ശർക്കര പന്തലിലെ തേൻമഴ

സതീഷ് കുമാർ വിശാഖപട്ടണം / പാട്ടോർമ്മകൾ
ലോകത്തിലെ ആദ്യത്തെ കല സംഗീതമാണെന്നാണ് പണ്ഡിതന്മാർ പറയുന്നത്… സംഗീതത്തിന് പല ആസ്വാദന ഭാവങ്ങളുണ്ടെങ്കിലും കഴിഞ്ഞ നൂറ്റാണ്ടിൽ ജനങ്ങളെ ഏറെ സ്വാധീനിച്ച സംഗീതശാഖ ചലച്ചിത്ര ഗാനങ്ങളുടേതായിരുന്നു.
എല്ലാ തരം ആസ്വാദകരേയും ചലച്ചിത്ര ഗാനങ്ങൾ ആനന്ദഭരിതരാക്കുന്നുണ്ട്.
ചലച്ചിത ഗാനങ്ങൾ ആസ്വാദകരിൽ ആധിപത്യമുറപ്പിക്കുന്നതിന് മുൻപ് കെ പി എ സി യുടെ നാടക ഗാനങ്ങളായിരുന്നു മലയാള നാടിന്റെ സംഗീത ഭൂമികയെ താരും തളിരുമണിയിച്ചത്… വിരലിലെണ്ണാവുന്നതേ ഉള്ളൂവെങ്കിലും ആ നാടക ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ തേൻമഴ പെയ്യിപ്പിച്ചവയാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല.
കെ പി എ സി മാത്രമല്ല, അക്കാലത്തെ ഒട്ടുമിക്ക നാടകങ്ങളും അതിമനോഹരമായ ഗാനങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു.
1958 – ൽ അരങ്ങിലെത്തിയ കേരള തിയേറ്റേഴ്‌സിന്റെ ‘ കതിരുകാണാക്കിളി ‘ എന്ന നാടകത്തിലെ
‘ ശർക്കര പന്തലിൽ തേൻമഴ ചൊരിയും ചക്രവർത്തികുമാരാ
നിൻ മനോരാജ്യത്തെ രാജകുമാരിയായ് വന്നു നിൽക്കാനൊരു മോഹം …..’
എന്ന ഗാനം ആറു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും സംഗീത പ്രണയികളുടെ കാതിൽ ഇപ്പോഴും തേൻമഴ ചൊരിഞ്ഞു കോണ്ടേയിരിക്കുന്നു. ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശിനിയായ ആർക്കാട് പാർത്ഥസാരഥി കോമളയെന്ന എ.പി. കോമളയാണ് ഈ ഗാനം പാടിയതെന്ന് ഇന്നും പലർക്കുമറിയില്ല.

തമിഴ്, തെലുഗു, കന്നട , ഭാഷകളിൽ അനേകം ചിത്രങ്ങളിൽ പാടിയിട്ടുള്ള എ.പി. കോമള ഭക്തകുചേല എന്ന ചിത്രത്തിലെ
‘കണ്ണാ താമരക്കണ്ണാ…..
എന്ന ഗാനം പാടിക്കൊണ്ടാണ് മലയാളത്തിലെത്തുന്നത്.
എസ് ജാനകിയും പി സുശീലയുമൊക്കെ രംഗത്തെത്തുന്നതിന് മുൻപേ തന്നെ കോമള മലയാളത്തിൽ പാടാൻ തുടങ്ങിയിരുന്നു.

ഇന്നും കേൾക്കാൻ കൊതിക്കുന്ന ആ ഗാനങ്ങളെ പാട്ടോർമ്മയുടെ വായനക്കാർക്കായി ഇവിടെ പരിചയപ്പെടുത്തട്ടെ.
‘ വെളുക്കുമ്പോൾ കുളിക്കുവാൻ പോകുമ്പോൾ വഴിവക്കിൽ വേലിക്കൽ നിന്നവനെ … ( കുട്ടിക്കുപ്പായം)
‘കിഴക്കുദിക്കിലെ ചെന്തെങ്ങിൽ
കരിക്ക് പൊന്തിയ നേരത്ത് ……( ആദ്യ കിരണങ്ങൾ)
‘കണികാണും നേരം
കമലാ നേത്രന്റെ ….. (പി.ലീലയോടൊപ്പം – ഓമനക്കുട്ടൻ )
‘കൂട്ടിലിളം കിളി കുഞ്ഞാറ്റ കിളി കൂടും വെടിഞ്ഞിട്ട് പോകല്ലേ …’ (ലൈലാമജ്‌നു)
‘ സിന്ധു ഭൈരവി രാഗരസം …..( പാടുന്ന പുഴ )
എന്നീ ഗാനങ്ങളെ കൂടാതെ
‘ഒള്ളതു മതി’ എന്ന ചിത്രത്തിൽ മഹാകവി കുമാരനാശാന്റെ
‘ ഈ വല്ലിയിൽ നിന്ന് ചെമ്മേ പൂക്കൾ പോകുന്നിതാ പറന്നമ്മേ…’ എന്ന ഗാനവും പാടാൻ ഇവർക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇന്ന് എൺപത്തിയെട്ടാം പിറന്നാളാഘോഷിക്കുന്ന എ.പി. കോമള എന്ന പഴയ കാല ഗായികയെ ആദരപൂർവ്വം ഓർക്കുകയും അവർക്ക് പിറന്നാളാശംസകൾ നേരുകയും ചെയ്യുന്നു …..

