കോഴിക്കോട് നിന്നും വലിയ സർവീസ് പുനരാരംഭിക്കണം: മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ

കോഴിക്കോട് : കരിപ്പൂരിൽ റൺവേ – റിസ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും വികസനത്തിനും 14.5 ഏക്കർ ഭൂമി ഏറ്റെടുക്കാൻ കേരള സർക്കാർ സത്വര നടപടി സ്വീകരിക്കുമ്പോൾ അതിരടയാള കല്ല് ലഭിക്കാത്തതിനാൽ ഭൂമി ഏറ്റെടുക്കൽ അനന്തമായി നീളുന്ന സൂചനയാണ് നൽകുന്നത്.
2020 ആഗസ്റ്റ് 7ലെ ചെറിയ വിമാന അപകടത്തിന്റെ പേരിലാണ് വലിയ വിമാന സർവീസ് നിർത്തലാക്കിയത്. അടുത്തദിവസം സ്ഥലം സന്ദർശിച്ച അന്നത്തെ വ്യോമയാന മന്ത്രിയും ഡി ജി സി എ യും (2020 ഓഗസ്റ്റ് 10 ന്) നിലവിലെ റൺവേ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്തുന്നതിന് അനുയോജ്യമാണെന്ന് പറഞ്ഞിരുന്നു. 2020 ആഗസ്റ്റ് 7ന് വിമാന അപകടത്തിൽ ഇൻസ്ട്രുമെന്റൽ ലാൻഡിങ് സിസ്റ്റത്തിന്റെ ആന്റിനയ്ക്കും, ലോക്കലൈസറിനും മാത്രമാണ് കേടു പറ്റിയത് എന്നാണ് അധികാരികൾ അന്ന് പറഞ്ഞത്.
2020 ആഗസ്റ്റ് 21ന് മഹാരാഷ്ട്രയിലെ ഗോണ്ടിയ എയർപോർട്ടിൽ നിന്നും പകരം പുത്തൻ ഉപകരണങ്ങൾ കരിപ്പൂരിൽ എത്തിച്ചു.15.09.20ന് നന്നാക്കിയ ഐ.എൽ.എസ് വിദഗ്ധസംഘം കാലിബ്രേഷൻ എയർക്രാഫ്റ്റ് പരിശോധന നടത്തി കൃത്യത ഉറപ്പുവരുത്തി.
പിന്നീട് മാറിമാറി വന്ന കമ്മിറ്റികളെ ചുമതലപ്പെടുത്തി വലിയ വിമാന സർവീസ് ആരംഭിക്കൽ ചില തല്പര കക്ഷികളുടെ സമ്മർദ്ദത്തിന് വഴങ്ങി അനന്തമായി നീട്ടുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇനിയും വലിയ വിമാന സർവീസ് ആരംഭിക്കൽ അനന്തമായി നീട്ടുകയാണെങ്കിൽ മലബാറിന്റെ ഐ.ടി, ടൂറിസം, കാർഗോ കയറ്റുമതി-ഇറക്കുമതി, വാണിജ്യ – വ്യവസായ – കാർഷിക സമസ്ത മേഖലകൾക്കും തിരിച്ചടിയാകും.
എമിറേറ്റ്‌സ് പോലെയുള്ള വിമാന കമ്പനികൾ അവരുടെ സാങ്കേതിക വിദഗ്ധ ടീമുകൾ പരിശോധിച്ചു അവർ സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ചിട്ടും അധികാരികൾ അനുമതി നൽകുന്നില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി സുരക്ഷ ഓഡിറ്റ് നടത്തി വലിയ വിമാന സർവീസും ഹജ്ജ് എംപാർക്കേഷനും കരിപ്പൂരിൽ പുനസ്ഥാപിക്കണമെന്നും മലബാറിന്റെ സമഗ്ര വികസനത്തിന് കൂടുതൽ ആഭ്യന്തര അന്തർദേശീയ സർവീസുകൾ ആരംഭിക്കണമെന്നും മലബാർ ഡെവലപ്‌മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷവലിയർ സി.ഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പൻ, ഖജാൻജി എം.വി കുഞ്ഞാമു എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
(ചിത്രത്തിന് കടപ്പാട് ഇന്ത്യ.കോം)