Second Banner TOP NEWS

സ്വന്തമായി ഡ്രോൺ നിർമ്മിച്ച് പറത്തി ഒമ്പതാം ക്ലാസ്സുകാരൻ; അഭിനന്ദനവുമായി കളക്ടർ

ആലപ്പുഴ: ഉപയോഗശൂന്യമായ വസ്തുക്കളും മൊബൈൽ ഫോൺ ക്യാമറയും ഉപയോഗിച്ച് സ്വന്തമായി ഡ്രോൺ നിർമിച്ച ഒൻപതാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഇൻസാഫിന് ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജയുടെ അഭിനന്ദനം. ഇൻസാഫ് കളക്ടറുടെ ഔദ്യോഗിക വസതിയിലെത്തി ഡ്രോൺ പ്രവർത്തിപ്പിച്ചു കാണിച്ചു.

മുഹമ്മദ് ഇൻസാഫ് സ്വന്തമായി നിർമിച്ച ഡ്രോൺ ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണജയെ പ്രവർത്തിപ്പിച്ചു കാണിക്കുന്നു


ഉപയോഗശൂന്യമായ പേന, സി.ഡി, കമ്പി, കുപ്പികളുടെ അടപ്പ്, ഐസ്‌ക്രീം സ്റ്റിക്, ഇലക്ട്രിക് വയറിന്റെ കഷ്ണങ്ങൾ, അലൂമിനിയം ഫ്രെയിം തുടങ്ങിയവ ഉപയോഗിച്ചാണ് ഡ്രോൺ നിർമിച്ചത്. കേടായ മൊബൈൽ ഫോണിലെ ക്യാമറയാണ് ഡ്രോണിലുള്ളത്. റിമോട്ട് ഉപയോഗിച്ച് പറത്താവുന്ന ഡ്രോണിൽ പകർത്തുന്ന ദൃശ്യങ്ങൾ തത്സമയം മൊബൈൽ ഫോണിൽ കാണാനാകുമെന്നും 90 കിലോമീറ്റർ വരെ വേഗത്തിൽ 600 മീറ്റർ വരെ ചുറ്റളവിൽ പറക്കാൻ കഴിയുമെന്നും ഇൻസാഫ് പറയുന്നു.
നിർമ്മാണത്തിനിടയിൽ മൂന്നുവട്ടം പരാജയപ്പെട്ട ശേഷം നാലാം തവണയാണ് ഇൻസാഫിന്റെ ഡ്രോൺ പറന്നുയർന്നത്. നാല് വർഷം മുൻപ് മാതാപിതാക്കളുടേയും അധ്യാപകരുടെയും പ്രോത്സാഹനത്തിലാണ് സ്വന്തമായി ഡ്രോൺ നിർമിക്കാൻ ശ്രമം തുടങ്ങിയത്. കാക്കാഴം ഗവൺമെൻറ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഇൻസാഫ് നീർക്കുന്നം ഇനായത്ത് മൻസിലിൽ അൻസിലിൻറെയും സുൽഫിയയുടേയും മകനാണ്. സഹോദരി: നുസ്ഹ ഫാത്തിമ.

Related Posts

Leave a Reply

Your email address will not be published. Required fields are marked *