ERNAKULAM

അവകാശ സമരങ്ങൾക്ക് അയ്യങ്കാളിയെ മാതൃകയാക്കണം: പി.ഡി.പി.

കോതമംഗലം : സാമൂഹിക ഉച്ചനീചത്വങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമാക്കപ്പെട്ട ഒരു ജനതയെ നവോത്ഥാന വിപ്‌ളവ പോരാട്ടങ്ങളിലൂടെ മുഖ്യധാരയിലേക്കെത്തിക്കാൻ മഹാത്മ അയ്യങ്കാളി നടത്തിയ സമരങ്ങൾ അവകാശ സമര പോരാട്ടങ്ങൾക്ക് മാതൃകയാണെന്ന് പി.ഡി.പി.സംസ്ഥാന ജനറൽ സെക്രട്ടറി വി.എം.അലിയാർ പറഞ്ഞു. സാമൂഹിക അസമത്വം നിലനിൽക്കുകയും സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസ അവകാശവും നിഷേധിക്കപ്പെടുകയും അയിത്തവും അടിമത്വവും ആചാരമായി നിലനിൽക്കുകയും ചെയ്ത കാലഘട്ടത്തിൽ സവർണ്ണ വരേണ്യ അധികാര മേധാവിത്വത്തോട് തുല്യതയില്ലാത്ത പോരാട്ടം നടത്തിയാണ് നവോത്ഥാന വിപ്‌ളവങ്ങൾ യാഥാർത്ഥ്യമാക്കിയത്. ഇന്നിന്റെ ഇന്ത്യയെപ്പോലും പൗരാണിക സാമൂഹിക ചുറ്റുപാടിലേക്ക് പിന്തള്ളാൻ ആസൂത്രിതമായ പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന സവർണ്ണ ഫാസിസ്റ്റ് ഭരണകൂടങ്ങളോട് പൊരുതി നിൽക്കാൻ ജനാധിപത്യ സമൂഹം അയ്യങ്കാളിയുടെ പോരാട്ടവീര്യം ആർജ്ജിച്ചെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ എഴുപത്തഞ്ചാം ആണ്ടിലും കുടിവെള്ള പാത്രത്തിൽ സ്പർശിച്ചതിന്റെ പേരിൽ ഒൻപത് വയസ്സുള്ള ദലിത് വിദ്യാർത്ഥിയെ അധ്യാപകൻ ക്രൂരമായി തല്ലിക്കൊല്ലുന്ന ജാതിവെറിയുടെ സവർണ്ണാധിപത്യത്തിനെതിരെ ജനാധിപത്യ ജാഗ്രതയുണ്ടാകണം.
”മഹാത്മ അയ്യങ്കാളി വിമോചനത്തിന്റെ വിപ്‌ളവീര്യം” എന്ന പ്രമേയത്തിൽ പി.ഡി.പി.നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ചെറുവട്ടൂർ പീപ്പിൾസ് സെന്ററിൽ സംഘടിപ്പിച്ച അയ്യങ്കാളി അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഖാദർ ആട്ടായം അദ്ധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം ട്രഷറർ റ്റി.എം.അലി , പരീത് ഇടയാലിൽ ,റമിൻസ് കക്കാട്ട്, ഷിഹാബ് മൂശാരിമോളം , ഷറഫുദ്ദീൻ മലയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *