KERALA Main Banner TOP NEWS

ഈ ബസ്സിലെ യാത്രക്കാരിയെ പരിചയമുണ്ടോ? പഞ്ചായത്ത് പ്രസിഡന്റ് മുതലുള്ള ജനപ്രതിനിധികൾ കാറിലും വിമാനത്തിലും മാത്രം യാത്ര ചെയ്യുന്ന നാട്ടിൽ വ്യത്യസ്തയായ ഒരു എംഎൽഎ

കോഴിക്കോട്: ‘കഴിഞ്ഞ ദിവസം വൈകുന്നേരം വടകര പഴയ സ്റ്റാൻഡിൽ നിൽക്കുമ്പോഴാണ് വടകര പേരാമ്പ്ര റൂട്ടിലോടുന്ന ബസ്സിന്റെ ഇടതുവശത്തെ വിൻഡോ സൈഡ് സീറ്റിൽ പരിചിതയായ ഒരു യാത്രക്കാരിയെ കണ്ടത്. മാസ്‌ക് ഇട്ടതു കാരണം ആൾ അതുതന്നെയോ എന്ന് ശങ്കിച്ചു. പിന്നെയും സൂക്ഷിച്ചു നോക്കി. അതെ ശരിയാണ് അത് വടകരയുടെ പ്രിയപ്പെട്ട എം.എൽ.എ രമേച്ചി തന്നെ…’
അനീഷ് കോട്ടപ്പള്ളി എന്ന കോൺഗ്രസ് പ്രവർത്തകന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ തുടക്കമാണിത്. നിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയതുകൊണ്ടിരിക്കുന്നത്…കമന്റ് ബോക്‌സും നിറഞ്ഞുകവിയുന്നു…
അനീഷിന്റെ പോസ്റ്റ് തുടരുന്നു…
‘ഒരു പഞ്ചായത്ത് പ്രസിഡന്റ് മുതലുള്ള ജനപ്രതിനിധികളെ കാറിൽ മാത്രം കണ്ടുശീലിച്ച പുതിയകാലത്ത് ഇത് എന്നെ സംബന്ധിച്ച് അസാധാരണവും അവിശ്വസനീയവുമായ കാഴ്ചയായിരുന്നു.
ഇവർ എന്തേ ബസിൽ എന്നാലോചിച്ച് അടുത്ത് ചെന്നു ചോദിച്ചു. നടുവണ്ണൂരിലെ തന്റെ സ്വന്തം വീട്ടിലേക്കുള്ള യാത്രയാണെന്ന് പറഞ്ഞു. നമ്മുടെ ജനപ്രതിനിധികളാവുന്ന പലരും കാണിക്കുന്ന ജാഡകൾ കാണുമ്പോഴാണ് കേരള രാഷ്ട്രീയം തന്നെ ഉറ്റുനോക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ ഈ ലാളിത്യമോർത്തത്.
പലവട്ടം ആലോചിച്ചിട്ടാണ് ഇത് ഇവിടെ പോസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്. കാരണം ഇവരിൽ നിന്നും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ പലതും പഠിക്കാനുണ്ട് എന്ന തോന്നൽ തന്നെയാണ്.
വടകര മണ്ഡലത്തിലെ മുക്കിലുംമൂലയിലും വിവിധ വിഷയങ്ങളിൽ ഓടിയെത്തുന്ന, എല്ലാവരോടും എപ്പോഴും ഒരു മുഷിപ്പും കാണിക്കാതെ അവരുടെ പരാതിയും പ്രശ്‌നങ്ങളും കേൾക്കുന്ന എം.എൽ.എയാണ് രമേച്ചി എന്ന് എല്ലാവരും പറയാറുണ്ട്.
ജനകീയത എന്നത് അവരുടെ ശൈലിയും സംസ്‌കാരവും തന്നെയാണ്. അത് നാട്യങ്ങളല്ല എന്ന് എം.എൽ.എ ആയ അന്നുമുതൽ കേരളമറിഞ്ഞതാണ്.
എന്തായാലും ഒരു കാര്യം ഉറപ്പിക്കുന്നു വടകരക്കാർക്ക് തെറ്റിയിട്ടില്ല..
NB : അനുവാദമില്ലാതെ പടമെടുത്ത് പോസ്റ്റ് ചെയ്തത് രമേച്ചി ക്ഷമിക്കണം. ഈ കാഴ്ച പങ്കുവെച്ചില്ലെങ്കിൽ പിന്നെ എന്താണ് ഞാൻ ജനങ്ങളോട് പങ്കു വെക്കേണ്ടത്?

Related Posts

Leave a Reply

Your email address will not be published. Required fields are marked *