അടിമാലിയിൽ മുക്കുപണ്ടം നൽകി 3 ലക്ഷം രൂപ തട്ടിയെടുത്ത സംഭവം; സിനിമാ നടൻ അറസ്റ്റിൽ

അടിമാലി: മുക്കുപണ്ടം നൽകി അടിമാലിയിലെ സ്വർണ വ്യാപാരിയിൽ നിന്നും 3 ലക്ഷം രൂപ തട്ടിയെടുത്ത സിനിമാ നടൻ ഗോവയിലെ ആഡംബര കപ്പലിൽ നിന്നും പിടിയിൽ. പെരുമ്പാവൂർ പോഞ്ഞാശ്ശേരി സ്വദേശി സനീഷാണ് അറസ്റ്റിലായത്. തട്ടിപ്പിന് ശേഷം കേരളം വിട്ട സനേഷിനെ വെള്ളത്തൂവൽ പൊലീസ് തന്ത്രപരമായി കുടുക്കുകയായിരുന്നു. ഗോവയിലെ ആഡംബര കപ്പലിൽ ചൂതുകളിക്കിടെയാണ് സനീഷ് പിടിയിലാവുന്നത്.
കഴിഞ്ഞ ജൂലൈ ഒന്നിന് അടിമാലിയിൽ പ്രവർത്തിച്ച് വരുന്ന സ്വർണ്ണ വ്യാപാര സ്ഥാപന നടത്തിപ്പുകാരെയായിരുന്നു പിടിയിലായ പ്രതി ഉൾപ്പെട്ട സംഘം കബളിപ്പിച്ചത്. കേസിലെ ഒന്നാംപ്രതി അടിമാലി മുനിത്തണ്ട് അമ്പാട്ടുകുടി ജിബി കുര്യാക്കോസ്(41) നെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.ജിബിയാണ് കേസിലെ മുഖ്യപ്രതി. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് വെള്ളത്തൂവൽ പോലീസ് പറഞ്ഞു.
സനീഷ് ഗോവയിൽ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെ എത്തിയത്. ആഡംബര കപ്പലിൽ വേഷം മാറി കയറിയ പോലീസ് സനീഷിനെ പരിചയം ഭാവിച്ച് കുടുക്കുകയായിരുന്നു. പെരിന്തൽമണ്ണ , റാന്നി , കുന്നത്തുനാട് , പെരുമ്പാവൂർ, ആലുവ ഈസ്റ്റ് തുടങ്ങിയ പോലീസ് സ്റ്റേഷനുകൾ എല്ലാം ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതായി പോലീസ് പറഞ്ഞു.
പ്രേമം, സ്റ്റാന്റപ്പ് കോമഡി, ലാൽ ബഹദൂർ ശാസ്ത്രി തുടങ്ങിയ സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്.
കോടതി ജാമ്യം നിഷേധിച്ച ഒന്നാംപ്രതി ജിബിക്കും സംസ്ഥാനത്ത് പല കേസുകൾ ഉള്ളതായി കണ്ടെത്തിയിരുന്നു. പിടിയിലാകാനുള്ള നൗഷാദും നിരവധി കേസുകളിൽ ഉൾപ്പെട്ട ആളാണെന്ന് പോലീസ് പറഞ്ഞു. സനീഷിനെ ഇന്നലെ ആനച്ചാൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം രാത്രിയോടെ ദേവികുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി വി .യു കുര്യാക്കോസിന്റെ നിർദ്ദേശപ്രകാരം സജി എൻ പോൾ, എ.എസ്.ഐ കെ എസ് സിബ്, രാജേഷ് വി നായർ , എസ്.സി.പി.ഒ ജോബിൻ ജെയിംസ് എന്നിവർ അടങ്ങുന്ന സംഘമാണ് ഗോവയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.