ഇല്ല വായന മരിക്കില്ല; റഷീദ് മാസ്റ്ററുടെ നേതൃത്വത്തിൽ നടപ്പാക്കുന്നത് ബഹുമുഖ പദ്ധതികൾ

സി. ഫസൽ ബാബു
മുക്കം: വായന മരിക്കുന്നു എന്ന മുറവിളി നിരന്തരം ഉയരുന്ന സാഹചര്യത്തിൽ കാരക്കുറ്റി ഗവ: എൽ.പി. സ്കൂളിൽ വായനയുടെ പുതിയൊരു സംസ്കാരത്തിന് തുടക്കം കുറിക്കുകയാണ്. വിദ്യാർത്ഥികൾക്കൊപ്പം അധ്യാപകരിലും വായനാശീലം വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം കാരക്കുറ്റി ഗവ: എൽ .പി. സ്കൂളിലും സ്റ്റാഫ് റൂം ലൈബ്രറി കഴിഞ്ഞ ദിവസം ഒരുക്കിയിരുന്നു.
ഈ സ്റ്റാഫ് റൂം ലൈബ്രറി മുൻ നിർത്തിയാണ് ബഹുമുഖ പദ്ധതികൾ ആവിഷ്ക്കരിച്ചത്.
പുസ്തകങ്ങൾ ലഭ്യമാക്കുന്നത് അവരുടെ വിഷയങ്ങളുമായി ബന്ധപ്പെട്ട റഫറൻസുകളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.
എല്ലാ അധ്യാപകരും ആഴ്ചയിൽ ഒരു ദിവസം ഒരു പുസ്തകമെങ്കിലും ക്ലാസുകളിൽ പരിചയപ്പെടുത്തുന്നു. ഇതോടെ കുട്ടികൾക്ക് ഒരു വർഷം കൊണ്ട് തന്നെ ധാരാളം പുസ്തകങ്ങൾ പരിചയപ്പെടാനും അങ്ങനെ പരിചയപ്പെടുന്ന പുസ്തകങ്ങൾ വായിക്കാൻ താല്പര്യപ്പെടുന്ന കുട്ടികൾക്ക് പുസ്തകം വായിക്കാൻ ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യം.
സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും ഒരു അജണ്ട പുസ്തകപരിചയം ആയിരിക്കും. പരമാവധി പുസ്തകങ്ങളിലൂടെ അധ്യാപകർ കടന്നു പോകുകയും അത് കുട്ടികളിലേക്ക് പരിചയപ്പെടുത്തുകയും ഇതോടെ അത് കുട്ടികളിൽ നിന്ന് രക്ഷിതാക്കളിലേക്കും എത്തുന്നു.
മുന്നൂറോളം പുസ്തകങ്ങളുണ്ട് ഇപ്പോൾ ഈ ലൈബ്രറിയിൽ. പ്രധാനാധ്യാപകൻ ജി. അബ്ദുൽ റഷീദിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
മലയാള സാഹിത്യ തറവാട്ടിലെ കാരണവർമാർ മുതൽ പുതു നാമ്പുകൾ വരെ ഇനി കാരക്കുറ്റി ഗവ: എൽ .പി. സ്കൂളിലെ അധ്യാപകരുടെ മാത്രമല്ല വിദ്യാർത്ഥികളുടെയും വായനയിലും, ചിന്തയിലും നിറയുന്നൊരു കാലം അനധിവിദൂരമാവില്ല. പുതിയ തുടക്കത്തിൽ വിദ്യാർത്ഥികളും ഏറെ സന്തോഷത്തിലാണ്.
സ്കൂൾ പിടിഎ കമ്മറ്റിയുടേയും നാട്ടുകാരുടേയുമെല്ലാം പൂർണ്ണ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പിടിഎ പ്രസിഡന്റ് ഇ.സി സാജിദ് പറഞ്ഞു.പുതിയ കാലത്ത് വിദ്യാർത്ഥികളിലുൾപ്പെടെ വായന ശീലം പാടെ കുറഞ്ഞ സാഹചര്യത്തിൽ കാരക്കുറ്റി ഗവ: എൽപി സ്കൂളിലെ ഈ പരീക്ഷണം വായന ശീലമുള്ള ഒരു നല്ല തലമുറയെ വാർത്തെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.
ലൈബ്രറി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ഷംലൂലത്ത് നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് ഇ.സി.സാജിദ് അധ്യക്ഷനായിരുന്നു. അമൃത തെക്കേടത്ത് പുസ്തകാവലോകനം നടത്തി. മുൻപ്രധാനാധ്യാപകൻ പി.ടി. രാജു , ശിഹാബ് പി.പി.സി, മുഹ്സിൻ കുയ്യിൽ, സുനിൽ കാരക്കുറ്റി, സി.പി. മുഹ്സിൻ , പ്രധാനാധ്യാപകൻ ജി.എ. റഷീദ്, പി. ഷംനാബി പ്രസംഗിച്ചു.
