ഇതൊക്കെ മതേതരം; ശ്രീകൃഷ്ണനും ബാലഗോകുലവും ഭയങ്കര വർഗ്ഗീയം: കെ സുരേന്ദ്രൻ

ഇതൊക്കെ മതേതരം; ശ്രീകൃഷ്ണനും ബാലഗോകുലവും ഭയങ്കര വർഗ്ഗീയം: കെ സുരേന്ദ്രൻ





കോഴിക്കോട്: ബാലഗോകുലം മാതൃസമ്മേളനത്തിൽ പങ്കെടുത്ത കോഴിക്കോട് മേയർ ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ സിപിഎം നടപടിയെ ഫേസ് ബുക്ക് പോസ്റ്റിലൂടെ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.
സിപിഎം നിലപാട് അവരുടെ ഇരട്ടനീതിയുടെ ഉദാഹരണമാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ‘ഇതൊക്കെ മതേതരം. ശ്രീകൃഷ്ണനും ബാലഗോകുലവും ഭയങ്കര വർഗ്ഗീയം. ഇരട്ടത്താപ്പേ നിന്റെ പേരോ സിപിഎം’ എന്ന തലക്കെട്ടോടെ മുസ്ലീം സംഘടനകളുടെ പരിപാടികളിലും, പിഡിപി നേതാവ് മഅ്ദനിക്കൊപ്പവും പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കൊപ്പവും നിൽക്കുന്ന സിപിഎം നേതാക്കളുടെ ചിത്രവും സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു.
മുസ്ലീം സംഘടനകളുടെ എല്ലാ പരിപാടിയിലും മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ പങ്കെടുക്കുന്നുണ്ട്. മേയർക്കെതിരെ സിപിഎം നടപടിക്ക് ഒരുങ്ങുന്നത് മുസ്ലീം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാനാണ്. ന്യൂനപക്ഷ വർഗീയതയെ സിപിഎം താലോലിക്കുന്നു. സിപിഎമ്മിന് വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
ബാലഗോകുലത്തിന്റെ സ്വത്വ 2022 മാതൃസമ്മേളനത്തിലായിരുന്നു കോഴിക്കോട് മേയർ ബീന ഫിലിപ്പ് പങ്കെടുത്തത്. വിവാദം ദുഃഖകരമാണ്. അമ്മമാരുടെ കൂട്ടായ്മയിലാണ് പങ്കെടുത്തത്. ബാലഗോകുലം ആർഎസ്എസിന്റെ പോഷകസംഘടനയാണെന്ന് തോന്നിയിട്ടില്ല. കുട്ടികളെ ഉണ്ണിക്കണ്ണനെപ്പോലെ കരുതണമെന്നാണ് പറഞ്ഞത്. ശിശുപരിപാലനത്തെക്കുറിച്ചാണ് പറഞ്ഞത്. പോകരുതെന്ന് പാർട്ടി കർശനമായി പറഞ്ഞിട്ടില്ലെന്നും വിവാദത്തിൽ ബീന ഫിലിപ്പ് പ്രതികരിച്ചിരുന്നു.

അതേസമയം, ബീന ഫിലിപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞ് കൊണ്ട് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തി. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സംഘടന സംഘടിപ്പിച്ച വേദിയിൽ മേയർ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല. മേയറുടെ സമീപനം സിപിഎം എല്ലാ കാലവും ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ്. ഇത് സിപിഎമ്മിന് ഒരു വിധത്തിലും അംഗീകരിക്കാവില്ല. അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയാൻ പാർട്ടി തീരുമാനിച്ചതായി പി മോഹനൻ പ്രസ്താവനയിൽ പറഞ്ഞു.