കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ മാറ്റണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ്; പകരം എത്തുക ഡോ. എസ്.ജയശ്രീയെന്ന് സൂചന

കോഴിക്കോട്: ബാലഗോകുലത്തിന്റെ വേദിയിലെത്തി കണ്ണന്റെ വിഗ്രഹത്തിന് തുളസിമാല ചാർത്തിയ കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ സ്ഥാനത്ത് നിന്ന് മാറ്റാൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയായെന്ന് റിപ്പോർട്ട്.
അന്തിമ തീരുമാനമെടുക്കുന്നതിന് വേണ്ടി ഇക്കാര്യം സംസ്ഥാന കമ്മറ്റിയിലേക്ക് ശുപാർശ ചെയ്യാനും ജില്ലാ ഘടകം തീരുമാനിച്ചു. ബാലഗോകുലം വേദിയിൽ ബീന ഫിലിപ്പ് നടത്തിയ പ്രസ്താവനകളും പിന്നീട് അതിനെ ന്യായീകരിച്ച് നടത്തിയ വാക്കുകളും പാർട്ടി നിലപാടിന് ചേർന്നതല്ലെന്ന് യോഗം വിലയിരുത്തി. എളമരം കരീം എംപി പങ്കെടുത്ത യോഗത്തിലാണ് മേയറെ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആലോചന ഉണ്ടായത്.
നിലവിൽ കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർമാനായ ഡോ. എസ് ജയശ്രീയെ മേയറാക്കണമെന്നാണ് സെക്രട്ടറിയേറ്റ് നിർദേശം. കോട്ടൂളി വാർഡിൽ നിന്നുള്ള കൗൺസിലറാണ്. ബീന ഫിലിപ്പ് ബാലഗോകുലം പരിപാടിയിൽ പങ്കെടുത്തതിനെ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ കമ്മിറ്റി നേരത്തെ രംഗത്തെത്തിയിരുന്നു. മേയറുടെ നടപടി ശരിയായില്ല. സിപിഐഎം എക്കാലത്തും ഉയർത്തിപിടിച്ച പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണിത്. മേയറുടെ നിലപാട് സിപിഐഎമ്മിന് ഒരുവിധത്തിനും അംഗീകരിക്കാവുന്നതല്ല. അക്കാരണത്താൽ മേയറുടെ നിലപാടിലെ പരസ്യമായി തള്ളുന്നുവെന്നും ജില്ലാ സെക്രട്ടറി പി മോഹനൻ വ്യക്തമാക്കിയിരുന്നു.
ബാലഗോകുലം പരിപാടിയിൽ ബീന ഫിലിപ്പ് പങ്കെടുത്തതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റും അതൃപ്തി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ മേയർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു. ബാലഗോകുലം പരിപാടിക്ക് പോകുന്നതിന് പാർട്ടിയുടെ അനുവാദം ചോദിക്കണമെന്ന് തോന്നിയിട്ടില്ലെന്നാണ് സംഭവം വിവാദമായതിന് പിന്നാലെ ബീന ഫിലിപ്പ് പ്രതികരിച്ചത്. ബിജെപിക്കാർ നടത്തുന്ന പല പരിപാടികളിലും പോകാറുണ്ട്. അവിടെയൊന്നും വർഗീയതയുമായി ബന്ധപ്പെടുത്തി ഒന്നും പറയുന്നില്ലെന്നും ബീന വിശദീകരിച്ചിരുന്നു.