എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം; സിപിഎം മേയർ ബാലഗോകുലം പരിപാടിയിൽ പങ്കെടുത്ത് പ്രസംഗിച്ചത് വിവാദമായി, തള്ളിപ്പറഞ്ഞ് സിപിഎം

കോഴിക്കോട് : ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ സിപിഎം മേയർ പങ്കെടുത്തത് വിവാദത്തിൽ. കോഴിക്കോട് നടന്ന ബാലഗോകുലം മാതൃസമ്മേളനത്തിലാണ് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് പങ്കെടുത്തത്. മാതൃസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള മേയറുടെ പ്രസംഗത്തിലെ പരാമർശവും വിവാദമായിട്ടുണ്ട്.
കേരളത്തിലെ ശിശു പരിപാലനം മോശമാണെന്നും ഉത്തരേന്ത്യക്കാരാണ് കുട്ടികളെ നന്നായി സ്നേഹിക്കുന്നവരെന്നും മേയർ പറഞ്ഞു. ‘പ്രസവിക്കുമ്പോൾ കുട്ടികൾ മരിക്കുന്നില്ലെന്നത് മാത്രമല്ല പ്രധാനം. ചെറുപ്പം മുതൽ അവരെ സ്നേഹിക്കണം. ബാല്യകാലത്ത് കുട്ടികൾക്ക് എന്തു കൊടുക്കുന്നു എന്നതാണ് പ്രധാനം’. മേയർ അഭിപ്രായപ്പെട്ടു.
ശ്രീകൃഷ്ണ വിഗ്രഹത്തിൽ തുളസി മാല ചാർത്തിയാണ് മേയർ പരിപാടി ഉദ്ഘാടനം ചെയ്തത്. ‘ശ്രീകൃഷ്ണ രൂപം മനസിലുണ്ടാകണം. പുരാണ കഥാപാത്രങ്ങളെ മനസിലേക്ക് ഉൾക്കൊള്ളണം. ബാലഗോകുലത്തിന്റെതായ മനസിലേക്ക് അമ്മമാർ എത്തണം. ഉണ്ണിക്കണ്ണനോട് ഭക്തി ഉണ്ടായാൽ ഒരിക്കലും കുട്ടികളോട് ദേഷ്യപ്പെടില്ല. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനായി കാണാൻ കഴിയണം. അപ്പോൾ കുട്ടികളിലും ഭക്തിയും സ്നേഹവും ഉണ്ടാകും’. മേയർ പറഞ്ഞു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് മുന്നോടിയായാണ് ബാലഗോകുലം മാതൃസംഗമങ്ങൾ സംഘടിപ്പിക്കുന്നത്.
സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസ്
മേയർ ബീനാഫിലിപ്പ് ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസ് ചോദിച്ചു.
സിപിഎം- ആർഎസ്എസ് ബാന്ധവം ശരി വെക്കുന്ന സംഭവമാണ് കോഴിക്കോട്ടുണ്ടായത്. സിപിഎം മേയർ മോദി-യോഗി ഭക്തയാണ്. ഉത്തരേന്ത്യയെ പുകഴ്ത്തിയുള്ള മേയറുടെ പ്രസംഗം സിപിഎം അംഗീകരിക്കുമോയെന്നും കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാർ ചോദിച്ചു.

താൻ പങ്കെടുത്തത് അമ്മമാരുടെ കൂട്ടായ്മയിൽ, കുട്ടികളെ ഉണ്ണിക്കണ്ണനെപ്പോലെ കരുതണമെന്നാണ് പറഞ്ഞത് :മേയർ ബീനാഫിലിപ്പ്
അതേസമയം വിവാദത്തിൽ വിശദീകരണവുമായി മേയർ ബീനാഫിലിപ്പ് രംഗത്തെത്തി. വിവാദം ദുഃഖകരമാണ്. അമ്മമാരുടെ കൂട്ടായ്മയിലാണ് പങ്കെടുത്തത്. ബാലഗോകുലം ആർഎസ്എസിന്റെ പോഷകസംഘടനയാണെന്ന് തോന്നിയിട്ടില്ല. കുട്ടികളെ ഉണ്ണിക്കണ്ണനെപ്പോലെ കരുതണമെന്നാണ് പറഞ്ഞത്. ശിശുപരിപാലനത്തെക്കുറിച്ചാണ് പറഞ്ഞത്. പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നും ബീനാ ഫിലിപ്പ് വിശദീകരിച്ചു.
ഒരു വിധത്തിലും അംഗീകരിക്കാനാവില്ല:മേയറെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം

കോഴിക്കോട് കോർപറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെ പരസ്യമായി തള്ളിപ്പറഞ്ഞ് സിപിഎം.
ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ മേയർ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.
മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാൻ പാർട്ടി തീരുമാനിച്ചതായി പി മോഹനൻ പ്രസ്താവനയിൽ പറയുന്നു.