കോമൺ വെൽത്ത് ഗെയിംസിലെ മിന്നും താരങ്ങൾക്ക് പ്രൗഢഗംഭീര സ്വീകരണം ഒരുക്കി എം. എ. കോളേജ്

കോമൺ വെൽത്ത് ഗെയിംസിലെ മിന്നും താരങ്ങൾക്ക് പ്രൗഢഗംഭീര സ്വീകരണം ഒരുക്കി എം. എ. കോളേജ്
കോതമംഗലം :കായിക ജീവിതത്തിന് വഴിത്തിരിവായ തങ്ങളുടെ കോളേജിൽ ഒരു വട്ടംകൂടി അവരെത്തി, കോളേജിന്റെ ആദരവ് ഏറ്റുവാങ്ങാൻ.ഇംഗ്ലണ്ടിലെ ബർമിങ്ങാമിൽ നടന്ന കോമൺ വെൽത്ത് ഗെയിംസിൽ പുരുഷ ട്രിപ്പിൾ ജംപിൽ മിന്നും പ്രകടനത്തിലൂടെ ചരിത്രത്തിലേക്ക് ഒരു ചാട്ടം ചാടി സ്വർണ്ണവും, വെള്ളിയും കരസ്ഥമാക്കിയ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ,4x 400 മീറ്റർ റിലെയിൽ പങ്കെടുത്ത മുഹമ്മദ് അജ്മൽ എന്നീ പൊൻ താരകങ്ങൾക്കും അവരുടെ പരീശീലകർക്കുമാണ് കോളേജ് പ്രൗഢ ഗംഭീര സ്വീകരണം ഒരുക്കി ആദരിച്ചത്.ഇന്നലെ ശനിയാഴ്ച എം എ. കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് സ്വാഗതം പറഞ്ഞു .എം. എ. കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മോർ അപ്രേം തിരുമേനി അനുമോദന യോഗം ഉത്ഘാടനം നിർവഹിച്ചു സംസാരിച്ചു. എൽദോസ് പോളിന്റെയും, അബ്ദുള്ള അബൂബക്കാരിന്റെ യും, മുഹമ്മദ് അജ്മലിന്റെയും എം എ കോളേജിലെ പരിശീലകാരായിരുന്ന ദ്രോണാചര്യ ടി പി ഔസെഫ്, എം. എ. ജോർജ്,പി പി പോൾ ഇന്ത്യൻ ടീം മാനേജർ പ്രൊഫ. പി ഐ ബാബു എന്നിവരെയും ചടങ്ങിൽ ആദരിച്ചു.എം. എ. കോളേജ് അസോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ്, മുൻ കായിക വകുപ്പ് മേധാവി ഡോ. മാത്യൂസ് ജേക്കബ്, എം. എ. കോളേജ് കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുരുഷൻ മാരുടെ ട്രിപ്പിൾ ജമ്പിലെ ഇരട്ട മെഡൽ നേട്ടത്തിലൂടെ എൽദോസ് പോളും, അബ്ദുള്ള അബൂബക്കറും ഇന്ത്യയുടെയും,കോതമംഗലം എം. എ. കോളേജിന്റെയും പേരുകൾ ലോക കായിക ഭൂപടത്തിലാണ് എഴുതി ചേർത്തത്. കോമൺ വെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ തെക്കേയറ്റത്തുള്ള കൊച്ചു കേരളം ഇത്രയും തലയുയർത്തി നിന്ന നിമിഷമുണ്ടായിട്ടില്ല. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഗെയിംസിൽ ഇന്ത്യ ഒരു മത്സരത്തിൽ തന്നെ സ്വർണവും, വെള്ളിയും നേടുന്നത്.17.03 മീറ്റർ ചാടിയാണ് എൽദോസ് ഇന്ത്യൻ അത്‌ലറ്റിക്സിന്റെ സുവർണ ചരിത്രത്താളിൽ ഇടം നേടിയത്. തൊട്ടുപിന്നാലെ ഒരു സെന്റിമീറ്റർ വ്യത്യാസത്തിൽ 17.02 മീറ്റർ ചാടി അബ്ദുള്ള അബൂബക്കറും തന്റെ അരങ്ങേറ്റം അവിസ്മരണീയമാക്കി. ഇരുവരും 2015 കാലഘട്ടത്തിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സഹ പാഠികളുമാണ്..

എം. എ.കോളേജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണം : ഡോ. വിന്നി വറുഗീസ്
കോതമംഗലം :നിരവധി കായിക പ്രതിഭകളെ വാർത്തെടുത്തു രാജ്യത്തിനു തന്നെ സംഭാവന നൽകിയിട്ടുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് സിന്തറ്റിക് ട്രാക്ക് അനുവദിക്കണമെന്ന് എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ്. കോമൺ വെൽത്ത് ഗെയിംസിലെ മെഡൽ വേട്ടയിലൂടെ സൂപ്പർ താരങ്ങളായ എം. എ കോളേജിലെ മുൻ കായിക താരങ്ങളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ, മുഹമ്മദ് അജ്മൽ എന്നീ കായിക താരങ്ങൾക്ക് കോളേജ് ഒരുക്കിയ അനുമോദന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ കായിക തലസ്ഥാനം എന്ന പേരിലാണ് കോതമംഗലം അറിയപ്പെടുന്നത്. അങ്ങനെയുള്ള കോതമംഗലത്തു കായിക പ്രതിഭകളുടെ പരിശീലനത്തിന് നല്ലൊരു സിന്തറ്റിക് ട്രാക്കിന്റെ ആവശ്യം ഏറുകയാണ്.ദേശീയ തലത്തിൽ കായിക മേഖലയിൽ മികവ് പുലർത്തുന്ന മാർ ബേസിൽ സ്‌കൂൾ, സെന്റ്. ജോർജ് സ്‌കൂൾ, മാതിരപ്പിള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവ എം. എ. കോളേജിന്റെ ഒരു കിലോ മീറ്റർ ചുറ്റളവിലാണ് സ്ഥിതി ചെയ്യുന്നത്. നല്ലൊരു സിന്തറ്റിക് ട്രാക്ക് എം. എ കോളേജിന് അനുവദിച്ചാൽ ഈ സ്‌കൂളിലെ കായിക വിദ്യാർത്ഥികൾക്കുൾപ്പെടെ ഇവിടെ പരിശീലനം നടത്തുവാൻ സാധിക്കും ഡോ വിന്നി പറഞ്ഞു.ഒളിമ്പ്യൻ അനിൽഡാ തോമസ്, ടി. ഗോപി, ഈ കഴിഞ്ഞ കോമൺ വെൽത്ത് ഗെയിംസിൽ സ്വർണ്ണം, വെള്ളി മെഡൽ ജേതാക്കളായ എൽദോസ് പോൾ, അബ്ദുള്ള അബൂബക്കർ എന്നിവർ അടക്കം 25ലേറെ അന്താരാഷ്ട്ര കായിക താരങ്ങളാണ് മാർ അത്തനേഷ്യസ് കോളേജിലെ കായിക പരിശീലന കളരിയിൽ നിന്ന് പിറവി കൊണ്ടിട്ടുള്ളത്.