തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; വീണ്ടും ആരോപണവുമായി സ്വപ്ന സുരേഷ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്.
നിരോധിത സാറ്റലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ രക്ഷപെടുത്താൻ മുഖ്യമന്ത്രി കൂട്ടുനിന്നു എന്നാണ് ആരോപണം. 2017 ലായിരുന്നു സംഭവം. നെടുമ്ബാശ്ശേരിയിൽ വെച്ച് പിടിയിലായ വിദേശ പൗരനെ വെറുതെ വിടാൻ മുഖ്യമന്ത്രിയും കൂട്ടുനിന്നുവെന്നാണ് ആരോപണം.

രാജ്യത്ത് നിരോധിച്ചതും ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതുമായി സാറ്റലൈറ്റ് ഫോണാണ് വിദേശ പൗരനിൽ നിന്ന് പിടിച്ചെടുത്തത്. കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോണായിരുന്നു അത്. ഫോൺ കൈവശം വെച്ചതിന് സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തെങ്കിലും കോടതിയിൽ ഹാജരാക്കിയ ഇയാൾക്ക് ജാമ്യം ലഭിച്ചു. ഇതിനായി മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും ഇടപെട്ടു എന്നാണ് ആരോപണം.
യാതൊരു ഗ്യാരണ്ടിയുമില്ലാതെയാണ് ഫോണുമായി പിടിയിലായ യുവാവിനെ സർക്കാർ ഇടപെട്ടുകൊണ്ട് വിട്ടയച്ചത്. യുഎഇ കോൺസൽ ജനറൽ പറഞ്ഞതനുസരിച്ചായിരുന്നു നീക്കം. മകളുടെ ബിസിനസ് താൽപര്യം തടസപ്പെടാതിരിക്കാൻ വേണ്ടിയാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ ഇടപെട്ടതെന്നും സ്വപ്‌ന ആരോപിച്ചു.