ഉരുൾപൊട്ടി ഒരു കുടുംബത്തിലെ അഞ്ച് പേരും മരിച്ചു, വീട് പൂർണമായും മണ്ണിനടിയിൽ

ഇടുക്കി: തൊടുപുഴ കുടയത്തൂരിൽ ഇന്നലെ പുലർച്ചേയുണ്ടായ ഉരുൾപൊട്ടലിൽ നാല് വയസ്സായ കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ ദാരുണായി മരണമടഞ്ഞു. മണ്ണിനടിയിലായ അഞ്ചുപേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
ചിറ്റടിച്ചാലിൽ സോമന്റെ വീടാണ് ഒലിച്ചു പോയത്. സോമൻ, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകൾ നിമ, നിമയുടെ മകൻ നാലു വയസ്സുകാരൻ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.


കുടുംബം ഉറങ്ങിക്കിടക്കുമമ്പോഴായിരുന്നു അപകടം.
സോമന്റെ അമ്മ തങ്കമ്മയുടെയും കൊച്ചുമകന്റെയും മൃതദേഹമായിരുന്നു ആദ്യം കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലിൽ ബാക്കിയുള്ളവരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു.
വീട് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് താഴെയായാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇന്നലെ പുലർച്ചെ സംഗമം കവലയ്ക്ക് സമീപമാണ് ഉരുൾപൊട്ടലുണ്ടായത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നായിരുന്നു രക്ഷാ പ്രവർത്തനം. റവന്യൂവകുപ്പും സ്ഥലത്തുണ്ട്.
ജില്ലാ കളക്ടറും, എസ്പി യും ഉൾപ്പെടെ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ സമീപ വാസികളെ കുടയത്തൂർ തകിടിയിൽ എൽപി സ്‌കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തുള്ളവരെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞിരുന്നു. പ്രദേശത്ത് ഇന്നലെ രാത്രി കനത്ത മഴയായിരുന്നു. പുലർച്ചെ നാലു മണിയോടെയായിരുന്നു ഉരുൾപൊട്ടലുണ്ടായത്.