എം.വി. ഗോവിന്ദൻ സി.പി.എം സംസ്ഥാന സെക്രട്ടറി;
കോടിയേരി ഒഴിഞ്ഞു

തിരുവനന്തപുരം: അനാരോഗ്യത്തെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സി.പി.എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞതോടെ തദ്ദേശ സ്വയംഭരണ- എക്‌സൈസ് മന്ത്രിയും മുതിർന്ന നേതാവുമായ എം.വി.ഗോവിന്ദനെ പുതിയ സംസ്ഥാന സെക്രട്ടറിയായി സി.പി.എം സംസ്ഥാന സമിതി യോഗം തെരഞ്ഞെടുത്തു.

‘സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് ആരോഗ്യപരമായ കാരണങ്ങളാൽ ചുമതലകൾ നിർവഹിക്കാൻ കഴിയാത്തതുകൊണ്ട് എം.വി. ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി സംസ്ഥാന കമ്മിറ്റിയോഗം തെരഞ്ഞെടുത്തു’- സി.പി.എം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
ഇതോടെ ഗോവിന്ദന് മന്ത്രിസ്ഥാനം ഒഴിയേണ്ടിവരും. അദ്ദേഹം കൈകാര്യം ചെയ്ത സ്വയം ഭരണം എക്‌സൈസ് വകുപ്പുകളിലേക്ക് പുതിയ ആളെ കണ്ടെത്തുകയോ മറ്റൊരാൾക്ക് ചുമതല നൽകുകയോ ചെയ്യേണ്ടിവരും.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കോടിയേരിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കണ്ണൂരിൽ നിന്നുള്ള നേതാവിനെ തന്നെ സംസ്ഥാന സെക്രട്ടറിയാക്കാൻ തീരുമാനിച്ചത്. എം.വി. ഗോവിന്ദൻ, എം.എ. ബേബി, എ. വിജയരാഘവൻ, പി. രാജീവ് എന്നിവരുടെ പേരുകളാണ് സെക്രട്ടറി പദത്തിലേക്ക് ഉയർന്നുകേട്ടിരുന്നത്.
കണ്ണൂർ ജില്ലയിലെ മൊറാഴയിൽ കുഞ്ഞമ്പുവിന്റെയും മാധവിയമ്മയുടെയും മകനായി 1953 ഏപ്രിൽ 23 ന് ജനിച്ച എംവി ഗോവിന്ദൻ
ബാലസംഘത്തിലൂടെയാണ് പാർട്ടി പ്രവർത്തനം ആരംഭിച്ചത്. ലൈബ്രറി പ്രസ്ഥാനത്തിന്റെ പ്രവർത്തകനായിരുന്ന അദ്ദേഹം കെ.എസ്.എഫ് അംഗവും കണ്ണൂർ ജില്ല യൂത്ത് ഫെഡറേഷന്റെ ഭാരവാഹിയുമായി. ഡി.വൈ.എഫ്.ഐയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ അദ്ദേഹം പിന്നീട് സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂനിയന്റെ സംസ്ഥാന അധ്യക്ഷൻ, അഖിലേന്ത്യ കർഷകത്തൊഴിലാളി യൂനിയന്റെ ദേശീയ വൈസ് പ്രസിഡന്റ്, ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ, സി.പി.എം കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റിയംഗം, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എന്നീ നിലകളിലും മികച്ച പ്രവർത്തനം കാഴ്ചവച്ചിരുന്നു.

മികച്ച വാഗ്മിയും സംഘാടകനും സൈദ്ധാന്തികനുമായ എം.വി. ഗോവിന്ദൻ അടിയന്തിരാവസ്ഥയ്ക്കെതിരായ പ്രതിഷേധത്തിൽ നാല് മാസം ജയിൽവാസമനുഭവിച്ചു. തളിപ്പറമ്പിൽ നിന്ന് 1996, 2001 കാലങ്ങളിൽ നിയമസഭയിലെത്തി. ഇന്ത്യൻ തത്ത്വചിന്തയിലെ വൈരുദ്ധ്യാത്മക മെറ്റീരിയലിസം, സ്വതന്ത്ര രാഷ്ട്രീയം, ചൈനാ ഡയറി, യുവജന പ്രസ്ഥാനത്തിന്റെ ചരിത്രം, പ്രത്യയശാസ്ത്ര പോരാട്ടങ്ങളുടെ പശ്ചാത്തലത്തിൽ, കാർഷിക തൊഴിലാളി യൂണിയൻ – അന്നും ഇന്നും, കാടുകയറുന്ന ഇന്ത്യൻ മാവോവാദം, മാർക്‌സിസ്റ്റ് ദർശനം ഇന്ത്യൻ പശ്ചാത്തലത്തിൽ എന്നിങ്ങനെ നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്.