമാരെ പോലും തിരിച്ചറിയാത്ത വിധത്തിൽ അക്രമസക്തരാകും. തലച്ചോർ ലഹരിക്കു പണയപ്പെടുത്തുന്നതോടെ എന്തു ചെയ്യാനും സ്വയം മരിക്കാൻ പോലും കൂസലുണ്ടാവില്ല.കുറ്റബോധം എന്ന വികാരം അന്യമാകും. അൽപം മരുന്നു വാങ്ങാനുള്ള പണത്തിനായി സ്വന്തം അമ്മയുടെയും സഹോദരിയുടെയും കുളിസീൻ വരെ പകർത്തി കൊടുത്ത സംഭവം നടന്നത് നമ്മുടെ നമ്മുടെ ഈ സാംസ്‌കാരിക കേരളത്തിലാണ് എന്ന് പറയുമ്പോൾ ലജ്ജിക്കേണ്ടിയിരിക്കുന്നു.

കേരളത്തിലെ കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗം ദേശീയ ശരാശരിക്കും മുകളിലാണെന്നാണ് പറയപ്പെടുന്നത്. ‘ ആവശ്യക്കാരുണ്ടെങ്കിലല്ലേ.. വിൽപന നടക്കുകയുള്ളൂ….. ‘ ആവശ്യക്കാരുണ്ടാവരുത് . അതു കൊണ്ട് മയക്കുമരുന്നു ലഹരിയുടെ പ്രധാന ഉപഭോക്താക്കളായ കുട്ടികളെ കൊണ്ട് ലഹരി മരുന്നു വേണ്ട എന്നു തീരുമാനപ്പെടുപ്പിക്കുകയാണ് പ്രധാനം. ലഹരിയോട് No എന്നു പറയാൻ കുട്ടിയെ പഠിപ്പിക്കണം.

ലഹരിക്കുള്ള ബദൽ സംവിധാനം ഒരുക്കലാണ് പ്രധാനം.കുട്ടികളെ കലാ – കായിക പ്രവർത്തനങ്ങളിൽ സജീവമാക്കണം. സ്‌കൂൾ – കോളേജ് കേമ്പസുകളിലെ SPC, JRC, Scouts and Guides, NCC, NSS, ജാഗ്രതാ സമിതികൾമറ്റു പ്രവർത്ത ക്ഷമമായ ക്ലബ്ബുകൾ എന്നീ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പരിശീലനം നൽകണം. ബോധവൽക്കരണ ക്ലാസുകളിൽ കുട്ടികളോടൊപ്പം മാതാപിതാക്കളെ കൂടി പങ്കെടുപ്പിക്കണം. വിദ്യാർത്ഥി സംഘടനകൾ, യുവജന സംഘടനകൾ എന്നിവ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും മാതൃകാ പ്രവർത്തനങ്ങൾ തയ്യാറാക്കി നൽകണം. യഥാർത്ഥ മാതൃകയാവാൻ രക്ഷിതാക്കളും അധ്യാപകരും തയ്യാറാവണം. കുട്ടികൾക്ക് ആവശ്യമുള്ളതെല്ലാം വാങ്ങിക്കൊടുത്ത് കടമ തീർത്താൽ പോര, അവരോടൊപ്പം ദിവസവും കുറച്ചു സമയം ചിലവഴിക്കുകയും ഒരു ദിവസത്തെ വിശേഷങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും വേണം. സ്‌നേഹം, സഹവർത്തിത്വം, കുടുംബ ബന്ധങ്ങളിലെ നിഷ്‌കളങ്കതയും സത്യസന്ധതയും മൂല്യശോഷണം വരാതെ നോക്കണം.മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വരാത്ത രീതിയിൽ കുട്ടികളെ മോണിറ്റർ ചെയ്യണം. കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ലിവിങ്ങ് റൂം പോലെയുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം.

ലഹരിക്ക് വിധേനയായ ഒരു കുട്ടിയെ സംബന്ധിച്ചടത്തോളം പെട്ടെന്ന് ഒരു തിരിച്ചു പോക്ക് സാധ്യമല്ല. ലഹരി ഉപയോഗത്തെ പറ്റി പല തവണ ശകാരിക്കുന്നതും മറ്റുള്ളവരുടെ മുമ്പിൽ വച്ച് കുറ്റപ്പെടുത്തുന്നതും വിപരീത ഫലമായിരിക്കും ഉളവാക്കുക. ആദ്യ ലഹരി ഉപയോഗത്തിനു പിടിക്കുമ്പോഴേ ചികിത്സ നൽകുക.പ്രശ്‌നം ഒതുക്കി തീർത്തിട്ടു കാര്യമില്ല. കൗൺസിലിങ്ങ് കൊണ്ട് മാത്രം അഡിക് ഷൻ മാറ്റിയെടുക്കാൻ സാധിക്കില്ല.മരുന്നും തൊറാപ്പികളും ചേർന്ന ഡീ അഡിക് ഷൻ ചികിത്സ ലഭ്യമാക്കണം.ഡീ അഡിക് ഷൻ കഴിഞ്ഞ് ഇറങ്ങിയ ഉടനേ തന്നെ വീണ്ടും ലഹരിയിലേക്ക് തിരിച്ച് പോകുന്നവരെ ധാരാളം കണ്ടു വരുന്നുണ്ട്. പുനരുപയോഗം തടയണ മെങ്കിൽ കുട്ടികളെ ഒരിക്കലും പഴയ അന്തരീക്ഷത്തിലേക്ക് വിടരുത്. സ്‌കൂളോ കോളേജോ മാറ്റി ചേർക്കണമെങ്കിൽ അതു ചെയ്‌തേ മതിയാവൂ. മദ്യപനായ അച്ഛന്റെ പരാക്രമം കണ്ടു മടുത്ത് ലഹരിക്കടിമയായവനെ വീണ്ടും അതേ സാഹചര്യത്തിൽ കൊണ്ടു വന്നാൽ എന്താവും അവസ്ഥ. അതു കൊണ്ട് പുനരധിവാസം കൂടിയേ തീരൂ. പുനരധിവാസ കേന്ദ്രങ്ങൾ സജ്ജമാവേണ്ടതുണ്ട്.

നമ്മുടെ കൗമാരവും യുവത്വവും ലഹരിയുടെ കയങ്ങളിലേക്ക് വീഴാതെ നോക്കേണ്ടത് നമ്മുടെ കൂടി കടമയാണ്.സംസ്ഥാന സർക്കാരും എക്‌സൈസ് വകുപ്പും കൂടുതൽ ജാഗ്രത ആയെങ്കിൽ മാത്രമേ ശ്വാശ്വത പരിഹാരം കാണാൻ സാധിക്കുകയുള്ളു. നീരാളിപ്പിടുത്തം പോലെയാണ് ലഹരിയുടെ കെട്ടി വരിയൽ അത് പൊട്ടിച്ചെറിയുക അത്ര എളുപ്പമല്ല. ഇത്തരം മയക്കു വലകളിൽ കുടുങ്ങാതെ കുട്ടികളെ കണ്ണിലെ കൃഷണമണി പോലെ കാത്തുരക്ഷിക്കാൻ മാതാപിതാക്കളോടൊപ്പം അധ്യാപകരും നാടും നഗരവും ജാഗരൂകരാകണം. കാവലാളായ് മാറണം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *