KERALA Second Banner TOP NEWS

വിവാഹമോചനക്കേസിൽ വിവാദ പരാമർശവുമായി ഹൈക്കോടതി;
ഉപയോഗിച്ച് വലിച്ചെറിയുന്ന സംസ്‌കാരം വിവാഹബന്ധത്തിലും

കൊച്ചി; ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം നമ്മുടെ വിവാഹ ജീവിതങ്ങളേയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി. ആവശ്യം കഴിയുമ്പോൾ ഒഴിവാക്കുന്ന ലിവിങ് ടുഗതർ ബന്ധങ്ങൾ വളരുകയാണെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു. ആലപ്പുഴ സ്വദേശികളുടെ വിവാഹ മോചന ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ മഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ചിന്റെ വിവാദ പരാമർശം.


ബാധ്യതകൾ ഇല്ലാതെ ജീവിതം ആസ്വദിക്കുന്നതിന് തടസ്സമാകുന്ന തിന്മയായാണ് വിവാഹത്തെ പുതുതലമുറ കാണുന്നത്. ഭാര്യ എന്നാൽ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചുവരുന്നവൾ എന്നതാണ് ഇന്നത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്‌കാരം വിവാഹ ബന്ധങ്ങളെയും ബാധിച്ചു. എപ്പോൾ വേണമെങ്കിലും ഗുഡ് ബൈ പറഞ്ഞു പിരിഞ്ഞു പോകാവുന്ന ലീവ് ഇൻ റിലേഷൻഷിപ്പുകൾ കേരളത്തിൽ വർദ്ധിച്ചുവെന്നും ഹൈക്കോടതി പറഞ്ഞു.
വിവാഹ ബന്ധങ്ങൾക്ക് വിലകൽപ്പിച്ചിരുന്ന കാഴ്ചപാടുള്ള സംസ്ഥാനമായിരുന്നു കേരളം. എന്നാൽ ജീവിതം ആസ്വദിക്കുന്നതിന് വിവാഹ ബന്ധം തടസ്സമാണ് എന്ന കാഴ്ചപാടിലേക്ക് ഇത് മാറുന്നു. വിവാഹ മോചിതരാകുന്നവരുടേയും അവരുടെ കുട്ടികളുടേയും എണ്ണം വർധിച്ചുവരുന്നത് സാമൂഹ്യ ജീവിതത്തെ ദോഷകരമായി ബാധിക്കും. ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളം ഒരു കാലത്ത് ശക്തമായ കുടുംബ ബന്ധങ്ങൾക്ക് പ്രസിദ്ധമായിരുന്നു. എന്നാൽ വളരെ ചെറിയ കാര്യങ്ങൾക്കും സ്വാർത്ഥമായ ചില താത്പര്യങ്ങൾക്കുംവേണ്ടി വിവാഹേതര ബന്ധങ്ങൾക്കായി വിവാഹ ബന്ധം തകർക്കുന്നതാണ് പുതിയ ചിന്ത.- ഹൈക്കോടതി വിലയിരുത്തി.
വിവാഹമോചനം ആവശ്യപ്പെട്ട് യുവാവാണ് കോടതിയെ സമീപിച്ചത്. വിവാഹബന്ധം വേർപെടുത്താനുള്ള ഹർജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരായാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ഭാര്യയിൽ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന കാരണമാണ് വിവാഹമോചനത്തിനായി യുവാവ് ചൂണ്ടിക്കാട്ടിയത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *