ലഹരിക്കെതിരെ ശക്തമായ നടപടികളും പ്രതിരോധവുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്

മുക്കം:ഗ്രാമ നഗര വ്യത്യാസമില്ലാതെ സമൂഹത്തിൻറെ മുഴുവൻ മേഖലകളിലും ലഹരി മാഫിയ പിടിമുറുക്കിയ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ഒരുങ്ങി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.
പോലീസ്, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ വിവിധ പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞദിവസം പഞ്ചായത്തിൽ ചേർന്നസംയുക്ത യോഗത്തിൽ തീരുമാനമായി.
പഞ്ചായത്തിലെ 3 ഹൈസ്‌കൂൾ ഹയർസെക്കൻഡറി സ്‌കൂളുകളിലെ പിടിഎ ഭാരവാഹികളും പ്രധാനാധ്യാപകരും പോലീസ് എക്‌സൈസ് അധികൃതരും യോഗത്തിൽ പങ്കെടുത്തു. പോലീസ് എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെ പഞ്ചായത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിരീക്ഷണം കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി.
ബോധവൽക്കരണ ക്ലാസുകൾ ഏരിയ മീറ്റിംഗുകൾ തുടങ്ങിയവയും സംഘടിപ്പിക്കും.
ഏരിയാതല മീറ്റിംഗുകൾക്ക് സ്‌കൂൾ പിടിഎകമ്മറ്റികളും വാർഡ് മെമ്പർമാർ, വാർഡിലെ ജാഗ്രതാസമിതികൾ എന്നിവർ നേതൃത്വം നൽകും.ഓണാവധിക്ക് ശേഷം സ്‌കൂളുകൾ തുറന്നാൽ ക്ലാസ് പിടിഎ വിളിച്ച് ലഹരിയുമായി ബന്ധപ്പെട്ട വിഷയം പ്രധാന അജണ്ട വച്ച് ചർച്ച ചെയ്യും.
രക്ഷിതാക്കൾക്ക് ഉൾപ്പെടെ പ്രത്യേക ബോധവൽക്കരണവും ഒക്ടോബർ രണ്ടിന് സംസ്ഥാന സർക്കാരിൻറെ പദ്ധതിയുമായി സഹകരിച്ച് ബോധവൽക്കരണ സെമിനാർ, വീഡിയോ പ്രദർശനം എന്നിവയും നടക്കും.പൊതുജനങ്ങൾക്ക് ലഹരി മാഫിയയെ കുറിച്ച്
അറിയിപ്പുകൾ നൽകുന്നതിനായി പഞ്ചായത്ത് അധികൃതർ, പോലീസ്, എക്‌സൈസ് അധികൃതർ എന്നിവരുടെ നമ്പറുകൾ സഹിതം പോസ്റ്ററുകൾ തയ്യാറാക്കി പ്രദർശിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് അധ്യക്ഷയായി.
മുക്കം എസ് ഐ സജിത് സജീവ്, കുന്നമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ ഷഫീഖ് ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാബ് മാട്ടുമുറി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ദിവ്യ ഷിബു ,എംടി റിയാസ് ,ആയിഷ ചേലപുറത്ത് തുടങ്ങിയവർ സംബന്ധിച്ചു.



