മുസ്ലീംലീഗിന്റെ നിലപാടിനൊപ്പം സർക്കാരും അണിചേർന്നു, ഇനി ജെൻഡർ ന്യൂട്രൽ എന്ന് മിണ്ടില്ല

തിരുവനന്തപുരം: ജെൻഡർ ന്യൂട്രൽ വിഷയത്തിൽ മുസ്ലീംലീഗിന്റേയും സമസ്തയുടേയും നിലപാടിനൊപ്പം സർക്കാരും ചേർന്നു. യൂണിഫോം എന്ത് വേണമെന്ന് ഓരോ വിദ്യാലയത്തിനും തീരുമാനിക്കാമെന്നും സർക്കാർ പൊതു നിർദ്ദേശം നൽകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പിടിഐ, അദ്ധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർക്ക് കൂടിയാലോചിച്ച് തീരുമാനമെടുക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഭക്ഷണം, വസ്ത്രം, വിശ്വാസം എന്നിവയിൽ തീരുമാനം അടിച്ചേൽപ്പിക്കില്ലെന്നും ഇക്കാര്യങ്ങളിൽ വ്യക്തികൾക്ക് സാമൂഹ്യ കടമകളുടെ അനുസൃതമായിട്ടുള്ള സർവ്വസ്വാതന്ത്ര്യവും ഉണ്ടായിരിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സർക്കാരിന്റെ ജെൻഡർ ന്യൂട്രൽ നിലപാടിനെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. മുസ്ലീം ലീഗ്, കോൺഗ്രസ് നേതാക്കളുൾപ്പെടെ രംഗത്തെത്തിയിരുന്നു. മസ്ജിദുകളിൽ ക്യാമ്പയിൻ നടത്തുമെന്ന് വരെ സമസ്ത ആഹ്വാനം ചെയ്തതോടെയാണ് സർക്കാരിന്റെ ഈ പിൻവാങ്ങൽ. സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത് സമസ്തയും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട കരട് സമീപന രേഖയിലെ ചോദ്യത്തിലും സർക്കാർ മാറ്റം വരുത്തി.ക്ലാസ്സുകളിൽ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങൾ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യം തിരുത്തി. ഇരിപ്പടം എന്ന വാക്ക് ഒഴിവാക്കി സ്‌കൂൾ അന്തരീക്ഷം എന്ന വാക്ക് ഉൾപ്പെടുത്തി. ലിംഗസമത്വത്തലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി. പകരം ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്.