നവവധൂവരന്മാരായ സച്ചിൻദേവ് എംഎൽഎക്കും ആര്യക്കും കോഴിക്കോടിന്റെ മധുരം;
ശൂന്യതയിൽനിന്ന് സൃഷ്ടിച്ച ലഡുവുമായി ഇന്ദ്രജാൽ പ്രദീപ് ഹൂഡിനോ

കോഴിക്കോട് : കഴിഞ്ഞദിവസം തിരുവനന്തപുരത്ത് വിവാഹിതരായ ബാലുശ്ശേരി എംഎൽ.എ. കെ.എം. സച്ചിൻ ദേവിന്റെയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്റെയും വിവാഹ സത്കാരം ചൊവ്വാഴ്ച കോഴിക്കോട് ടാഗോർ ഹാളിൽ നടന്നു.
എം.എൽ.എ.മാരായ ടി.പി. രാമകൃഷ്ണൻ, തോട്ടത്തിൽ രവീന്ദ്രൻ, ലിജോ ജോസഫ്, കാനത്തിൽ ജമീല, കളക്ടർ ഡോ.
എൻ. തേജ് ലോഹിത് റെഡി, ജില്ലാ പഞ്ചായത്ത് അംഗം പി. ഗവാസ്, സി.പി.എം. ജില്ലാ സെക്രട്ടറി പി. മോഹനൻ, സംസ്ഥാനസമിതി അംഗം എ. പ്രദീപ് കുമാർ, വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി, സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഒ. രാജഗോപാൽ,
മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മുൻ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, മുൻ മേയർ ടി.പി. ദാസൻ, ബി.ജെ.പി. കൗൺസിൽ അംഗം പി.എം. ശ്യാമപ്രസാദ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. കേളു ഏട്ടൻ പഠനകേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ, അന്വേഷി പ്രസിഡന്റ് കെ. അജിത, തുടങ്ങിയവരെത്തി ആശംസ നേർന്നു.
സച്ചിൻദേവ് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എയാണ്. ആര്യ രാജേന്ദ്രനാകട്ടെ രാജ്യത്തെ പ്രായം കുറഞ്ഞ മേയറും. കോഴിക്കോട് സ്വദേശിയാണ് സച്ചിൻ ദേവ്. സി പി എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. നിയമ ബിരുദധാരിയും.
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവും സി പി എം ചാല ഏരിയ കമ്മിറ്റി അംഗവുമായ ആര്യ 21ാം വയസ്സിലാണ് മേയറായത്. തിരുവനന്തപുരം ഓൾ സെയിൻറ്‌സ് കോളജിൽ വിദ്യാർഥിയായിരിക്കെയാണ് മേയറായത്. ബാലസംഘ കാലം മുതലേ പരിചയക്കാരാണ് ആര്യയും സച്ചിനും.
നവവധൂവരന്മാർക്ക് ശൂന്യതയിൽ നിന്ന് മാധുര്യമൂറുന്ന ലഡ്ഡു നൽകിക്കൊണ്ട് മാന്ത്രികൻ പ്രദീപ് ഹൂഡിനോ വധൂവരന്മാരെയും അതിഥികളെയും വിസ്മയിപ്പിച്ചു.
ആര്യ മേയറായി തെരഞ്ഞെടുക്കപ്പെട്ട സമയത്ത് ബേപ്പൂരിൽ നിന്ന് പ്രദീപ് ഹൂഡിനോയും അഡ്വ. എടത്തൊടി രാധാകൃഷ്ണനും ബേപ്പൂർ ഉരു സമ്മാനമായി നൽകിയിരുന്നത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
