KERALA Main Banner TOP NEWS

ഓർമ്മകളുടെ പൂക്കാലം

എൻ.ബഷീർ മാസ്റ്റർ,

വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവർത്തകൻ

ബാല്യം എല്ലാവർക്കും മറക്കാത്ത അനുഭവങ്ങൾ സമ്മാനിച്ചിട്ടുണ്ടാവാം. സന്തോഷ സന്താപ സമ്മിശ്ര വികാരത്തിലൂടെ കടന്നുപോകാത്തവരായി ആരുമുണ്ടാവില്ല എന്നു തന്നെ പറയാം. ബാല്യകാല അനുഭവങ്ങളാണ് ഒരു വ്യക്തിയിൽ വ്യക്തിത്വ വികാസത്തെ വളർത്തിയെടുക്കുന്നത് എന്നാണ് എന്റെ പക്ഷം. ഇതെഴുതുന്ന ആളുടെ ബാല്യം അത്ര സുഖകരമായിരുന്നില്ലെങ്കിലും ഓരോ ഘട്ടത്തിലും അതിജീവിക്കേണ്ടത് എങ്ങിനെയെന്ന് ചെറുപ്പത്തിലേ പരിശീലന വിധേയമായിട്ടുണ്ടായിരുന്നു.ഇത് എല്ലാവർക്കും പറ്റിയെന്നു വരില്ല കാരണം വെല്ലുവിളികൾ വരുമ്പോൾ ഓടിയൊളിക്കുന്നവർ അന്നും ഉണ്ടായിരുന്നു. സാമ്പത്തിക ഭദ്രയില്ലാത്ത കുടുംബത്തിൽ ജനിച്ച് പല ഘട്ടങ്ങളും അതിജീവിച്ച് പൊരുതി മുന്നോട്ടു പോയത് ഓർമയിൽ ഉണ്ട് …. ദൈവത്തിനു സ്തുതി… ഇന്ന് ഈ നിലയിൽ എത്തിച്ചേർന്നതിന്റെ കടപ്പാടുകൾ പലർക്കും ബാക്കി നിർത്തി ….. (മറ്റൊരു ലേഖനത്തിൽ ഇതെല്ലാം പ്രതിപാദിക്കുന്നുണ്ട് )
ഞാനും കുഞ്ഞനും ശിവനും അടുത്ത കൂട്ടുകാരായിരുന്നു. ശിവനും ഞാനും സാധാരണ സർക്കാർ സ്‌കൂളിലും കുഞ്ഞൻ കോൺവെൻറ് സ്‌കൂളിലുമായിരുന്നു പഠിച്ചത്.ശിവന്റെ അച്ഛൻ പെരിങ്കൊല്ലൻ ആയിരുന്നു.ഞങ്ങളേക്കാൾ സാമാന്യം ഭേദപ്പെട്ട വീടും പുരയിടവും ചുറ്റുപാടും ഉണ്ടായിരുന്നത് കുഞ്ഞനായിരുന്നു.അന്നത്തെക്കാലത്തെ റാക്ക് ( ചാരായം ) ഉൽപ്പാദനവും കച്ചവടവും അവർക്കുണ്ടായിരുന്നു എന്നുള്ളത് സാമ്പത്തിഭദ്രതക്ക് ഉപോൽഫലകമായി നിൽക്കുന്നു. മണിയും അല്ലും ശ്യാമളേച്ചിയും ബാബുവേട്ടനും എനിക്ക് കൂടപ്പിറപ്പുകളായിരുന്നു. കല്യാണി ച്ചേച്ചിയും തങ്കവുമൊക്കെ ശിവന്റെ വീട്ടിലും…… ഈ രണ്ടു വീടുകളിലും കൂട്ടു കൂട്ടുന്നത് എന്റെ വീട്ടുകാർക്ക് അത്ര താൽപര്യമുള്ള കാര്യമായിരുന്നില്ല. എങ്കിലും ഇമ്മച്ചിയെ സോപ്പിട്ട് ഇപ്പച്ചി വരുന്നതിനു മുമ്പായി എല്ലാം ഒപ്പിച്ച് ഞാൻ തിരിച്ചു വരാറാണ് പതിവ്. വീടിന്റെ അതിർവരമ്പിൽ മൂന്ന് ശിഖരങ്ങളായി നിൽക്കുന്ന പ്ലാവിൽ മുകളിലാണ് ഞങ്ങളുടെ ക്യാമ്പ്. ഏതൊക്കെ കാവിൽ ഉത്സവമുണ്ടോ അവിടെയൊക്കെ കാഴ്ചക്കാരായും കച്ചവടക്കാരായും ഞങ്ങളുണ്ടാവും, കൂടെ സഹായത്തിന് മണിയും അല്ലും. കുഞ്ഞന്റെ വീട്ടിൽ ഒരു പാത്രവും ഒരു കിടക്കയും എനിക്കായ് മാറ്റി വെച്ചിട്ടുണ്ടായിരുന്നു.
വിളവെടുപ്പ് ഉത്സവമായ വിഷുക്കാലത്താണ് കശുവണ്ടി പൂത്തുലയുന്നത്. ഉൾനാടൻമലയോര ഗ്രാമപ്രദേശമായതിനാൽ അണ്ടി ലഭ്യത വളരെ കൂടുതലായിരുന്നു.കിട്ടാവുന്നിടത്തോളം ശേഖരിച്ച് അത് വിറ്റ് അന്നത്തെക്കാലത്തെ (1975 ) അയ്യായിരം രൂപയിൽ കൂടുൽ തുകക്ക് പടക്കം വാങ്ങി പൊട്ടിച്ച് വിഷു അടിച്ച് പൊളിക്കും . വിഷുക്കണി കാണാൻ പുലർച്ചേ തന്നെ ഞാനവിടെ ഉണ്ടാവും. വയർ മുറുക്കി ഉടുത്തിരുന്ന ദിവസങ്ങളിൽ നിന്നും വ്യത്യസ്തമായി നെയ്യപ്പത്തിൽ നിന്ന് തുടങ്ങി മുഴുവയറിലേക്ക് മാറും. എനിക്ക് കൈത്താങ്ങ് നൽകിയ കുഞ്ഞന്റെ അച്ഛൻ ദാമോദരേട്ടനും അമ്മ ജാനൂടത്തിയിയേയും (ഞാൻ അമ്മേയെന്നു തന്നെയാണ് വിളിക്കാറ്) പ്രതിപാദിക്കാതെ വയ്യ.
ചിങ്ങനിലാവ് തെളിയുമ്പോൾ പൂവിളി ഉണരുമ്പോൾ….അത്തം, ചിത്തിര, ചോതി,വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം വരെയുള്ള നാളുകൾ ആഘോഷ നാളുകളായി മാറുന്നു. നേരത്തത്തെ അരവയർ മുഴുവയർ ആവുന്ന കാലം. ഇന്നത്തെപ്പോലെയല്ല തിന്നാനുള്ളത് കുറവാണെങ്കിലും പറമ്പും തൊടിയും ധാരളമുള്ള കാലം… പൂവും പറിച്ചങ്ങ്… അരുളാതെ പോവുമ്പോൾ….പൂവേ പൊലി… പൂവേ പൊലി…. പൂവേ പൊലി… പൂവേ…. ചിങ്ങം പിറക്കുന്നതിനു മുമ്പേ പൂക്കുട്ട ഉണ്ടാക്കിയെടുക്കും. കൈതോല കൊണ്ടുണ്ടാക്കുന്ന പൂക്കുട്ട കാണാൻ എന്തു രസമാണെന്നോ.. പറമ്പുകൾ തോറും കയറിയിറങ്ങുന്ന ഞങ്ങൾ പഞ്ചപാണ്ഡവരിൽ ഓരോരുത്തരുടെയും കഴുത്തിൽ 5 പൂക്കൊട്ടകൾ വീതം തൂങ്ങുന്നുണ്ടാവും. തുമ്പ,( കൂട്ടിയിടുമ്പോൾ പൊന്നിയരിയുടെ ചോറാണെന്ന് തോന്നും)മുക്കുറ്റി, അരിപ്പൂ, വേലിയരിപ്പൂ (വേലി കെട്ടാൻ ഉപയോഗിക്കുന്ന ചെടിയുടെ), കാക്കപ്പൂ, നന്ത്യാർവട്ടം, എല്ലാം വേറെ വേറെ പൂക്കുടകളിൽ ശേഖരിക്കും. തമ്മിൽ മത്സരമാണ് കെട്ടോ … സന്ധ്യമയങ്ങുന്നതിന് മുമ്പായി ചെല്ലുമ്പോൾ അമ്മ ചോദിക്കും ആർക്കാണ് കൂടുതൽ കിട്ടിയതെന്ന്.ശർക്കര കാപ്പിയും കപ്പയും കാണും തിന്നാൻ (കപ്പ ചോന്ന മുളകിലും കടുകിലും വറവിട്ടാൽ എന്തു രസമാണെന്നോ..

അന്ന് രാത്രി നേരം വെളുക്കുന്നതും കാത്തു കിടപ്പാണ്. ഒരാഴ്ച സമയമെടുത്ത് അമ്മയും ശ്യാമളേച്ചിയും കൂടി പൂത്തറ തയ്യാറാക്കും.ചെറുതല്ല ട്ടോ, പൂത്തറയെ തട്ടുകളായി തിരിച്ചിട്ടുണ്ടാവും. വളരെ നേരത്തെ കുളിച്ച് കുഞ്ഞന്റെ വീട്ടിലേക്കോടും.എന്തിനാണെന്നോ… പൂവിടാൻ.. അന്നത്തെക്കാലത്ത് ഇത്തിരി ജാതി വ്യവസ്ത കൂടി ബാക്കിണ്ടായിരുന്ന് തോന്ന്ണു. എല്ലാരും പറയും മാപ്പളാര് പൂ പറിച്ചാൽ പൂ വാടിപ്പോവൂന്ന്…. എന്തേ ഞാൻ പറിച്ച പൂ വാടീല്ല.അധികം വീട്ടുകാരും പൂത്തറയിൽ പൂവിടാൻ സമ്മതിക്കാറില്ല. ഇവടെ ഞാനും ശ്യാമളേച്ചിയും കൂടാണ് പൂവിടാറ്. പൂവിട്ട് കഴിഞ്ഞ ഉടനെ അമ്മയുടെ വക ചായയും പലഹാരവും ഉണ്ടാവും. പൂത്തറ മൊഞ്ചാക്കിയതിന്റെ ബാക്കി പൂ ഞാൻ പൊതിഞ്ഞെടുക്കും.പിന്നെ സ്‌കൂളിലേക്കാണ് പോക്ക്. ബെല്ലടിക്കുന്നതിന് മുമ്പേ എത്തി ക്ലാസ്സിലെ ഒരു മൂലയിൽ എന്റെ പൂക്കളം തയ്യാറായിട്ടുണ്ടാവും. ടീച്ചർമാരൊക്കെ കട്ട സപ്പോർട്ടാണ് ട്ടോ.,ഇത് എട്ട് നാളും നീളും ചെറിയോണം വന്നാൽ പൂത്തറയുടെ വിസ്തൃതി കൂട്ടിയിട്ടാ പൂവിടുക.. വെല്യോണം വന്നാലോ… കുഞ്ഞന്റെ വീടിന്റെ മുറ്റത്തേക്ക് ഒരു വഴിയായി ഒരു പാസേജ് തന്നെ ഉണ്ടായിരുന്നു.. ഇടവഴിയിൽ നിന്ന് കയറി വരുന്നിടത്ത് നിന്നും തുടങ്ങി പൂത്തറ വരെ ചാണം മെഴുകും. തുടക്കം മുതൽ പൂത്തറ വരെ പൂക്കളങ്ങൾ നിറയ്ക്കും. അത് എന്റെ പണിയാണ്…. അന്നേക്ക് കുറച്ച് വല്യ പൂക്കളും കൂടെ പറിച്ചോണ്ട് വരും. തെകയണ്ടെ, സൂര്യകാന്തിപ്പൂ, ഓടപ്പൂ, തെച്ചിപ്പൂ, ചെമ്പരത്തി ഒക്കെ, എന്തൊക്കെ കിട്ടോ.. അതെല്ലാം… ഇതിനിടക്ക് സ്‌കൂളിലെ ഓണാഘോഷവും ഓണപ്പൂക്കളവും ഒക്കെ കഴിയുട്ടോ….. തിരുവോണ ദിവസം ഞാൻ പിന്നെ അവടെ തന്നാണ്… അമ്മന്റെയും അച്ഛന്റെയും വകയുള്ള ഓണക്കോടിയും മാറ്റി(വിഷുവിന് അണ്ടി വിറ്റ കാശ് കൊണ്ട് ഞങ്ങൾ തന്നാണ് ട്ടോ വിഷുക്കോടി വാങ്ങാറ്. അച്ഛനും അമ്മയും വിഷുക്കൈനീട്ടം തരും)ഓരോടൊപ്പം അങ്ങ് കൂടും.ഇതിനിടക്ക് നൂറ് വിളികൾ ഇമ്മച്ചി വിളിക്കുന്നുണ്ടാവും. തിന്നും കുടിച്ചും തുമ്പി തുള്ളന്നത് കണ്ടും കൈകൊട്ടിക്കളി ആസ്വദിച്ചും ( ഓണസദ്യ കഴിഞ്ഞ് അയലക്കത്തെ ആൺകുട്ടികളും പെൺകുട്ടികളും ഞങ്ങളുടെ മുറ്റത്തേക്കാണ് വരാറ്) സമയം പോയതറിയില്ല. ശ്യാമളേച്ചി വിളക്കുമായി നാമം ചൊല്ലാൻ വേണ്ടി വരുമ്പോളാണ് ഇമ്മച്ചിയുടെ അടുത്ത വിളി.നോക്ക് ബാങ്ക് കൊടുത്ത് ട്ടോ ഇപ്പച്ചി ഇപ്പം വരുട്ടോ… വേഗം പോര്ന്ന്. ഇതിന്റിടക്ക് ശിവന്റെ വീട്ടിലും പോയി ഒരു കപ്പ് പായസം അടിച്ചിട്ടുണ്ടാവും. ഇതിനിടയിൽ മാവേലി കുഞ്ഞന്റെ വീട്ടിൽ വന്ന് പോയിട്ടുണ്ടാവും.. കുഞ്ഞന്റെ വീട്ടിൽ കേറാതെ വേറെ ഏടെ പ്പോവാനാ… അങ്ങനത്തെ ഒരുക്കങ്ങളല്ലേ ഞങ്ങൾ ചെയ്തത്.നേരത്തേ ഓണപ്പൊട്ടനും വന്ന് പോയീനി ട്ടോ….പിന്നെയും കുറേ ദിവസം പൂത്തറയിൽ ഒരിദളെങ്കിലും പൂവിടുന്നത് കാണാം. ശ്യാമളേച്ചിയോട് ചോദിച്ചപ്പോൾ മകം നാളിൽ പൂത്തറ ചെത്തിക്കോരി കളയുന്നതുവരെ ഇത് തുടരണമെന്നാണ് ശാസ്ത്രം എന്ന് പറഞ്ഞു. സാമുദായിക സൗഹാർദത്തിന്റെ ഉത്തമ ഉദാഹരണമാണ് ഞങ്ങൾ അനുഭവിച്ചത്.
ഇപ്പോൾ എവിടെയുണ്ട് തുമ്പയും തെച്ചിയും….. കേരളക്കരയിലെ ഓരോ പൂക്കളത്തിലും ജെമന്തിയും മന്താരവും സൺ ഫ്‌ലവറും സ്ഥാനം പിടിച്ചില്ലേ. അന്യ സംസ്ഥാനങ്ങളിൽ നിന്നും വരുന്ന പൂക്കൾക്കാവട്ടെ തീവിലയും.പൂക്കുട്ടയും പൂത്തറയും എവിടെയോ പൊയൊളിച്ചു .പല കളറുകളുള്ള പ്ലാസ്റ്റിക്ക് പൂക്കളാൽ തീർക്കുന്ന പൂക്കളം അതി വിദൂരമല്ല. കുട്ടികൾ ഡിജിറ്റൽ പൂക്കളത്തിലേക്ക് മാറിയിരിക്കുന്നു. ഓണസദ്യയും പാലട പ്രഥമനും ദിവസക്കൾക്കു മുമ്പേ ബുക്ക് ചെയ്യേണ്ടി വന്നിരിക്കുന്നു. ഇന്ന് എവിടെ വറുതി. കാർഡുകളുടെ നിറവ്യത്യാസത്തിൽ തരം തിരിച്ച് എല്ലാർക്കും ഓണക്കിറ്റ് കൊടുത്ത്…. അന്നത്തെ പെടാപ്പാടുകളെല്ലാം പാടെ മറന്ന് കൈയിൽ കിട്ടിയ കാശുമായി ഓഫറുകളുടെ പിന്നാലെ പായുന്ന സമൂഹത്തെ കാണുമ്പോൾ ആ വറുതിക്കാലത്ത് കൂട്ടുണ്ടായിരുന്ന സ്‌നേഹവും സന്തോഷവും സങ്കടവും നന്മയും നൊമ്പരവുമായിരുന്നില്ലേ സുഖശീതളമായിരുന്ന ജീവിതം എന്ന് തോന്നിപ്പോവുകയാണ്.കരുതലിനും പങ്കുവെക്കലിനുമായുള്ള ഒരു കാലത്തേക്ക് ഇനി എന്ന് തിരിച്ചു പോകാൻ പറ്റും.പരസ്പരം കച്ചവടക്കണ്ണോടെ സ്‌നേഹവും ദയാവായ്പും വിൽപ്പന ചരക്കാക്കിയിരിക്കുന്നു. ഫേസ് ബുക്കിലേക്കും വാട്ട്‌സ്ആപ്പിലേക്കും വേണ്ടിയുള്ള ഓണം. അവനവന്റെ സ്റ്റാറ്റസ് കളയാതെ സ്റ്റാറ്റസാക്കി മാറ്റാൻ മാത്രം….
ഓണമുണ്ണാൻ വന്നവർക്കൊക്കെ തിരിച്ചു പോകാൻ സമയമായ്, ടിക്കറ്റ് കൺഫേം ആയോ എന്ന് നോക്കുന്ന തിരക്കിലാണ് എല്ലാരും.ആർക്കൊക്കെയോ വേണ്ടി ഓടി തളരുകയല്ലേ നാം.. ടാർജറ്റ് തികക്കേണ്ട തിയതി അടുത്തു…. ഓഫീസിലെ ഓണം സെലിബ്രേഷന് എത്തിയേ പറ്റൂ….. നിരവധി കാരണങ്ങളാകാം…. ആഡംബരങ്ങൾക്ക് നടുവിൽ കിട്ടാക്കടങ്ങളെല്ലാം വാങ്ങി സൊസൈറ്റി സാറും മാഡവുമായി നാം മാറി കഴിഞ്ഞിരിക്കുന്നു. മരണത്തെക്കുറിച്ചോ രോഗത്തെക്കുറിച്ചോ നാം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ…. എൻ പാതിയുടെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ ‘ഒരു ദിവസം അസറിൽ താഴും’. ദൈവനിയോഗമാണ് ഈ ഭൂമിയിലെ ജീവിതം. ആ നിയോഗത്തിന് അറുതി വരുത്തുന്നതും ആ അദൃശ്യ ശക്തി തന്നെയാണ്. എന്നും ഇതുപോലെത്തന്നെയുണ്ടാകുമെന്ന ചിന്ത അഹങ്കാരവും അഹംഭാവവും ഭയാനകമായ കാഴ്ചപ്പാടുമാണെന്ന് തിരിച്ചറിയുക.
എല്ലാ തിരക്കുകളും കഴിഞ്ഞ് വരുമ്പോൾ ചെറുപ്പം ലഹരിയമർന്നു കാണും.പ്രതികരിക്കാനാകാതെ രക്ഷിതാവിനും അധ്യാപകർക്കും വഴി മാറി നടക്കേണ്ടി വരും. ഒച്ചവെക്കുന്നവന്റെയും ശബ്ദവും ജീവനും എന്നെന്നേക്കുമായി നിശബ്ദനാക്കപ്പെടും.രാഷ്ട്രീയ പിൻബലത്തോടെ ക്വട്ടേഷൻ സംഘങ്ങൾ ദൗത്യമേറ്റെടുത്തിരിക്കും. വറുതിയില്ലാകാലം…… മാന്യതയുടെ മുഖം മൂടിയണിഞ്ഞ ഈ കാലം…. പഴയ തലമുറയിലെ സംസ്‌കാരം ഉൾക്കൊണ്ട് മുന്നോട്ടു പോകാൻ നാം ഓരുരുത്തരും തയ്യാറായില്ലെങ്കിൽ വരും കാലത്ത് വലിയ വില നൽകേണ്ടി വരും.

മാവേലി നാടു വാണിടും കാലം…
മാനുഷരെല്ലാരുമൊന്നുപോലെ…
ആമോദത്തോടെ വസിക്കും കാലം…
ആപത്തക്കാർക്കുമൊട്ടില്ല താനും…

കള്ളവുമില്ല ചതിയുമില്ല..
എള്ളോളമില്ല പൊളിവചനം…
കള്ളപ്പറയും ചെറുനാഴിയും…
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല….

ആധികവ്യാധികളൊന്നുമില്ല…
ബാലമരണങ്ങൾ കേൾപ്പാനില്ല…
ദുഷ്ട കൺകൊണ്ടു കാൺമാനില്ല…..
നല്ലവരല്ലാതെയില്ല പാരിൽ…

ഇത് എഴുതിയത് ആരാണെന്നു പോലും നോക്കാതെ ഈ പരമ്പരാഗതഗാനം നമ്മുടെ ചുണ്ടുകളിൽ തത്തികളിക്കുമ്പോൾ…. നമുക്ക് തിരിച്ചുപിടിക്കാം നഷ്ടമൂല്യങ്ങൾ…. അതിനായ് കൈകോർക്കാം….

പൂവിളി….പൂവിളി…..
പൊന്നോണമായി….
നീ വരൂ… നീ വരൂ…..
പൊന്നോണത്തുമ്പീ…
ഈ പൂവിളിയിൽ…….
മോഹം പൊന്നിൻ…..
മുത്തായ് മാറ്റും…….
പൂവയലിൽ……
നീ വരൂ ഭാഗം വാങ്ങാൻ…
പൂവിളി…. പൂവിളി….
പൊന്നോണമായി….

ശ്രീകുമാരൻ തമ്പിയുടെ ഈ വരികൾക്കായ് കാതോർക്കാം….. ഏവർക്കും തിരുവോണാശംസകൾ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *