ERNAKULAM Second Banner TOP NEWS

കൈകൂപ്പി കോട്ടപ്പടിയിലെ കർഷകർ, കാട്ടാന കാരണം ഞങ്ങളെന്തുകാട്ടാനാ?

കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പ്ലാമുടി കവലയോട് ചേർന്നുള്ള പുരയിടങ്ങളിലാണ് കാട്ടാന കൃഷി നാശം വരുത്തിയത്. നിരവധി വാഴ, കപ്പ, തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ കാർഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്.


ഓണ വിപണി മുന്നിൽ കണ്ട് കൃഷി ഇറക്കിയ പ്ലാമുടി കല്ലിങ്ങൽ വീട്ടിൽ രാജു കെ. ഐയുടെ അമ്പതോളം വാഴകളാണ് കാട്ടാന നിശ്ശേഷം നശിപ്പിച്ചത്. കാവലം തുടങ്ങാറായ രണ്ട് തെങ്ങുകളും, മുപ്പതോളം ചുവട് കപ്പ, ജാതി തുടങ്ങിയവയും നശിപ്പിച്ചു. ഒറ്റക്ക് താമസിക്കുന്ന രാജുവിന്റെ വീടിന്റെ മുൻപിൽ നിന്നിരുന്ന വാഴയും തെങ്ങും നശിപ്പിച്ചത് ഇദ്ദേഹത്തിന് വിശ്വസിക്കുവാൻ പോലുമാകുന്നില്ല. രാത്രിയിൽ കാട്ടാന ഇറങ്ങിയതായി സംശയം തോന്നി ജനലിലൂടെ നോക്കിയപ്പോൾ ആണ് കാട്ടാന വാഴകൾ നശിപ്പിക്കുന്നത് കാണുന്നത്. ഭീതി മൂലം പുറത്തിറങ്ങാതിരിക്കുയും വെളുപ്പിന് വാതിൽ തുറന്ന് നോക്കിയപ്പോൾ മുറ്റത്തു കുലച്ച വാഴകൾ നശിപ്പിച്ചിട്ടിരിക്കുന്ന കാഴ്ച്ചയാണ് കണ്ടത് എന്ന് ഇദ്ദേഹം വെളിപ്പെടുത്തുന്നു. ഒരു വർഷത്തെ കഠിന പ്രയത്‌നം ഒറ്റ മണിക്കൂറുകൊണ്ട് കാട്ടാന നശിപ്പിച്ചതിലുള്ള നിരാശയിലാണ് കർഷകനായ രാജു.
പ്ലാമുടിയിൽ നിരവത്തു എൻ.പി കുര്യാക്കോസിന്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലുംകാട്ടാന കൃഷി നശിപ്പിച്ചു. കുലച്ച വാഴകളും, തെങ്ങും, കവുങ്ങും നശിപ്പിച്ചവയിൽ പെടുന്നു. ഓണ വിപണി മുന്നിൽ കണ്ട് കൃഷിയിറക്കി , വിളവെടുപ്പിന് പാകമായപ്പോൾ കാട്ടാന ഇറങ്ങി നശിപ്പിക്കുന്നത് മൂലം കൃഷിക്കാരായ ഞങ്ങൾക്ക് സാമ്പത്തികമായി വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കേണ്ടി വരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. വന്യ മൃഗ ശല്യം തടയുവാനുള്ള ശാശ്വതമായ പരിഹാരവും, കൃഷി നാശത്തിന് അടിയന്തിര നഷ്ടപരിഹാരവും ഉറപ്പ് വരുത്തണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *