KERALA Main Banner SPECIAL STORY

തിരുവോണ ചിന്തകൾ

ഡോ. എ.പി ശ്രീകുമാർ

ആസ്തികനും നാസ്തികനും ഒരുപോലെ ആസ്വദിക്കാവുന്ന കലാസൃഷ്ടികൾ കൂടിയാണ് പുരാണങ്ങൾ . വായിക്കുന്നവർക്ക് വ്യത്യസ്തമായി ആസ്വദിക്കാൻ കഴിയുന്നു എന്നത് പുരാണങ്ങളുടെ പ്രത്യകതയാണ്. ഇത്തരം വൈവിധ്യമാർന്ന വ്യാഖ്യാനസാധ്യതകൾ മൂലമാണ് പുരാണ ങ്ങൾ കാലാതീതമായി വായിക്കപ്പെടുന്നതും ചർച്ചചെയ്യപ്പെടുന്നതും.
കുട്ടിക്കാലത്തെ ഓണസ്മരണകൾ ചില സുഗന്ധങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.പപ്പടം കാച്ചുമ്പോഴും ഉപ്പേരിവറുക്കുമ്പോഴുമുള്ളമണം, തലേദിവസം തെങ്ങമത്തെ ആസ്ഥാനതുന്നൽക്കാരനായ കുഞ്ഞുപണിക്കന്റെ കടയിൽ കാത്തിരുന്നു കിട്ടുന്ന ഓണക്കോടിയുടെ മണം , ഓണത്തിനുമാത്രം തരമാകുന്ന അംബാസഡർ കാറിലെ യാത്രയിൽ അനുഭവിക്കുന്ന പെട്രോൾമണം ഇങ്ങനെ കുട്ടിക്കാലത്തെ ഓർമ്മയിലെ ഓണങ്ങൾക്ക് ചില ഗന്ധങ്ങളുണ്ട് .
ഈ ഗന്ധങ്ങളും ഓണക്കാലത്ത് ലഭിച്ചിരുന്ന ചില സ്വാതന്ത്ര്യങ്ങളും അതിനു കാരണഭൂതനായ മഹാബലിക്ക് കുഞ്ഞുമനസ്സുകളിൽ ഹീറോ പരിവേഷം നല്കി.
അന്നത്തെസിനിമകളിലെ ജോസ്പ്രകാശിനെപ്പോലെയോ എംഎൻ നമ്പ്യാരെപോലെയോ ഞങ്ങളുടെ തലമുറ കണ്ട കണ്ണിൽ ചോരയില്ലാത്ത വില്ലനായിരുന്നു വാമനൻ.
കുറച്ചുകുടി വളർന്നപ്പോൾ ഭഗവത്ഗീത വായിക്കാനിടയായി. ഭഗവത്ഗീതയിലെ

‘യദാ യദാ ഹി ധർമ്മസ്യ
ഗ്ലാനിർ ഭവതി ഭാരത
അഭ്യുത്ഥാനമധർമ്മസ്യ
തദാത്മാനംസൃജാമൃഹം’

‘പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃത
ധർമ്മസംസ്ഥാപനാർത്ഥായ
സംഭവാമിയുഗേ യുഗേ’

എന്നീ ശ്ലോകങ്ങളിൽ കൂടി ഭൂമിയിൽ ധർമ്മംക്ഷയിക്കുമ്പോൾ ധർമ്മ സംരക്ഷണത്തിനായി സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദുർജനങ്ങളെ നിഗ്രഹിക്കുന്നതിനുമായി മഹാവിഷ്ണു കാലാകാലങ്ങളിൽ അവതരിക്കുമെന്ന് സൂചിപ്പിക്കുന്നു .
വീണ്ടും സംശയം മഹാബലിയെപ്പറ്റിയായി .അദ്ദേഹത്തിന്റെ ഭാഗത്തുളള തെറ്റ് എന്താണ്
അപ്പോൾ പിന്നെ ദശാവതാരങ്ങളെപറ്റിയായി ചിന്ത

‘മത്സ്യ കൂർമ്മ വരാഹശ്ച
നരസിംഹോഥ വാമന
രാമോ രാമശ്ച രാമശ്ച
കൃഷ്ണ കല്ക്കിതി തേദശ’

ജലജീവിയായ മത്സ്യം ,ഉഭയജീവിയായ ആമ ,കരയിൽ ജീവിക്കുന്ന പൂർണ്ണമൃഗമായ വരാഹം ,പകുതിമനുഷ്യനും പകുതിമൃഗവുമായ നരസിംഹം ,അപൂർണ്ണ മനുഷ്യനായ വാമനൻ ,പൂർണ്ണ മനുഷ്യരായ ശ്രീരാമൻ പരശുരാമൻ ബലരാമൻ ശ്രീകൃഷ്ണൻ ശേഷം ഇനിവരാനിരിക്കുന്ന കല്ക്കി ഇവരാണ് ദശാവതാരങ്ങൾ .
ഇതിൽ ശ്രദ്ധിക്കേണ്ട ഒരു വസ്തുത ദശാവതാരങ്ങളിൽ പത്തിൽ എട്ടും ദുഷ്ട നിഗ്രഹത്തിനാണ്എന്നതാണ്.
മത്സ്യാവതാരം ഹയഗ്രീവനെയും, വരാഹാവതാരം ഹിരണ്യാക്ഷനെയും ,നരസിംഹം ഹിരണ്യകശിപുവിനെയും ,ശ്രീരാമൻ രാവണനെയും, പരശുരാമൻ കാർത്തവീരാർജ്ജുനനെയും ,ബലരാമൻ പ്രലംബാസുരനെയും ,ശ്രീകൃഷ്ണൻ കംസനെയും വധിക്കുന്നു. കലിയുഗാവസനത്തിലെ ദുഷ്ടന്മാരെ നിഗ്രഹിക്കലാണ് കല്ക്കിയുടെ ദൗത്യം.

‘വേദാനുദ്ധരതേ ജഗന്നിവഹതേ ഭൂഗോളമുദ്വിഭ്രദേ
ദൈത്യംദാരയതേ
ബലിം ഛലയതേ
ക്ഷാത്രക്ഷയം കുർവതേ
പൗലസ്ത്യം ജയതേ
ഹലം കലയതേ
കാരുണ്യമാതന്വതേ
മ്ലേഛാന്മൂർച്ചയതേ
ദശാകൃതികൃതേ
കൃഷ്ണായ തുഭ്യം നമ:’

കൊലപാതകോദ്ദേശമില്ലാത്ത രണ്ട്അവതാരങ്ങളാണ് കൂർമ്മവും വാമനനും . ഇതിൽ കൂർമ്മാവതാരം പാലാഴി കടയുന്ന സന്ദർഭത്തിൽ മുങ്ങിപ്പോയ മന്ഥരപർവ്വതത്തെ ഉയർത്തിയെടുക്കുന്നതിനായിരുന്നു. ഈ അവതാരമില്ലായിരുന്നു എങ്കിൽ പാലാഴികടയൽ എന്ന ഹെർക്കുലിയൻ ടാസ്‌ക് മുടങ്ങുമായിരുന്നു.
മഹാബലിയുടെകാര്യത്തിൽ വാമനന് കൊലപാതകഉദ്ദേശമുണ്ടായിരുന്നില്ല . അദ്ദേഹത്തിന്റെ അഹങ്കാരത്തെ കൊല്ലുകയായിരുന്നു ഉദ്ദേശം .
ഒരു മനുഷ്യന്റെ ഏറ്റവും വലിയ ശത്രു അവനിലുള്ള ഞാനെന്ന ഹുങ്കാണ് .ആ ശത്രുവിനെ നിഗ്രഹിക്കണമെന്ന സന്ദേശവുമായി ഒരു അവതാരം തന്നെമുന്നോട്ടുവരുന്നകഥയാണ് മഹാബലിയുടേത് .
നമ്മളിലുള്ള ദർപ്പത്തെ നശിപ്പിക്കാൻ ഓരോതിരുവോണത്തിനും കഴിയട്ടെ.
പാത്രമറിഞ്ഞുവേണംദാനം ചെയ്യാൻ എന്ന
മറ്റൊരു വിലപ്പെട്ടസന്ദേശം കൂടി മഹാബലിയുടെ കഥ നമുക്ക് നല്കുന്നുണ്ടു്.
ദാനം ചെയ്യുമ്പോൾ എടുക്കുന്ന പാത്രത്തിൽ അത്രയും കൊടുക്കാനായി ഉണ്ടോ എന്നും ലഭിക്കുന്ന പാത്രത്തിന്റെ ഉടമസ്ഥൻ അത് എന്തിനായി വിനിയോഗിക്കുമെന്നും മനസ്സിലാക്കി വേണം വിളമ്പേണ്ടത് .
ഏറ്റവുംവലിയ ധർമ്മിഷ്oൻ എന്ന അഹങ്കാരത്തിൽ പാത്രമറിയാതെ ദാനം ചെയ്താൽ മഹാബലിക്കു വന്ന അവസ്ഥ ഉണ്ടാകുമെന്ന ഒരു മുന്നറിയിപ്പു കൂടി ഈ അവതാര കഥയിൽ അടങ്ങിയിരിക്കുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *