ഫറോക്കിൽ ചരിത്രമുറങ്ങുന്ന ജർമ്മൻ ബംഗ്ലാവ്
കാടുകയറി നശിക്കുന്നു;
തന്റെ മണ്ഡലത്തിലെ ഈ ചരിത്ര സ്മാരകം സംരക്ഷിക്കാൻ ടൂറിസം മന്ത്രി ഇടപെടുമോ?

എം എ ബഷീർ
ഫറോക്ക് കോമൺ വെൽത്ത് ഓട്ടുകമ്പനിയുടെ വളപ്പിൽ ചരിത്ര സ്മാരകമായി ജർമ്മൻ ബംഗ്ലാവ്. കമ്പനിയുടെ പടിഞ്ഞാറു ഭാഗത്തായി ചാലിയാറിന്റെ തീരത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. ക്രിസ്തുമത പ്രചാരണത്തിനായി ജർമ്മനിയിൽ നിന്നെത്തിയ മിഷണറിമാരാണ് ആദ്യം മംഗലാപുരത്തും പിന്നീട് കോഴിക്കോട്, ഫറോക്ക് പ്രദേശങ്ങളിലും ഓട്ടുകമ്പനികൾ സ്ഥാപിച്ചത്. 1906 ൽ ആണ് ഫറോക്കിലെ കോമൺവെൽത്ത് ടൈൽ ഫാക്ടറി തുടങ്ങിയത് . അതിനു മുമ്പായിരിക്കണം ജർമ്മൻ മിഷണറിമാർക്കു താമസിക്കുന്നതിനു വേണ്ടി ബംഗ്ലാവ് നിർമ്മിച്ചതെന്ന് പറയപ്പെടുന്നു. ഫറോക്ക് – കരുവൻതുരുത്തി റോഡിനു സമീപത്ത് ചാലിയാർത്തീരത്തെ പ്രകൃതി മനോഹരമായ അഞ്ച് ഏക്കറോളം സ്ഥലത്താണ് ഓട്ടുകമ്പനി നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ പിന്നിൽ ചാലിയാറിന് അഭിമുഖമായാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ജർമ്മൻ വാസ്തുശില്പ മാതൃകയിലാണ് ബംഗ്ലാവിന്റെ നിർമ്മാണം. ഇരുനിലകളിൽ ഓടുകൊണ്ടുള്ള മേൽക്കൂര യോടു കൂടിയാണ് ഇതിന്റെ നിർമ്മിതി. പ്രവേശന കവാടം കിഴക്കുഭാഗത്ത് ഫാക്ടറിക്ക് അഭിമുഖമായാണ്. ചെങ്കല്ല്, ഗരുഡീസ്, തറയോട്, മരം ഇവയെല്ലാം നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. വിശാലമായ ശയനമുറികളും വലിയ വാതിലുകളും ജനാലകളുമൊക്കെ ബംഗ്ലാവിന്റെ സവിശേഷതയാണ്. എല്ലാ കാലാവസ്ഥയിലും കുളുർമ്മ അനുഭവപ്പെടുന്ന നിർമ്മിതി.
കാലപ്പഴക്കവും പരിചരണമില്ലായ്മയും മൂലം ഈ ചരിത്ര സ്മാരകം നശിച്ചു കൊണ്ടിരിക്കുകയാണ്. പ്രവേശന കവാടത്തിലെ മേൽക്കൂര തകർന്നു വീണിരിക്കുന്നു. വാതിലുകളും ജനലുകളും പൊളിഞ്ഞ നിലയിലാണ്. ചുറ്റും കാടും പടർപ്പും കയറിയിരിക്കുന്നു. ബംഗ്ലാവിന്റെ മുന്നിൽ സായിപ്പിനു വിശ്രമിക്കാൻ പുൽത്തകിടിയും ഇരിപ്പിടങ്ങളും ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം നശിച്ചു കഴിഞ്ഞിരിക്കുന്നു.
ബേപ്പൂർ മണ്ഡലത്തിന്റെ എം എൽ എ കൂടിയായ പൊതുരാമത്തു – ടൂറിസം മന്ത്രി മുഹമ്മദു റിയാസ് അടുത്ത നാളിൽ കോമൺവെൽത്ത് ബംഗ്ലാവ് സന്ദർശിച്ചിരുന്നു. സംരക്ഷിക്കപ്പെടുന്നില്ലെങ്കിൽ ഈ ചരിത്ര സ്മാരകം അധികം വൈകാതെ ഒരോർമ്മ മാത്രമായി മാറും.