ചുവപ്പണിഞ്ഞ് ഭാര്യയും മകനും മകളും മരുമകനും കൊച്ചുമകനും, തൂവെള്ളയിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: ഓണദിനത്തിൽ മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റേയും ഫോട്ടോ ഫേസ് ബുക്കിൽ പങ്കുവച്ച് മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്. പതിവുപോലെ, തൂവെള്ള വസ്ത്രത്തിൽ മുഖ്യമന്ത്രി തിളങ്ങി നിൽക്കുമ്പോൾ ഭാര്യയും മകളും മകനും മരുമകനും പേരക്കുട്ടിയുമെല്ലാം ചുവപ്പിലാണ്.
ചുവപ്പ് ബ്ലൗസും സെറ്റുസാരിയുമാണ് ഭാര്യ കമലയുടെയും മകൾ വീണയുടെയും വേഷം. മകൻ വിവേക് കിരണും മരുമകൻ മുഹമ്മദ് റിയാസും ചുകപ്പ് ഷർട്ടും മുണ്ടും. കൊച്ചുമകൻ ഇഷാൻ ചുകപ്പ് ജുബ്ബയും മുണ്ടും. വിവാഹശേഷം വീണക്കൊപ്പമുള്ള റിയാസിന്റെ മൂന്നാമത്തെ ഓണമാണിത്.
ലോകമെമ്പാടുമുള്ള മലയാളികൾക്ക് മുഖ്യമന്ത്രി ഓണം ആശംസിച്ചു. ഭേദചിന്തകൾക്കതീതമായ മനുഷ്യമനസ്സുകളുടെ ഒരുമ വിളംബരം ചെയ്യുന്ന സങ്കൽപ്പമാണ് ഓണത്തിന്റേതെന്നും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്വപ്‌നങ്ങളുടെ സാക്ഷാത്കാരമായാണ് മലയാളി ഓണത്തെ കാണുന്നതെന്നും മുഖ്യമന്ത്രി സമൂഹ മാധ്യമത്തിൽ കുറിച്ചു.