വിഴിഞ്ഞം സമരത്തെ തള്ളി വെള്ളാപ്പള്ളി;
ഭൂരിഭാഗം ആവശ്യവും സർക്കാർ അംഗീകരിച്ചതിന് ശേഷവും തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല

എം.കെ അനിൽകുമാർ
തൃപ്പൂണിത്തുറ: ഭൂരിഭാഗം ആവശ്യവും സർക്കാർ അംഗീകരിച്ചതിന് ശേഷവും വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാവുന്നതല്ലെന്ന് വെള്ളാപ്പള്ളി നടേശൻ. ഉദയംപേരൂർ എസ്എൻഡി പി ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാനെത്തിയ വെള്ളാപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
പിണറായി മിടുക്കനായ ഭരണാധികാരി ആണ്. അതു കൊണ്ടാണ് ഗവർണറുമായി ഏറ്റുമുട്ടലിന് പോകാത്തത്. സിപിഐ എമ്മിന് മുഴുവൻ സമയ സെക്രട്ടറി അനിവാര്യമാണ്. ഗോവിന്ദൻ മാഷുടെ അറിവും പരിചയവും പാർട്ടിയെ നയിക്കാൻ സഹായിക്കും.
നല്ല രീതിയിൽ പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിയും.ആദ്യമന്ത്രിസഭ കഴിവു തെളിയിച്ചതുകൊണ്ടാണ് തുടർ ഭരണം കിട്ടിയത്.
രണ്ടാം എൽഡിഎഫ് മന്ത്രിസഭയിലെ പുതുമുഖങ്ങളും കഴിവു തെളിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സജി ചെറിയാൻ നല്ല മന്ത്രിയായിരുന്നു. വകുപ്പ് നന്നായി കൈകാര്യം ചെയ്തിരുന്നു. തിരികെ മന്ത്രിസഭയിലേക്ക് വരാൻ കൊള്ളാവുന്ന ആളാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശ്രീനാരായണ വിജയസമാജം ശാഖ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദയം പേരൂരിന് ഉത്സവമായി;
ഉദ്ഘാടനം നിർവ്വഹിച്ച് വെള്ളാപ്പള്ളി നടേശൻ
എം.കെ അനിൽകുമാർ
തൃപ്പൂണിത്തുറ : പീതപതാകകളും തോരണങ്ങളും കൊണ്ട് അലംകൃതമായ ഉദയംപേരൂർ ആഘോഷ നിറവിൽ. ഉദയംപേരൂർ ശ്രീനാരായണ വിജയസമാജം എസ്.എൻ.ഡി.പി യോഗം 1084 ശാഖയുടെ 75ാം വാർഷികാഘോഷം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു.
എസ്.എൻ.ഡി.പി യോഗത്തിന്റെ ഏറ്റവും വലിയ ശാഖകളിലൊന്നിന്റെ ജൂബിലിയാഘോഷം ഉദയംപേരൂരിന്റെ ആഘോഷമായി മാറി. പീത പതാകകളേന്തി വാദ്യമേളങ്ങളോടെ വിവിധ കുടുംബ യൂണിറ്റുകളിൽ നിന്ന് ആരംഭിച്ച ഘോഷയാത്രകൾ
നടക്കാവിലും പത്താംമൈലിലും കൂടിച്ചേർന്ന് ശാഖാ യോഗത്തിന്റെ മുൻകാല ഭാരവാഹികൾ നയിച്ച ഘോഷയാത്ര ശാഖാ അങ്കണത്തിലെത്തിച്ചേർന്നു.

മൺമറഞ്ഞ നേതാക്കളുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന്, ഗുരുസമക്ഷം പഠനക്ലാസിലെ 75 കുട്ടികൾ ചേർന്ന് ഗുരുവന്ദന ആലപനത്തോടെ പ്ലാറ്റിനം ജൂബിലി ആഘോഷ സമ്മേളനത്തിന് തുടക്കം കുറിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപപ്രകാശനം നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം കണയന്നൂർ യൂണിയൻ ചെയർമാൻ മഹാരാജ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
ഉദയം പേരൂർ ശാഖ പ്രസിഡന്റ് എൽ. സന്തോഷ് സ്വാഗതവും ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണവും കണയന്നൂർ യൂണിയൻ കൺവീനർ എം.ഡി അഭിലാഷ് ജൂബിലി സന്ദേശവും നൽകി.
മുൻകാല ശാഖാ ഭാരവാഹികളെ ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്കും വിവിധ കോഴ്‌സുകളിൽ റാങ്ക് നേടിയവർക്കുമുള്ള അവാർഡ് വിതരണവും നിർവഹിച്ചു.
കണയന്നൂർ യൂണിയൻ വൈസ് ചെയർമാൻ സി.വി.വിജയൻ, പൂത്തോട്ട ശാഖാ പ്രസിഡന്റ് ഇ.എൻ.മണിയപ്പൻ, തെക്കൻപറവൂർ ശാഖാ പ്രസിഡന്റ് കെ.കെ.വിജയൻ, കണ്ടനാട് ശാഖാ പ്രസിഡന്റ് എ.കെ.മോഹനൻ, തൃപ്പൂണിത്തുറ തെക്കുഭാഗം ശാഖാ പ്രസിഡന്റ് സനൽ പൈങ്ങാടൻ, ഉദയംപേരൂർ ശാഖ സെക്രട്ടറി ഡി.ജിനുരാജ് എന്നിവർ സംസാരിച്ചു. തുടർന്ന് വനിതാസംഘം, യൂത്ത്മൂവ്‌മെന്റ്, കുടുംബയൂണിറ്റ് അംഗങ്ങൾ എന്നിവരുടെ വിവിധ കലാപരിപാടികളും നടന്നു.