ALAPUZHA

വളമിടാനും കീടനിയന്ത്രണത്തിനും ഡ്രോൺ
കയ്യടി നേടി പാടത്തെ ഡ്രോൺ പരീക്ഷണം

ആലപ്പുഴ: പറന്നുയർന്ന വലിയ ഡ്രോണിൽനിന്നും കൈനകരിയിലെ കാടുകയ്യാൽ പാടശേഖരത്തിനു മുകളിലേക്ക് കൃത്യമായ അളവിൽ വെള്ളം സ്പ്രേ ചെയ്തപ്പോൾ നാട്ടുകാരുടെ കയ്യടി ഉയർന്നു. ഡ്രോണിന്റെ നിയന്ത്രണം ജില്ലാ കളക്ടർ വി.ആർ. കൃഷ്ണതേജ ഏറ്റെടുത്തതോടെ അവരുടെ ആവേശമേറി.
താഴെയെത്തിയപ്പോൾ പാടത്തെ പുതിയ താരത്തെ നേരിൽ കാണാൻ തിരക്കായി.
കൃഷിയുമായി ബന്ധപ്പെട്ട മേഖലകളിൽ ഡ്രോണുകൾ ഉപയോഗിക്കുന്നതിനു മുന്നോടിയായുള്ള പ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങായിരുന്നു വേദി. ഡ്രോൺ ഉപയോഗിച്ച് പാടത്ത് കീടനാശിനി തളിക്കുന്ന പ്രവർത്തനമാണ് കീടനാശിനിക്കു പകരം വെള്ളം ഉപയോഗിച്ച് പരിശോധിച്ചത്.
കാർഷിക മേഖലയിൽ പുത്തൻ സാങ്കേതിക വിദ്യകൾ ഏർപ്പെടുത്തുമ്പോൾ ജനങ്ങൾക്ക് സ്വാഭാവികമായുണ്ടാകുന്ന ആശങ്കകൾ പരിഹരിക്കാൻ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ഉദ്ഘാടകനായ കളക്ടർ നിർദേശിച്ചു.
വളപ്രയോഗം, കളനിയന്ത്രണം, കീടനിയന്ത്രണം, ഏരിയൽ സർവേ എന്നീ മേഖലകളിൽ ഡ്രോണുകൾ ഫലപ്രദമായി ഉപയോഗിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. നടപ്പു സാമ്പത്തിക വർഷം വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എസ്.എം.എ.എം. പ്രകാരം പത്ത് ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാലു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെ സബ്‌സിഡിയിൽ നൽകും.
പദ്ധതി ജനങ്ങളിലേക്ക് എത്തിക്കുന്നതിനായാണ് ജില്ലകൾതോറും കൃഷിയിടങ്ങളിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തിപരിചയവും നടത്തുന്നത്. ചടങ്ങിൽ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. സി. പ്രസാദ് അധ്യക്ഷത വഹിച്ചു.ദക്ഷിണ മേഖലാ എക്‌സിക്യൂട്ടീവ് എൻജിനീയർ (കൃഷി) സി.കെ. രാജ്‌മോഹൻ, വിഷയം അവതരിപ്പിച്ചു.
കൈനകരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത മിനിൽകുമാർ, പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. എ. പ്രമോദ്, ഗ്രാമപഞ്ചായത്ത് അംഗം ഡി ലോനപ്പൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സിബി നീണ്ടുശ്ശേരി, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ ഷൈനി ലൂക്കോസ്, എം. സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *