അരണികടഞ്ഞ് അഗ്‌നിതൂകി, ആചാര്യർ മന്ത്രമുരുവിട്ടു
ചെമ്പകമംഗലം ക്ഷേത്രത്തിൽ മഹാരുദ്ര ഭൈരവീയാഗം

നൂറ്റാണ്ടിലെ ആദ്യ മഹായാഗം 23 വരെ
ആര്യനാട്: അരണികടഞ്ഞ് അഗ്‌നിതൂകി നൂറ്റാണ്ടിലെ ആദ്യ മഹാരുദ്ര ഭൈരവീയാഗത്തിന് തുടക്കമായി. ആര്യനാട് തോളൂർ ചെമ്പകമംഗലം ഭദ്രകാളി ക്ഷേത്രത്തിലെ യാഗശാല ഇനി ഏഴ് രാപ്പകലുകൾ മന്ത്രമുഖരിതം.
ഇന്നലെ രാവിലെ 10.30 ന് യാഗമണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ നിലവിളക്കിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യവർമ്മ ദീപം പകർന്നതോടെ ഭരതീയ യാജ്ഞിക ചരിത്രത്തിലെ ആദ്യ മഹായാഗത്തിന് ഭക്തിനിർഭരമായ തുടക്കം. ഇനി ചെമ്പകമംഗലം കാലം കാത്തുതുവയ്ക്കുന്ന മഹായാഗ ദിനങ്ങൾക്ക് സാക്ഷ്യം വഹിക്കും. സൂര്യവംശി അഖാഡ കേരള ചീഫ് ശ്രീ ശ്രീ ആചാര്യ രാജേന്ദ്രാനന്ദ സൂര്യവംശി, യാഗ ബ്രഹ്മൻ ആനന്ദ് നായർ, പുഷ്പാഞ്ജലി സ്വാമികൾ, ചേങ്കോട്ടുകോണം ആശ്രമ പുരോഹിതൻ ബ്രഹ്മപാദാനന്ദ സരസ്വതി, മൂകാംബിക ആശ്രമ മഠാധിപതി സുന്ദരേശാനന്ദ, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദ തീർത്ഥ തുടങ്ങി വിവിധ മഠങ്ങളിലെ ആചാര്യശ്രേഷ്ഠന്മാർ ദീപം തെളിയിച്ചു.

മഹാരുദ്ര ഭൈരവീയാഗം 23 വരെ നീണ്ടുനിൽക്കും. ഇന്ന് വൈകിട്ട് 3ന് കൊല്ലൂർ മൂകാംബിക മുഖ്യതന്ത്രി ഡോ. രാമചന്ദ്ര അഡിഗ യാഗാചാര്യ സ്ഥാനത്തെത്തും. അന്തർദേശീയ സൂര്യവംശി അഖാഡ സുപ്രീം ചീഫ് 1008 മഹാമണ്ഡലേശ്വർ ആചാര്യ ശ്രീ ശ്രീ സ്വാമി ദേവേന്ദ്ര സൂര്യവംശി യൂറോപ്പിൽ നിന്ന് 20 ന് യാഗഭൂമിയിലെത്തും. കാശി വിശ്വനാഥക്ഷേത്രം മുഖ്യ പുരോഹിത് ആചാര്യ പ്രഭാത് ദ്വിവേദി, പഞ്ചാബിലെ മ – കാളീപീഠം മുഖ്യ പുരോഹിത് ആചാര്യ രാംലാൽ ശാസ്ത്രിജി, ജ്വാലാമുഖി ക്ഷേത്ര മുഖ്യ പുരോഹിത് ആചാര്യ അഭിഷേക് ശുക്ല , വാരണാസി കാലഭൈരവീ ക്ഷേത്ര മുഖ്യ പുരോഹിത് ആചാര്യ രോഹിത് പാണ്ഡെ, അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, സൂര്യഗായത്രി മഠം വേദാഗ്‌നി അരുൺ തുടങ്ങി വിവിധ ശക്തിപീഠങ്ങളിലെ ആചാര്യന്മാർ യാഗത്തിൽ പങ്കുചേരും.
18, 19 തീയതികളിൽ രാവിലെ 6.30-നും വൈകീട്ട് അഞ്ചിനും യാഗത്തിന്റെ ഭാഗമായ വിവിധ പൂജകളും ഹോമങ്ങളും നടക്കും. 20-ന് രാവിലെ 11-ന് നടക്കുന്ന മഹാശനീശ്വരഹവനത്തിന് ശനീശ്വര സന്ന്യാസിമാരിൽ മുഖ്യനായ സ്വാമി ദേവേന്ദ്ര സൂര്യവംശി നേതൃത്വം നൽകും. 21-നും 22-നും യാഗത്തിലെ ഹോമങ്ങൾ തുടരും. 23-ന് വൈകീട്ട് യാഗശാലയിൽ നടക്കുന്ന സർവമംഗളാരതിയോടെ യാഗം സമാപിക്കുമെന്ന് യാഗബ്രഹ്മൻ ആനന്ദ് നായർ അറിയിച്ചു.