കെ.ടി. ജലീലിനെ രാജ്യദ്രോഹകുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലിലിടണം: ഹനുമാൻ സേന

കോഴിക്കോട്: ഫേസ് ബുക്കിലൂടെ കാശ്മീരിനെ ഇന്ത്യൻ അധീന കാശ്മീർ എന്നും പാക് അധീന കാശ്മീരിനെ ആസാദ് കാശ്മീർ എന്നും വിശേഷിപ്പിച്ച കെ.ടി.ജലീൽ എംഎൽഎയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ഹനുമാൻ സേന ഭാരത് ചെയർമാൻ എ.എം. ഭക്തവത്സലൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു ഭാരതീയൻ എന്നതിലുപരി ഒരു സംസ്ഥാനത്തെ നിയമസഭാ സാമാജികൻ കൂടിയാണ് കെ.ടി. ജലീൽ. ഇത്തരം ഒരു രാജ്യദ്രോഹ പരാമർശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയാത്തതാണ്. അങ്ങേയറ്റം മലീമസമായ ചിന്താഗതിയുള്ളവർക്കു മാത്രമേ ഇത്തരം ഒരു പരാമർശം സ്വന്തം രാജ്യത്തിനെതിരെ നടത്താൻ പറ്റൂ. വിവാദമായതിന് ശേഷം പോസ്റ്റ് പിൻവലിച്ചു എന്നതുകൊണ്ട്, നടത്തിയ പരാമർശം രാജ്യദ്രോഹപരമല്ലാതാകുന്നില്ല. ഇങ്ങനെ പറയാനുള്ള ധൈര്യം ഇദ്ദേഹത്തിനെങ്ങനെ കിട്ടിയെന്നറിയാൻ ഹനുമാൻസേനയ്ക്ക് താല്പര്യമുണ്ടെന്നും ഭക്തവത്സലൻ കൂട്ടിച്ചേർത്തു.
ഈ വിഷയത്തിൽ മറ്റു ഹൈന്ദവസംഘടനകൾ ഒന്നുംതന്നെ ശബ്ദിക്കാത്തത് ആശങ്കയുണ്ടാക്കുന്നു. രാജ്യം സ്വാതന്ത്ര്യത്തിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഈ വേളയിൽ ഇത്തരം ഒരു പരാമർശം ഒരു എംഎൽഎയുടെ നാവിൽനിന്ന് വന്നുവെന്നത് അങ്ങേയറ്റം ലജ്ജാവഹമാണ്. ഇത്തരം പരാമർശം നടത്തുന്നതിനായി ഏതെങ്കിലും ഇസ്ലാമിക തീവ്രവാദസംഘടനകളുടെ സമ്മർദ്ദം ഇയാൾക്ക് മേൽ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷണവിധേയമാക്കണം. ഇയാൾക്കെതിരെ കേസ്സെടുത്ത് അറസ്റ്റ് ചെയ്യുന്നതിനായി ഹനുമാൻ സേന കോഴിക്കോട് സിറ്റി പോലീസ് ചീഫിന് പരാതി നൽകിയട്ടുണ്ടെന്നും പരാതിയുടെ പകർപ്പ് സംസ്ഥാന പോലീസിനും ശ്രീനഗർ ജില്ലാ പോലീസ് ചീഫിനും അയച്ചിട്ടുണ്ടെന്നും ഭക്തവത്സലൻ അറിയിച്ചു.